ഇ​ടു​ങ്ങി​യ മു​റി, പ​ങ്കി​ട്ട് താ​മ​സം, ക​ണ്ടെ​യ്ന​ർ വി​ല്ലേ​ജ്.. ഏഷ്യൻ ഗെ​യിം​സിന്‍റെ ​ചെ​ല​വ് ചു​രു​ക്കി ജ​പ്പാ​ൻ; തി​ങ്ങി​ഞ്ഞെ​രു​ങ്ങി താ​ര​ങ്ങ​ൾ

ന​ഗോ​യ: പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ക​ള​മു​ണ​രും മു​മ്പേ ഗെ​യിം​സ് വേ​ദി​യി​ൽ വി​വാ​ദ​ങ്ങ​ൾ അ​ര​ങ്ങേ​റി​ക്ക​ഴി​ഞ്ഞു. വ​ൻ​ക​ര​യു​ടെ സ​ക​ല​ദി​ക്കി​ൽ​നി​ന്നു​മാ​യി 10,800 കാ​യി​ക താ​ര​ങ്ങ​ളും, ഏ​ഴാ​യി​ര​ത്തോ​ളം ഒ​ഫി​ഷ്യ​ലു​ക​ളും ഉ​ൾ​പ്പെ​ടെ വ​ൻ പ​ങ്കാ​ളി​ത്ത​മു​ള്ള വ​ൻ​ക​ര​യു​ടെ ഉ​ത്സ​വ വേ​ദി​യി​ൽ ജ​പ്പാ​ന്റെ പു​തി​യ പ​രീ​ക്ഷ​ണ​മാ​ണ് ഇ​പ്പോ​ൾ വി​വാ​ദ​ത്തി​ന് വ​ഴി​മ​രു​ന്നി​ട്ട​ത്.

ഗെ​യിം​സ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി പ്ര​ത്യേ​ക ഗെ​യിം​സ് വി​ല്ലേ​ജി​ല്ലാ​തെ താ​ൽ​ക്കാ​ലി​ക താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി​യു​ള്ള സം​ഘാ​ട​ക​രു​ടെ പ​രീ​ക്ഷ​ണ​മാ​ണ് വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യ​ത്. ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ വേ​ള​യി​ൽ ആ​രാ​ധ​ക​രു​ടെ താ​മ​സ​ത്തി​നാ​യി ഒ​രു​ക്കി​യ ക്രൂ​സ് ക​പ്പ​ലും ക​ണ്ടെ​യ്ന​ർ കൂ​ടാ​ര​ങ്ങ​ളും എ​ന്ന ആ​ശ​യം അ​തേ​പ​ടി പ​ക​ർ​ത്തി​യാ​യി​രു​ന്നു ജ​പ്പാ​ൻ കാ​യി​ക വി​​ല്ലേ​ജ് സ​ജ്ജ​മാ​ക്കി​യ​ത്. എ​ന്നാ​ൽ, മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി താ​ര​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ പോ​രാ​യ്മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്നു. ഏ​റ്റ​വും മോ​ശം താ​മ​സ​മെ​ന്നാ​യി​രു​ന്നു ദ​ക്ഷി​ണ കൊ​റി​യ ബാ​സ്ക​റ്റ്ബാ​ൾ മേ​ധാ​വി ക്രൂ​സ് ക​പ്പ​ൽ താ​മ​സ​ത്തോ​ട് പ്ര​തി​ക​രി​ച്ച​ത്.

ഇ​റ്റാ​ലി​യ​ൻ ക്രൂ​സ് ക​പ്പ​ൽ കോ​സ്റ്റ​ൽ സ​റീ​ന​യി​ൽ 4000 അ​ത്‍ല​റ്റു​ക​ൾ​ക്കു​ള്ള താ​മ​സ​മാ​ണ് ഒ​രു​ക്കി​യ​ത്. ഒ​രേ​മു​റി​യി​ൽ കോ​ച്ചു​മാ​രും അ​ത്‍ല​റ്റു​ക​ളും ഒ​ഫി​ഷ്യ​ലു​ക​ളു​മെ​ല്ലാ​മാ​യി താ​മ​സി​ക്കേ​ണ്ടി​വ​രു​ന്ന​തും വി​മ​ർ​ശ​ന​മാ​യി. ന​ല്ല ഉ​യ​ര​മു​ള്ള ബാ​സ്ക​റ്റ്ബാ​ൾ താ​ര​ങ്ങ​ൾ​ക്ക് നേ​രാം​വ​ണ്ണം എ​ഴു​ന്നേ​റ്റ് നി​ൽ​ക്കാ​നു​ള്ള ഉ​യ​രം കാ​ബി​ൻ മു​റി​ക​ൾ​ക്കി​ല്ലെ​ന്ന് കൊ​റി​യ​ൻ ടീം ​പ​രാ​തി​പ്പെ​ടു​ന്നു.

ഗെ​യിം​സി​നെ​ത്തി​യ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക് മു​റി ല​ഭി​ക്കാ​ൻ താ​മ​സി​ച്ച​തും വി​വാ​ദ​മാ​യി. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ താ​ര​ങ്ങ​ൾ​ക്ക് മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷ​മാ​ണ് മു​റി​ക​ളി​ലെ​ത്താ​നാ​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. ഗെ​യിം​സ് വി​ല്ലേ​ജു​ക​ളി​ൽ മു​റി ല​ഭി​ക്കാ​ത്ത ചി​ല താ​ര​ങ്ങ​ളെ താ​ൽ​ക്കാ​ലി​ക​മാ​യി ഹോ​ട്ട​ൽ മു​റി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. ഇ​ടു​ങ്ങി​യ മു​റി​ക​ളും ചെ​റി​യ ക​ട്ടി​ലു​ക​ളും വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി. ക​പ്പ​ലി​ൽ മു​റി​ക​ൾ ല​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം ക്യൂ ​നി​ൽ​ക്കേ​ണ്ടി​വ​ന്ന​താ​യി ഇ​ന്ത്യ​ൻ ടീം ​പ​രാ​തി​പ്പെ​ട്ടി​രു​ന്നു.