എന്നും എന്റെ ഏറ്റവും വലിയ സമ്പാദ്യം; ആത്മബന്ധത്തിന്റെ മുത്തശ്ശിക്കഥ പങ്കുവെച്ച് കലക്ടർ അർജുൻ പാണ്ഡ്യൻ

കോഴിക്കോട്: കാസർകോട് ജില്ല കലക്ടർ പദവിയിൽ മാസങ്ങൾ പിന്നിട്ടെങ്കിലും തൃശൂർ തനിക്ക് സമ്മാനിച്ച സ്നേഹം മറക്കാനാകാത്തതെന്ന് അർജുൻ പാണ്ഡ്യൻ. തൃശൂർ കലക്ടറായിരുന്ന കാലത്ത്, എല്ലാ മാസവും തന്നെ കാണാൻ ചോക്ലേറ്റുമായി കലക്ടറേറ്റിലെത്തിയിരുന്ന ഒരു മുത്തശ്ശിയെ കുറിച്ചുള്ള അനുഭവം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഈ ഐ.എ.എസ് ഓഫിസർ.

അടുത്തിടെ പുലികളിയുടെ ആഘോഷങ്ങൾക്കിടെ തൃശൂരിൽ അർജുൻ പാണ്ഡ്യൻ എത്തിയ വിവരം ആ മുത്തശ്ശി അറിഞ്ഞു. വാർധക്യത്തിന്റെ അവശതകളോ കത്തുന്ന വെയിലോ വകവെക്കാതെ അവർ കലക്ടറെ അന്വേഷിച്ച് നഗരത്തിലുടനീളം നടക്കുകയും ഒടുവിൽ ഗസ്റ്റ് ഹൗസ് വരെയെത്തുകയും ചെയ്തു. എന്നാൽ, കലക്ടറെ കാണാൻ കഴിഞ്ഞില്ല.

വൈകുന്നേരത്തോടെ വിവരമറിഞ്ഞ അർജുൻ പാണ്ഡ്യൻ തൃശൂർ മുതുവറയിലുള്ള ആ മുത്തശ്ശിയുടെ കൊച്ചുവീട്ടിലെത്തി. കഷ്ടപ്പാടുകൾ നിറഞ്ഞ ആ ചുറ്റുപാടിലേക്ക് കാലെടുത്തുവെച്ചപ്പോഴാണ്, സ്വന്തം പരിമിതികൾക്കിടയിൽ നിന്നുമാണ് ആ അമ്മ എല്ലാ മാസവും തനിക്കായി ചോക്ലേറ്റ് കരുതിവെച്ചിരുന്നതെന്ന യാഥാർഥ്യം മനസ്സിലായത്. ആ കൊച്ചുവീടിന്റെ ചുവരിലേക്ക് നോക്കിയപ്പോൾ, തങ്ങളൊന്നിച്ചെടുത്ത ഫോട്ടോ മനോഹരമായി ഫ്രെയിം ചെയ്തു തൂക്കിയിട്ടിരിക്കുന്നത് കണ്ട് കണ്ണ് നിറഞ്ഞുപോയെന്ന് കലക്ടർ കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ജില്ല കലക്ടർ എന്ന നിലയിലെ ഔദ്യോഗിക ജീവിതം സമ്മാനിച്ചത് ഒരുപാട് നല്ല മനുഷ്യരെയും മറക്കാനാവാത്ത അനുഭവങ്ങളെയുമാണ്. അതിൽ തൃശൂർ എനിക്ക് സമ്മാനിച്ച ഏറ്റവും സ്നേഹനിർഭരമായ ബന്ധങ്ങളിലൊന്നാണ് ഈ അമ്മയുടേത്.

