ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി, വോട്ടുവിഹിതം കുത്തനെ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്ഥാപന സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. 2025ലെ പൊതുതെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ബിജെപിക്ക് ഇത്തവണ 16,886 വോട്ടുകളുടെ ചോർച്ചയാണ് ഉണ്ടായത്
കഴിഞ്ഞവർഷം ഈ 38 വാർഡുകളിൽ ബി.ജെ.പി 39,836 വോട്ടുകൾ നേടിയിരുന്നു. എന്നാൽ, ഇത്തവണ പാർട്ടി വോട്ടുകൾ 22,950 ആയി കുറഞ്ഞു. തിരുവനന്തപുരത്തെ കല്ലറ, പാലക്കാട്ടെ പല്ലശന, കോട്ടയത്തെ തൃക്കൊടിത്താനം എന്നീ ജില്ലാ ഡിവിഷനുകളിലാണ് ഏറ്റവും വലിയ വോട്ടിടിവുണ്ടായത്.
തിരുവനന്തപുരം കല്ലറ ഡിവിഷനിൽ കഴിഞ്ഞ തവണ പതിനായിരത്തിന് മുകളിൽ വോട്ട് നേടിയിരുന്നു. ഇത്തവണ 4,158 വോട്ടിൽ ഒതുങ്ങി. പാലക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷനായ പല്ലശനയിൽ 6,294 വോട്ടിന്റെ കുറവാണ് ഉണ്ടായത്. കോട്ടയം തൃക്കൊടിത്താനത്ത് 2,735 വോട്ടിന്റെ കുറവും ഉണ്ടായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനെയും നിയമസഭ തെരഞ്ഞെടുപ്പിനെയും അടിസ്ഥാനമാക്കി താരതമ്യം ചെയ്യുമ്പോൾ വലിയ തിരിച്ചടിയാണ് നേരിട്ടതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫാണ് നേട്ടമുണ്ടാക്കിയത്. യു.ഡി.എഫിന്റെ ഏഴ് സിറ്റിങ് സീറ്റുകള്‍ എൽ.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ നാല് സീറ്റുകൾ യു.ഡി.എഫ് തിരിച്ചുപിടിച്ചു. യു.ഡി.എഫ് 18 വാര്‍ഡുകളിലും എല്‍.ഡി.എഫ് 16 വാര്‍ഡിലും സ്വതന്ത്രര്‍ നാലുവാര്‍ഡുകളിലും വിജയിച്ചു.
യു.ഡി.എഫില്‍ കോണ്‍ഗ്രസ് 12 സീറ്റിലും മുസ്ലിം ലീഗ് നാലിടത്തും കേരള കോണ്‍ഗ്രസ് രണ്ടിടത്തും വിജയിച്ചു. ഇടതുമുന്നണിയില്‍ സി.പി.എം 13 ഇടത്തും സി.പി.ഐ മൂന്നിടത്തും വിജയിച്ചു. മൂന്നുസീറ്റില്‍ സ്വതന്ത്രര്‍ വിജയിച്ചപ്പോള്‍ ഒരുസീറ്റില്‍ ട്വന്റി ട്വന്റിക്കാണ് ജയം. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പായിരുന്നു.
ഉപതെരഞ്ഞെടുപ്പ് നടന്ന 38 വാർഡുകളിൽ നേരത്തെ 22 ഇടത്ത് യു.ഡി.എഫ് ആയിരുന്നു വിജയിച്ചിരുന്നത്. എൽ.ഡി.എഫ് 15 ഇടത്തും ട്വന്റി ട്വന്റി ഒരിടത്തും നേരത്തെ വിജയിച്ചിരുന്നു. ഇപ്പോൾ അത് സ്വതന്ത്രർ ഉൾപ്പെടെ യു.ഡി.എഫിന് 19 സീറ്റായി കുറഞ്ഞു.
എൽ.ഡി.എഫ് ആകട്ടെ സ്വതന്ത്രന്മാർ അടക്കം 18 ആയി അംഗബലം ഉയർത്തി. യു.ഡി.എഫ് എം.എൽ.എമാരായി വിജയിച്ചതിനെ തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും രാജിവെച്ച രണ്ട് വാര്‍ഡുകളിലും ഇടത് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ചങ്ങനാശേരി എം.എല്‍.എ ആയി വിജയിച്ച വിനു വി. ജോബ് രാജിവെച്ച ജില്ല പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനും ചിറ്റൂര്‍ എം.എല്‍.എ ആയി വിജയിച്ച സുമേഷ് അച്യുതന് രാജിവെച്ച ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റിയിലെ പരുത്തിക്കാവ് വാര്‍ഡും ഇടതുമുന്നണി പിടിച്ചെടുത്തു.
മൂന്നു ജില്ല പഞ്ചായത്ത് സീറ്റുകളില്‍ രണ്ടിടത്ത് എൽ.ഡി.എഫും ഒരിടത്ത് യു.ഡി.എഫും വിജയിച്ചു. കോട്ടയം തൃക്കൊടിത്താനം ഡിവിഷനില്‍ എൽ.ഡി.എഫ് സ്ഥാനാര്‍ഥി മഞ്ജു സുജിത്തും പാലക്കാട് പല്ലശ്ശന ഡിവിഷനില്‍ ഇടതു മുന്നണിയിലെ വി. പൊന്നുക്കുട്ടനും വിജയിച്ചു. തിരുവനന്തപുരം കല്ലറ ഡിവിഷനില്‍ യു.ഡി.എഫിലെ അമിത് തിലകാണ് വിജയിച്ചത്. സുധീര്‍ഷാ പാലോട് എം.എല്‍.എ ആയി വിജയിച്ചതിനെ തുടര്‍ന്നാണ് കല്ലറ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളില്‍ അഞ്ചില്‍ എൽ.ഡി.എഫും ഒന്നില്‍ യു.ഡി.എഫും ഒന്നില്‍ സ്വതന്ത്രനും വിജയിച്ചു.
തിരുവനന്തപുരം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷന് ഇടതുമുന്നണി പിടിച്ചെടുത്തു. രമ്യ ഹരിദാസ് എം.എൽ.എയുമായി ഉണ്ടായ കൈയ്യാങ്കളി വിഷയം ഈ മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അത് ഉപതെരഞ്ഞെടുപ്പിൽ സ്വാധീനമുണ്ടാക്കി എന്ന വാദവും ശക്തമാണ്. ഉപതെരഞ്ഞെടുപ്പ് നടന്ന 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 13 ഇടത്ത് യു.ഡി.എഫും ഏഴില്‍ എൽ.ഡി.എഫും മൂന്നില്‍ സ്വതന്ത്രരും വിജയിച്ചു.
മൂന്ന് മുനിസിപ്പല്‍ വാര്‍ഡുകളില്‍ രണ്ടില്‍ എൽ.ഡി.എഫും ഒന്നില്‍ യു.ഡി.എഫും, രണ്ട് കോര്പറേഷന് വാര്‍ഡുകളില്‍ ഓരോന്ന് വീതം എൽ.ഡി.എഫും യു.ഡി.എഫും വിജയിച്ചു. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റിയിലെ പരുത്തിക്കാവ് വാര്‍ഡില്‍ യു.ഡി.എഫ് -എൽ.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് തുല്യവോട്ടു ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ നറുക്കെടുപ്പില്‍ എൽ.ഡി.എഫിലെ വി. തുളസീധരനെ വിജയിയായി പ്രഖ്യാപിച്ചു.
