‘ഓപറേഷന്‍ സൈഹണ്ട്’: 329 കേസുകള്‍, 25 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ ‘ഓപറേഷന്‍ സൈഹണ്ട് 4.0’ സ്പെഷല്‍ ഡ്രൈവില്‍ 25 പേരെ അറസ്റ്റ് ചെയ്യുകയും 329 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
919 റെയ്ഡുകള്‍ നടത്തുകയും 265 പേര്‍ക്ക് നോട്ടീസ് നല്‍കുകയും 165 ഓളം ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ബാങ്കിങ് സംവിധാനങ്ങളും ദുരുപയോഗം ചെയ്ത് രാജ്യത്തുടനീളം നടക്കുന്ന സൈബര്‍ തട്ടിപ്പുകള്‍ക്ക് പിന്തുണ നല്‍കുന്ന ശൃംഖലകളെ കണ്ടെത്തുകയും തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്പെഷല്‍ ഡ്രൈവ് നടത്തിയത്.
സൈബര്‍ ഓപറേഷന്‍സ് വിങ്ങിന്‍റെ കേന്ദ്രീകൃത മേല്‍നോട്ടത്തിലാണ് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധികളിലും ഒരേസമയം പരിശോധനകളും റെയ്ഡുകളും തുടര്‍നടപടികളും നടപ്പാക്കിയത്. ഒറ്റപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിലുപരി, കുറ്റകൃത്യങ്ങളുടെ ശ്യംഖലകള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ എന്‍ഫോഴ്സ്മെന്‍റ് നടപടിക്രമം.
സൈബര്‍കുറ്റകൃത്യങ്ങളെ സഹായിക്കുന്ന, തട്ടിപ്പ് പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന, തട്ടിപ്പിന് സാങ്കേതിക സഹായം നല്‍കുന്ന, തട്ടിപ്പ് പണം മാറ്റിയെടുക്കുന്നതിന് ബാങ്ക് അക്കൗണ്ടുകള്‍ നല്‍കുന്നവര്‍ തുടങ്ങിയവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കൂടാതെ അന്തര്‍സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടിപ്പുസംഘങ്ങളെ കണ്ടെത്തുകയും അവരുടെ പ്രവര്‍ത്തനം തടയുക, മ്യൂള്‍ ബാങ്ക് അക്കൗണ്ടുകള്‍, തേര്‍ഡ് പാര്‍ട്ടി പേയ്മെന്‍റ് സംവിധാനങ്ങള്‍, ഹവാല ബന്ധമുള്ള പണമിടപാടുകള്‍ എന്നിവക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക, തട്ടിപ്പിലൂടെ ലഭിക്കുന്ന പണം എ.ടി.എം/ചെക്ക് മുതലായ മാര്‍ഗങ്ങളിലുടെ പിന്‍വലിക്കുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുക, ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ വഴി ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ച് പുതിയ തട്ടിപ്പ് രീതികള്‍ വിശകലനം ചെയ്യുകയും അതിനെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുക എന്ന ലക്ഷ്യവും ഈ പരിശോധനയിലുണ്ട്.
സംശയകരമായ വസ്തുത ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ 1930 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടുകയോ https://cybercrime.gov.in എന്ന വെബ്സൈറ്റ് വഴി പരാതി നല്‍കുകയോ ചെയ്യണമെന്ന് പൊലീസ് വ്യക്തമാക്കി.
