‘വാർത്ത തടസ്സപ്പെടുത്തിയില്ല, റെയ്ഡ് വാർത്ത അറിഞ്ഞത് ആ ചാനലിലൂടെ’; റിപ്പോർട്ടർ ടിവി റെയ്ഡിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: റിപ്പോർട്ടർ ടിവിയിൽ നിയമപരമായാണ് പൊലീസ് റെയ്ഡ് നടത്തിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അവിടുത്തെ വാർത്ത സംപ്രേഷണം തടസ്സപ്പെടുത്തിയതായി അറിയില്ല. ഈ വാർത്ത താൻ അറിയുന്നത് ആ ടിവി ചാനലിൽ നിന്നു തന്നെയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
രാവിലെ അവർ ലൈവ് ആയിട്ട് ടെലികാസ്റ്റ് ചെയ്തപ്പോഴാണ് വാർത്ത അറിയുന്നത്. മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ വിവാദത്തിൽ കായിക വകുപ്പ് സർക്കാറിന് പരാതി നൽകിയിരുന്നു. അത് പരിശോധിച്ച് ആഭ്യന്തര വകുപ്പ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചു. ആ എസ്.ഐ.ടി ടീം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്.ഐ.ടി ടീം അവരുടെ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. അത് നിയമപരമായ റെയ്ഡാണ് എന്നാണ് തനിക്ക് കിട്ടിയിട്ടുള്ള വിവരമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.
മാധ്യമപ്രവർത്തകരുടെ ഫോൺ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്, അതെല്ലാം പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ചെയ്യുന്നതാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ജി.എസ്.ടി വകുപ്പ് നടത്തിയ എസ്.ഐ.ടി അന്വേഷണത്തിൽ ജി.എസ്.ടി തട്ടിപ്പ് നടന്നതായി കണ്ടെത്തി. കായിക വകുപ്പിന്റെ റിപ്പോർട്ട് പരിശോധിച്ചപ്പോഴും ഗുരുതരമായ ആരോപണങ്ങൾ വന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് ഒരു എസ്.ഐ.ടി ടീമിനെ രൂപവത്കരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
2017ൽ മംഗളം ടിവി റെയ്ഡ് ചെയ്തില്ലേ. അതിന്റെ സി.ഇ.ഒ ഉൾപ്പെടെയുള്ള അഞ്ച് മുതിർന്ന മാധ്യമ പ്രവർത്തകരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2023 മാർച്ചിൽ ഏഷ്യാനെറ്റ് ന്യൂസ് റെയ്ഡ് ചെയ്തു. എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരെയും റീജനൽ എഡിറ്റർ ഷാജഹാനെതിരെയും നിരവധി വകുപ്പുകൾ ചുമത്തി. മറുനാടൻ മലയാളിയുടെ ഓഫിസിൽ പൊലീസ് പരിശോധന നടത്തി ജീവനക്കാരുടെ ലാപ്ടോപ്പും കമ്പ്യൂട്ടറും പിടിച്ചെടുത്തു. പിന്നീട് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി സഞ്ചരിച്ച ബസിന് നേരെ കെ.എസ്.യു പ്രവർത്തക ചെരുപ്പറിഞ്ഞെന്നും പറഞ്ഞ് 24 ന്യൂസിന്റെ കൊച്ചി ബ്യൂറോ റിപ്പോർട്ടറെ ആ കേസിൽപെടുത്തി. പിന്നെ എസ്.എഫ്.ഐ നേതാവിന്റ മാർക് ലിസ്റ്റ് വിവാദത്തിൽ തട്ടിപ്പ് പുറത്തു കൊണ്ടുവന്നതിന് അന്നത്തെ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി. പ്രതിപക്ഷ നേതാവ് ധാർമിക രോഷം പ്രകടിപ്പിച്ചതുകൊണ്ട് മാത്രമാണ് താൻ ഈ പഴയ സംഭവങ്ങൾ എല്ലാം പറയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മെസ്സിയെ കേരളത്തിലെത്തിക്കുന്നതിന്റെ പേരിൽ നടന്ന തട്ടിപ്പിൽ അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ കളമശ്ശേരിയിലെ ഓഫിസിലും ഇവരുടെ വയനാട്ടിലെ വീടുകളിലും എസ്.ഐ.ടി റെയ്ഡ് നടത്തുകയാണ്. പുലർച്ചെ നാലു മണി മുതലാണ് പരിശോധന അരംഭിച്ചത്.
