ഉള്ളിക്ക് വില കുതിച്ചേക്കും; നാസിക്കിൽ ഉൽപാദനം 49 ശതമാനം കുറയും! വിപണിയിൽ ആശങ്ക

നാസിക്: രാജ്യത്ത് ഉള്ളിവില വീണ്ടും ഉയരാൻ സാധ്യത. ഇന്ത്യയിലെ പ്രധാന ഉള്ളി ഉൽപാദന കേന്ദ്രങ്ങളിലൊന്നായ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ഈ സീസണിൽ ഉൽപാദനം ഏകദേശം 49 ശതമാനം കുറയുമെന്ന വിലയിരുത്തലാണ് വിപണിയിൽ ആശങ്ക ഉയർത്തുന്നത്. ഖാരിഫ്, വൈകിയ ഖാരിഫ് സീസണുകളിലെ മൊത്തം ഉള്ളി ഉൽപാദനം കഴിഞ്ഞ വർഷത്തെ 14.92 ലക്ഷം ടണ്ണിൽനിന്ന് 7.6 ലക്ഷം ടണ്ണായി കുറയുമെന്നാണ് സംസ്ഥാന കാർഷിക വകുപ്പിന്റെ കണക്കുകൂട്ടൽ. കൃഷിയിടങ്ങളുടെ വിസ്തൃതി കുറഞ്ഞതും മഴയുടെ കുറവുമാണ് ഉൽപാദനത്തെ സാരമായി ബാധിച്ചത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മൊത്തവ്യാപാര വിപണികളിലേക്ക് വലിയ തോതിൽ ഉള്ളി എത്തിക്കുന്നത് നാസിക്കിൽനിന്നാണ്. അതിനാൽ ജില്ലയിലെ ഉൽപാദനത്തകർച്ച വരുംമാസങ്ങളിൽ രാജ്യത്തെ ഉള്ളി വിതരണത്തെയും വിലയെയും ബാധിച്ചേക്കും. സംഭരിച്ചുവെച്ച വേനൽക്കാല ഉള്ളിയുടെ സ്റ്റോക്ക് കുറയുന്നതിനനുസരിച്ച് വിലക്കയറ്റത്തിന് സാധ്യത കൂടുതലാണെന്ന് വിലയിരുത്തപ്പെടുന്നു.

നാസിക്കിൽ ഖാരിഫ്, വൈകിയ ഖാരിഫ് സീസണുകളിലായി സാധാരണയായി 99,491 ഹെക്ടറിലാണ് ഉള്ളി കൃഷി ചെയ്യുന്നത്. എന്നാൽ, ഇത്തവണ കൃഷി ഏകദേശം 75,000 ഹെക്ടറായി കുറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാധാരണ കൃഷിവിസ്തൃതിയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 24.6 ശതമാനത്തിന്റെ കുറവാണിത്.

കൃഷിയിറക്കിയ സ്ഥലങ്ങളിൽപോലും വരൾച്ച വലിയ നാശനഷ്ടമുണ്ടാക്കി. ഏകദേശം 41,000 ഹെക്ടറിലെ ഉള്ളിക്കൃഷിയെ വരൾച്ച ബാധിച്ചതായാണ് കാർഷിക വകുപ്പിന്റെ കണക്ക്. ഇത്തവണ കൃഷിയിറക്കിയ മൊത്തം ഭൂമിയുടെ പകുതിയിലധികവും മഴക്കുറവിന്റെ പ്രത്യാഘാതം നേരിട്ടുവെന്നതാണ് ശ്രദ്ധേയം.

വൈകിയ ഖാരിഫ് സീസണിലെ കൃഷിവിസ്തൃതി കഴിഞ്ഞ വർഷത്തെ 68,000 ഹെക്ടറിൽനിന്ന് 54,000 ഹെക്ടറായി കുറഞ്ഞു. ഏകദേശം 20 ശതമാനത്തിന്റെ ഇടിവാണിത്. ഇതിൽ 25,000 ഹെക്ടറിലെ കൃഷിയെ വരൾച്ച ബാധിച്ചു. ഖാരിഫ് സീസണിലും സ്ഥിതി വ്യത്യസ്തമല്ല. സാധാരണയായി 32,491 ഹെക്ടറിൽ കൃഷി നടക്കാറുള്ള സ്ഥാനത്ത് ഇത്തവണ 21,243 ഹെക്ടറിൽ മാത്രമാണ് കൃഷിയിറക്കിയത്. ഏകദേശം 34 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

തിരിച്ചടിയായത് ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ മഴക്കുറവ്

ഉള്ളി കൃഷിക്ക് നിർണായകമായ മാസങ്ങളിൽ വേണ്ടത്ര മഴ ലഭിക്കാത്തതാണ് ഉൽപാദനം കുറയാൻ പ്രധാന കാരണം. ജൂലൈയിൽ നാസിക്കിൽ ആവശ്യത്തിന് മഴ ലഭിച്ചെങ്കിലും ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നീണ്ട വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. ഇതോടെ കൃഷിയിറക്കാൻ പദ്ധതിയിട്ടിരുന്ന പല കർഷകർക്കും വിത്തിറക്കാൻ കഴിഞ്ഞില്ല. നേരത്തേ കൃഷിയിറക്കിയ സ്ഥലങ്ങളിൽ ചെടികളുടെ വളർച്ചയെയും മഴക്കുറവ് ബാധിച്ചു. ഇത് വിളവിന്റെ അളവിൽ വലിയ കുറവുണ്ടാകാൻ കാരണമായി.

സാധാരണയായി ഖാരിഫ് ഉള്ളിയുടെ നടീൽ ജൂലൈ ആദ്യം ആരംഭിച്ച് സെപ്റ്റംബർ പകുതിയോടെ അവസാനിക്കും. ഒക്ടോബർ പകുതി മുതൽ ഡിസംബർ വരെയാണ് വിളവെടുപ്പ്. വൈകിയ ഖാരിഫ് സീസണിലെ നടീൽ സെപ്റ്റംബർ രണ്ടാം പകുതിയിൽ ആരംഭിച്ച് നവംബർ 15 വരെ നീളും. ജനുവരി ആദ്യം മുതൽ മാർച്ച് പകുതി വരെയാണ് ഈ വിളയുടെ പ്രധാന വിളവെടുപ്പ് കാലം. ഇത്തവണ രണ്ട് സീസണുകളിലെയും കൃഷിയെ മഴക്കുറവ് ബാധിച്ചതാണ് വിപണിയെ ആശങ്കയിലാക്കുന്നത്.