മന്ത്രി പി.കെ. ബഷീർ നിതിൻ ഗഡ്കരിയെ കണ്ടു; എം.സി റോഡ് പുനരുദ്ധാരണവും തിരുവാഭരണ പാത നവീകരണവും പി.എം ഗതിശക്തി സ്കീമിൽ

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ കാണാൻ മന്ത്രി പി.കെ. ബഷീർ ഡൽഹിയിൽ എത്തിയപ്പോൾ
ന്യൂഡൽഹി: കേരളത്തിൽ കൂടുതൽ റോഡ് വികസന പദ്ധതികൾ അനുവദിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ചർച്ച നടത്തി. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട പന്തളം മുതൽ പമ്പ വരെയുള്ള (തിരുവാഭരണ പാത) റോഡിന്റെ നവീകരണം, എം.സി റോഡിന്റെ പുനരുദ്ധാരണം എന്നിവ പി.എം ഗതിശക്തി സ്കീമിൽ ഉൾപ്പെടുത്താമെന്ന് നിതിൻ ഗഡ്കരി പറഞ്ഞതായി മന്ത്രി അറിയിച്ചു.
എൻ.എച്ച് 966 എലിവേറ്റഡ് ഹൈവേക്ക് (രാമനാട്ടുകര മുതൽ കോഴിക്കോട് വിമാനത്താവളം വരെ) അലൈൻമെന്റ് അംഗീകാര കമ്മിറ്റിയുടെ (എ.എ.സി.) അംഗീകാരം ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി മന്ത്രി പി.കെ. ബഷീറിനെ അറിയിച്ചു. ഇതിനു പുറമെ, കൊടുങ്ങല്ലൂർ-അങ്കമാലി ബൈപാസിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുമെന്നും കോതമംഗലം ബൈപാസിന്റെ അലൈൻമെന്റ് അംഗീകരിച്ചുവെന്നും ബഷീർ പറഞ്ഞു.
വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട 111.27 കോടി രൂപയുടെ അഞ്ച് പ്രവൃത്തികൾക്ക് അനുമതി നൽകും. ദേശീയപാത 66ന്റെ ഭാഗമായി, കായംകുളത്ത് മേൽപാലം നിർമിക്കുന്ന കാര്യത്തിലും കേന്ദ്രം അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് മന്ത്രി അറിയിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ജൂലൈയിൽ നടത്തിയ ആദ്യ ചർച്ചയിൽ കേരളത്തിന് 2,039 കോടി രൂപയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്ര അനുമതി ലഭിച്ചിരുന്നു.
അതിൽ കൊല്ലം-തേനി ദേശീയപാതയിലെ കടവൂർ-ആഞ്ഞിലിമൂട് നാലുവരിപ്പാത വികസനത്തിന് 1,663 കോടി, എൻ.എച്ച്. 966ലെ രാമനാട്ടുകര-ചന്ദ്രനഗർ ഭാഗത്തിന് 172 കോടി, എൻ.എച്ച് 744 പ്രവൃത്തികൾക്ക് 98.40 കോടി, പഴയ എൻ.എച്ച് 66-ലെ കഴക്കൂട്ടം-ബാലരാമപുരം ഭാഗത്തിന് 66 കോടി, വയനാട്ടിലെ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന് ഏകദേശം 49 കോടി രൂപ എന്നിവ ഉൾപ്പെടുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ കൂടിക്കാഴ്ച. പൊതുമരാമത്ത് സെക്രട്ടറി അദീല അബ്ദുല്ല, ദേശീയ പാത വിഭാഗം ചീഫ് എൻജിനീയർ ഐസക് വർഗീസ് എന്നിവരും കേന്ദ്ര മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു.
