സഹാറൻപൂർ പള്ളി പൊളിച്ച സംഭവം; യോഗി ആദിത്യനാഥിനെ വിമർശിച്ചതിന് മാധ്യമപ്രവർത്തക ഹുദ സരിവാല അറസ്റ്റിൽ

ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലാ കലക്ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ച സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ചതിന്റെ പേരിൽ മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഹുദ സരിവാല അറസ്റ്റിൽ. മുഖ്യമന്ത്രിക്കെതിരെ വീഡിയോ ചെയ്യുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തതിന്റെ പേരിലാണ് ഇവരെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ക്രമസമാധാനം തകർക്കാൻ ശ്രമിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ്ഭാഷ്യം.
സഹാറൻപൂരിലെ പള്ളി പൊളിക്കലിനെതിരായ പ്രതിഷേധം നടക്കുന്നിടത്തേക്ക് ഹുദ സരിവാലയും എത്തിച്ചേർന്നിരുന്നെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സർക്യൂട്ട് ഹൗസിലെത്തിയ ഇവരെ കലക്ടറേറ്റ് പരിസരത്തേക്ക് പ്രവേശിക്കാതിരിക്കാൻ പൊലീസ് വിലക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വാക്കുതർക്കങ്ങൾക്കിടെ ഒരു വനിതാ പൊലീസ് സരിവാലയെ തള്ളുകയും ചെയ്യുകയുണ്ടായി. പിന്നാലെയാണ് പള്ളി പൊളിക്കലുമായി ബന്ധപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഭരണകൂടത്തിനെയും വിമർശിച്ചുകൊണ്ട് ഇവർ വീഡിയോ ചെയ്തത്. വീഡിയോ അതിവേഗത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയുമുണ്ടായി.
പള്ളി പൊളിക്കൽ നടപടി അങ്ങേയറ്റം തെറ്റായ നടപടിയാണെന്നും മുസ്ലിം സമുദായം ഇതിനെതിരെ ശക്തമായി നിലകൊള്ളുമെന്നും വീഡിയോയിൽ അവർ പറയുന്നുണ്ട്. പിന്നാലെയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതും അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടക്കുന്നതും.
പള്ളി പൊളിക്കലുമായി ബന്ധപ്പെട്ട് പ്രകോപനപരമായി സംസാരിച്ചെന്നും പ്രസ്താവനകളിറക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് സഹാറൻപൂരിലെ സദർ ബസാർ പൊലീസ് ഇവർക്കെതിരെ കേസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഭിഭാഷകനായ ദുഷ്യന്തൻ സിങ്ങിന്റെ പരാതിയിലാണ് കേസ്. ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിക്കെതിരെ അപമര്യാദയായ പ്രസ്താവനകൾ നടത്തിയെന്നാണ് പരാതി.
മുൻപ് പങ്കുവെച്ച വീഡിയോകളിൽ മുൻ ബിബിസി മാധ്യമപ്രവർത്തകയെന്നാണ് സരിവാല സ്വയം പരിചയപ്പെടുത്തിയിരുന്നത്. എങ്കിലും, നിലവിൽ അവർ ഏത് സ്ഥാപനവുമായി ചേർന്നാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമല്ല. നേരത്തെ,ഡൽഹിയിലെ മുസ്ലിം വനിതാ മാധ്യമപ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ച വിഷയത്തിലും ഹുദ സരിവാല രൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.
