പി.എസ്.സി പരീക്ഷാ ക്രമക്കേട്; ചോദ്യംചെയ്യൽ നിയമ പ്രശ്നങ്ങളിലേക്ക്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് അന്വേഷണത്തിന്റെ ഭാഗമായി പി.എസ്.സി അധികൃതരെ ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ച് നീക്കം നിയമപ്രശ്നങ്ങളിലേക്ക്. പി.എസ്.സിക്ക് പ്രത്യേക അധികാരമൊന്നുമില്ലെന്നും അതിനാൽ ആസ്ഥാനത്ത് പോയി ചോദ്യം ചെയ്യേണ്ടെന്നുമുള്ള നിയമോപദേശം ക്രൈംബ്രാഞ്ചിന് ലഭിച്ചതിന് പിന്നാലെ, ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ പി.എസ്.സി ഹൈകോടതിയെ സമീപിച്ചതാണ് വിഷയം രൂക്ഷമാക്കുന്നത്.
മുമ്പ് നിയമസഭാ സമിതി തെളിവെടുപ്പിന് ഹാജരാകാൻ നിർദേശിച്ചപ്പോൾ ഹൈകോടതിയെ സമീപിച്ച് പി.എസ്.സി അനുകൂല വിധി നേടിയിരുന്നു. ഇത്തരം അനുകൂല വിധി പ്രതീക്ഷിച്ചാണ് പി.എസ്.സി നീക്കം. എന്നാൽ, ക്രിമിനൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായുള്ളതാണ് ക്രൈംബ്രാഞ്ച് നടപടി. ഈ സാഹചര്യത്തിൽ ഹൈകോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകമാണ്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിലപാടിൽ ക്രൈംബ്രാഞ്ച് ഉറച്ചുനിൽക്കുകയാണ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് അല്ലെങ്കിൽ അന്വേഷണസംഘം നിശ്ചയിക്കുന്ന സ്ഥലത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യം. പ്രായക്കൂടുതലുള്ള അംഗങ്ങളുടെ മൊഴി വേണമെങ്കിൽ അവരുടെ ജില്ലകളിലെ ക്രൈംബ്രാഞ്ച് ഓഫിസുകളിൽ വെച്ച് രോപ്പെടുത്താമെന്ന നിർദേശവും അന്വേഷണസംഘം മുന്നോട്ട് വെക്കുന്നു. എന്നാൽ, ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയാൽ ഹാജരാകേണ്ടതില്ലെന്ന നിലപാടിലാണ് പി.എസ്.സി. അതിന്റെ അടിസ്ഥാനത്തിലാണ് അവർ കോടതിയെ സമീപിച്ചത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘത്തലവൻ ക്രൈംബ്രാഞ്ച് ഐ.ജി അജീതാ ബീഗം വീണ്ടും കത്ത് നൽകാനിരിക്കെയാണ് പി.എസ്.സി കോടതിയെ സമീപിച്ചത്.
