സീറ്റുകളുടെ എണ്ണം നോക്കിയല്ല, കുറ്റം നോക്കിയാണ് നടപടി സ്വീകരിക്കുന്നത്; ഇ.എൻ സുരേഷ് ബാബു വിഷയത്തിൽ പ്രതികരണവുമായി വി. ശിവൻകുട്ടി

കോഴിക്കോട്: പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ പുറത്താക്കിയത് പാർട്ടി നടപടിയുടെ ഭാഗമായിത്തന്നെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി. ശിവൻകുട്ടി. സീറ്റിന്റെ എണ്ണം നോക്കിയല്ല പാർട്ടി നടപടിയെടുക്കുന്നത്. പാർട്ടി നടപടിയുണ്ടാകുന്നത് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കുറ്റത്തിന്റെ അടിസ്ഥാനത്തിലാണ്. അതിന്റെ മെറിറ്റും ഡീമെറിറ്റും നോക്കിയാണ് തീരുമാനമെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. സി.പി.എമ്മിലെ ജില്ലാ സെക്രട്ടറിയെ പോലുള്ളയാളെ ഒഴിവാക്കുമ്പോൾ അതിൽ എന്തെങ്കിലും നടപടിയുണ്ടാകുമെന്നും ശിവൻകുട്ടി പറഞ്ഞു. സാധാരണ പാർട്ടി നടപടി വരുമ്പോൾ പല ആരോപണങ്ങളും വരും. പാർട്ടി മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം തീരുമാനം എടുത്തതെന്നും വി. ശിവൻകുട്ടി പറഞ്ഞു.
എസ്.എഫ്.ഐ നേതാക്കളെ എസ്.ഐ ഗോഗുൽ ഭീഷണിപ്പെടുത്തിയത് അംഗീകരിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കേസെടുത്തും മർദ്ദിച്ചും രാത്രി വീട് റെയ്ഡ് ചെയ്തും കുട്ടികളുടെ മാതാപിതാക്കളെ അടക്കം ഭീഷണിപ്പെടുത്തിയും എസ്.എഫ്.ഐയെ അടിച്ചമർത്താൻ നോക്കിയാൽ അത് ഒരു കാരണവശാലും അനുവദിക്കില്ല. അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരുടെ ബലത്തിലാണ് പോലീസ് ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
വിദ്യാർഥി നേതാക്കളുടെ വീട്ടിൽ രാത്രി പോലീസ് കയറുന്നത് ശരിയല്ല. ആരുടെ ബലത്തിലാണ് ഇതൊക്കെ ചെയ്യുന്നത്. കള്ളക്കേസ് എടുത്തും മർദ്ദനം നടത്തിയും വിദ്യാർഥികളുടെ വീടുകൾ റെയ്ഡ് ചെയ്തും എസ്.എഫ്.ഐയെ അടിച്ചമർത്താൻ നോക്കിയാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