തൃശൂരിൽ 2024 ജൂലൈ മുതൽ പതിനെട്ട് മാസം കലക്ടറായി സേവനമനുഷ്ഠിച്ചിരുന്ന കാലത്ത്, ജനങ്ങളെ നേരിട്ട് കേൾക്കുന്നതിനായി കൃത്യമായ ഒരു സമയക്രമമുണ്ടായിരുന്നു. എല്ലാ ദിവസവും ഉച്ചയാകുമ്പോഴേക്കും മുപ്പത് മുതൽ അമ്പത് പേർ വരെ ജനങ്ങൾ നേരിൽ കാണാൻ വരാറുണ്ടായിരുന്നു. ഓരോരുത്തരുടെയും കൈയിൽ പ്രയാസങ്ങളുടെയും ജീവിതപ്രശ്നങ്ങളുടെയും വലിയ കഥകളുണ്ടാകും.

ആ തിരക്കുകൾക്കിടയിലാണ് ഒരിക്കൽ ആ അമ്മൂമ്മ എന്റെ മുറിയിലേക്ക് കയറിവന്നത്.

“എന്താണ് പരാതി?” എന്ന് ഞാൻ ചോദിച്ചപ്പോൾ ആ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

“പരാതിയൊന്നുമില്ല…”

സമീപത്തുള്ള ട്രഷറിയിൽ പെൻഷൻ വാങ്ങാൻ വന്നതായിരുന്നു അവർ. കലക്ടറെക്കുറിച്ച് കേട്ടിട്ട് ഒന്ന് കാണണമെന്ന് തോന്നി അകത്തേക്ക് കയറിവന്നതാണ്. ചെറുപ്പത്തിൽ നഷ്ടപ്പെട്ടുപോയ തന്റെ മകനെയാണ് എന്നെ കാണുമ്പോൾ ഓർമ്മ വരുന്നതെന്ന് പറഞ്ഞ്, അവർ വാത്സല്യത്തോടെ എന്നെ നോക്കി.

പോകുന്നതിന് മുമ്പ് ഞങ്ങൾ ഒരുമിച്ച് ഒരു ഫോട്ടോയും എടുത്തു.

അതൊരു സാധാരണ കൂടിക്കാഴ്ച മാത്രമായിരിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ, അടുത്ത മാസവും അമ്മൂമ്മ വന്നു. ജീവിതത്തിന്റെ കഷ്ടപ്പാടുകൾക്കിടയിലും ഞങ്ങൾ ഒരുമിച്ചെടുത്ത ആ ഫോട്ടോ പ്രിന്റ് ചെയ്ത് അവർ പേഴ്സിൽ സൂക്ഷിച്ചിരുന്നു. ഒപ്പം, ഒരു മുത്തശ്ശി തന്റെ കുട്ടിക്ക് സ്നേഹത്തോടെ നൽകുന്നതുപോലെ കരുതിവെച്ച ഒരു ചെറിയ ചോക്ലേറ്റും.

അതിനുശേഷം അതൊരു പതിവായി. എല്ലാ മാസവും ട്രഷറിയിൽ വരുമ്പോഴൊക്കെ അവർ നേരെ കലക്ടറേറ്റിലെത്തും. ഔദ്യോഗികമായി ചോദിക്കാനോ പരാതി പറയാനോ ഒന്നുമില്ല. വരും, ഒരു നിഷ്കളങ്കമായ പുഞ്ചിരി സമ്മാനിക്കും, ആ ചോക്ലേറ്റ് തരും, എന്നിട്ട് മടങ്ങിപ്പോകും.

ഇതുപോലെ ഒരുപാട് പേർ സ്നേഹത്തോടെ ചേംബറിലേക്ക് വരാറുണ്ടായിരുന്നു -ചെറിയ കുട്ടികൾ മുതൽ പ്രായമായ അമ്മമാർ വരെ. അവർക്കെല്ലാം കഴിയുന്നത്ര സമയം കണ്ടെത്താനും നേരിട്ട് കാണാനും എപ്പോഴും ശ്രമിച്ചിരുന്നു.

