ഒന്നര വയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: മലയിൻകീഴ് വിളവൂർക്കലിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തി. വിളവൂർക്കലിൽ അഭിജിത്ത് – ക്രിസ്റ്റി ദമ്പതികളുടെ മകൾ അന്നയാണ് കൊല്ലപ്പെട്ടത്.
ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ വീട്ടിൽനിന്ന് നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു കുഞ്ഞ്. ഉടൻ തന്നെ ആംബുലൻസ് വിളിച്ച് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്. മാതാവ് ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
