ഫാമിലി ട്രിപ്പ് പ്ലാനിങ് മുതൽ ദൈനംദിന കാര്യങ്ങൾക്ക് വരെ ചാറ്റ്ജിപിടി; ഓപ്പൺഎഐയുമായി കൈകോർത്ത് സച്ചിൻ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ആർട്ടിഫിഷ്‍യൽ ഇന്‍റലിജൻസ് ലോകത്തെ പ്രമുഖരായ ഓപ്പൺഎഐയുമായി പങ്കാളിത്തത്തിലേർപ്പെടുകയാണ്. താരം തന്നെയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ വിവരം പങ്കുവെച്ചത്. കുടുംബത്തോടൊപ്പമുള്ള യാത്ര ഉൾപ്പെടെ ദൈനംദിന ജീവിതത്തിലെ ഓരോ കാര്യങ്ങളിലും ചാറ്റ്ജിപിടി തനിക്ക് എങ്ങനെയൊക്കെ സഹായകമാകുന്നുവെന്ന് താരം വെളിപ്പെടുത്തി.

എക്സിൽ പങ്കുവെച്ച കുറിപ്പിൽ ഓപ്പൺഎഐയുമായുള്ള ഈ പുതിയ ചുവടുവെപ്പിലെ ആവേശം അദ്ദേഹം പങ്കുവെച്ചു. എനിക്ക് എപ്പോഴും പുതിയ കാര്യങ്ങൾ അറിയാൻ ആകാംക്ഷയാണ്. ചാറ്റ്ജിപിടിയോടുള്ള ഒരു ചോദ്യം സാധാരണയായി മറ്റൊരു ചോദ്യത്തിലേക്ക് നയിക്കുമെന്നും സച്ചിൻ കുറിച്ചു. തന്റെ അവസാനത്തെ കുടുംബ യാത്ര പ്ലാൻ ചെയ്യാൻ ഉൾപ്പെടെ ദൈനംദിന കാര്യങ്ങൾക്ക് ചാറ്റ്ജിപിടിയുടെ സഹായം തേടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പങ്കാളിത്തത്തിലൂടെ ചാറ്റ്ജിപിടിയുടെ കൂടുതൽ സാധ്യതകൾ കണ്ടെത്താനും അത് മറ്റുള്ളവരുമായി പങ്കുവെക്കാനും പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും താരം പറഞ്ഞു. നിങ്ങൾക്ക് താൽപ്പര്യമുള്ള ഒരു ചോദ്യത്തിലോ ആശയത്തിലോ തുടങ്ങി ചാറ്റ്ജിപിടി ഉപയോഗിച്ച് നോക്കാനും അദ്ദേഹം നിർദേശിച്ചു.

കുറിപ്പിനൊപ്പം ചാറ്റ്ജിപിടിയുമായുള്ള രസകരമായ ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 10 ചോദ്യങ്ങളിലൂടെ താൻ ആരാണെന്ന് കണ്ടുപിടിക്കാൻ സച്ചിൻ എഐയോട് ആവശ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്. ഇന്ത്യയിൽ പ്രശസ്തനാണോ എന്ന് ചോദിച്ചുതുടങ്ങിയ ചാറ്റ്ജിപിടി ക്രിക്കറ്റിലേക്ക് ചോദ്യങ്ങൾ ചുരുക്കി ഒടുവിൽ സച്ചിനെ കൃത്യമായി തിരിച്ചറിഞ്ഞു.

തുടർന്ന്, സച്ചിൻ നമുക്ക് ഒരുമിച്ച് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നോക്കണോ? നമ്മൾ മികച്ച ഒരു ടീമായിരിക്കും എന്ന് ചാറ്റ്ജിപിടി പറഞ്ഞപ്പോൾ, പിന്നെന്തിനാ വൈകുന്നത്? നമുക്ക് ഇന്നിംഗ്സ് തുടങ്ങാം എന്നായിരുന്നു സച്ചിന്റെ മറുപടി. വീഡിയോ പുറത്തുവന്നതിന് പിന്നാലെ രസകരവും ഹൃദ്യവുമായ പ്രതികരണങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.