പിന്നീട് ഒരിക്കൽ അവർ തന്റെ പേരക്കുട്ടികളെയും കൂട്ടി എന്നെ കാണാൻ വന്നു. “ജില്ല കലക്ടറെ കാണാറുണ്ട്” എന്ന മുത്തശ്ശിയുടെ വാക്കുകൾ വെറുതെ പറയുന്നതാണെന്ന് കരുതി കളിയാക്കിയിരുന്ന ആ കുഞ്ഞുങ്ങൾക്ക് മുന്നിൽ ആ ബന്ധം സത്യമാണെന്ന് തെളിയിക്കാനായിരുന്നു ആ വരവ്.

ഞാൻ 2026 മാർച്ചിൽ സ്ഥലം മാറുന്നതുവരെ ഇതെല്ലാം തുടർന്നു.

ആ വർഷത്തെ ഓണത്തിന് അമ്മൂമ്മ എനിക്കായി ഒരു ഓണസമ്മാനവുമായി വന്നു. പിന്നീട് ഓണത്തിന് ഞാൻ അവർക്കൊരു ഓണക്കോടി അപ്രതീക്ഷിതമായി അയച്ചുകൊടുത്തു. അടുത്തതവണ കാണാൻ വന്നപ്പോൾ അതിന്റെ സന്തോഷം അവർ വളരെ സ്നേഹത്തോടെ പങ്കുവെച്ചു.

കഴിഞ്ഞ മാസം, പുലികളി മത്സരങ്ങളുടെ ആവേശവും ആരവവും നിറഞ്ഞ ദിവസങ്ങളിൽ തൃശൂരിലേക്ക് ഞാൻ ഒരു സന്ദർശകനായി വീണ്ടും എത്തിയപ്പോൾ, ഞാൻ അവിടെയുണ്ടെന്ന വിവരം ആ അമ്മ അറിഞ്ഞു.

പ്രായത്തിന്റെ അവശതകളോ വെയിലോ വകവെക്കാതെ, തടയാനാവാത്ത സ്നേഹത്തോടെ അവർ എന്നെ അന്വേഷിച്ച് നഗരത്തിലുടനീളം നടന്നു. ഗസ്റ്റ് ഹൗസ് വരെ എത്തിയെങ്കിലും ഞാൻ അവിടെ ഉണ്ടായിരുന്നില്ല. ഈ വിവരം അറിഞ്ഞത് വൈകുന്നേരമാണ്.

അന്ന് വൈകുന്നേരം ഞാൻ നേരിട്ട് തൃശൂർ മുതുവറയിലുള്ള ആ അമ്മയുടെ വീട്ടിലേക്ക് ചെന്നു.

ആ ലളിതമായ ചെറിയ വീട്ടിലേക്ക് കാലെടുത്തുവെച്ചപ്പോഴാണ് അവരുടെ ജീവിതയാഥാർത്ഥ്യങ്ങൾ ഞാൻ അടുത്തറിഞ്ഞത്. കഷ്ടപ്പാടുകൾ നിറഞ്ഞ ആ ചെറിയ ചുറ്റുപാടിലും, തന്റെ പരിമിതമായ സാഹചര്യത്തിൽ നിന്ന് എല്ലാ മാസവും എനിക്കായി ഒരു ചോക്ലേറ്റ് അവർ കരുതിവെച്ചിരുന്നു!

ആ വീടിന്റെ ചുവരുകളിലേക്ക് നോക്കിയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുപോയി.

ഞങ്ങൾ ഒരുമിച്ചെടുത്ത ആ ഫോട്ടോ അവിടെ മനോഹരമായി ഫ്രെയിം ചെയ്ത് തൂക്കിയിട്ടിരിക്കുന്നു.

ജീവിതം നൽകുന്ന പദവികളും കസേരകളും താൽക്കാലികമാണ്. എന്നാൽ, തൃശൂർ എനിക്ക് സമ്മാനിച്ച ഇത്തരം അപൂർവ മനുഷ്യരും, നല്ല അനുഭവങ്ങളും, ഒരുപാട് സ്നേഹവും -എന്നും എന്റെ ഏറ്റവും വലിയ സമ്പാദ്യമായി ഹൃദയത്തിൽ ബാക്കിയാകും.