‘ഉറപ്പായ രോഗശാന്തി’, ‘ഏറ്റവും മികച്ച ഡോക്ടർ’ എന്നൊന്നും ഉപയോഗിക്കരുത്; ആരോഗ്യ രംഗത്ത് പുതിയ നിർദേശങ്ങളുമായി എൻഎംസി

ന്യൂഡൽഹി: രാജ്യത്ത് ഡോക്ടർമാരുടെയും ആശുപത്രികളുടെയും സ്വയം പ്രചാരണങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കും കടിഞ്ഞാണിട്ട് നാഷണൽ മെഡിക്കൽ കമീഷൻ (എൻഎംസി). ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർമാരും (ആർഎംപി.) ആശുപത്രികളും നടത്തുന്ന വ്യാജ അവകാശവാദങ്ങൾക്കും സെലിബ്രിറ്റി, രോഗികൾ, ഇൻഫ്ലുവൻസർമാർ, തൊഴിലാളികൾ എന്നിവരെ ഉപയോഗിച്ച് നടത്തുന്ന പ്രചാരങ്ങൾക്കും എതിരെ കർശനമായ മാർഗ്ഗനിർദ്ദേശങ്ങളാണ് എൻഎംസി പുറത്തിറക്കിയിരിക്കുന്നത്.

വ്യാജവും അതിശയോക്തിപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ആരോഗ്യ അവകാശവാദങ്ങളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനും ആരോഗ്യമേഖലയുടെ വാണിജ്യവൽക്കരണം തടയുന്നതിനുമായാണ് ഈ പുതിയ ചട്ടങ്ങളെന്നും ഇവ ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നും എൻ.എം.സി അറിയിച്ചു.

നൂറുശതമാനം വിജയം (100% success), ഉറപ്പായ രോഗശാന്തി (guaranteed cure), ഏറ്റവും മികച്ച ഡോക്ടർ (best doctor), നമ്പർ വൺ സ്പെഷ്യലിസ്റ്റ് (No.1 Specialist), വേദനരഹിത ചികിത്സ (painless treatment), അത്ഭുത ചികിത്സ (miracle treatment) തുടങ്ങിയ അവകാശവാദങ്ങൾ വസ്തുതാപരമായി തെളിയിക്കാനാവാത്തപക്ഷം ഉപയോഗിക്കാൻ പാടില്ലായെന്ന് മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ, എഐ (നിർമിതബുദ്ധി) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രൊമോഷണൽ കാമ്പയിനുകൾ, സ്വാധീനമുള്ള വ്യക്തികളെ വെച്ചുള്ള പരസ്യങ്ങൾ, പണം നൽകി ചെയ്യിക്കുന്ന സ്പോൺസേർഡ് പോസ്റ്റുകൾ എന്നിവയും പൂർണ്ണമായും നിരോധിച്ചു.

പണം നൽകി റേറ്റിങ്ങുകൾ, വ്യാജ ഫോളോവേഴ്സ്, ലൈക്കുകൾ, അഭിപ്രായങ്ങൾ എന്നിവ ഉണ്ടാക്കുന്നതും സെർച്ച് എഞ്ചിൻ റാങ്കിങ്ങുകൾ കൃത്രിമമായി മാറ്റുന്നതും കുറ്റകരമാണ്. കൂടാതെ ചികിത്സക്ക് ശേഷമുള്ള ഫലങ്ങൾ (Before and After photos), ശസ്ത്രക്രിയാ ചിത്രങ്ങൾ, വ്യക്തിഗത വിജയഗാഥകൾ, രോഗികളുടെ സർട്ടിഫിക്കേഷനുകൾ എന്നിവ പരസ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ല. ഇതോടൊപ്പം, അനാവശ്യമായ പരിശോധനകളോ ചികിത്സകളോ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഡിസ്കൗണ്ടുകൾ, കൂപ്പണുകൾ, സമ്മാനങ്ങൾ, ക്യാഷ്ബാക്ക് ഓഫറുകൾ, സൗജന്യ നടപടിക്രമങ്ങൾ എന്നിവക്കും രോഗികളെ അയച്ചുകൊടുക്കുന്നതിന് ഡോക്ടർമാർ കമീഷനോ, സമ്മാനങ്ങളോ, റെഫറൽ ഫീസോ സ്വീകരിക്കുകയോ നൽകുന്നതും പൂർണമായി നിരോധിച്ചിട്ടുണ്ട്.

അതേസമയം, പൊതുജനങ്ങൾക്ക് ആരോഗ്യ അവബോധം നൽകുന്നതിനായുള്ള ക്ലാസുകൾ, ഗവൺമെന്റ് ആരോഗ്യ കാമ്പയിനുകൾ, അക്കാദമിക ചർച്ചകൾ എന്നിവയിൽ ഡോക്ടർമാർക്ക് പങ്കെടുക്കാം. എന്നാൽ ഇവ വ്യക്തിഗത പ്രാക്ടീസിനുള്ള പരസ്യങ്ങളാക്കാൻ പാടില്ല. പ്രാക്ടീസ് ആരംഭിക്കുന്നത്, വിലാസം മാറുന്നത്, താൽക്കാലിക അവധി തുടങ്ങിയ കാര്യങ്ങൾ ഔദ്യോഗികമായി അറിയിക്കുന്നതിന് തടസ്സമില്ല. ആശുപത്രിയുടെ ഇൻഫ്രാസ്ട്രക്ചർ, ലഭ്യമായ സൗകര്യങ്ങൾ തുടങ്ങിയ വസ്തുതാപരമായ വിവരങ്ങൾ ഔദ്യോഗിക ബോർഡുകളിലും മറ്റും നൽകുന്നത് എൻ.എം.സി അനുവദിച്ചിട്ടുണ്ട്.

ചട്ടങ്ങൾ ലംഘിക്കുന്ന ഡോക്ടർമാർക്കും സ്ഥാപനങ്ങൾക്കുമെതിരെ താക്കീത് നൽകുന്നത് മുതൽ നൈതിക പരിശീലനം നൽകുക, മെഡിക്കൽ രജിസ്ട്രേഷൻ താൽക്കാലികമായി റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യുക തുടങ്ങിയ കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാകുമെന്ന് എൻ.എം.സി മുന്നറിയിപ്പ് നൽകി. നിയമലംഘനത്തിനെതിരെ എൻ.എം.സിയുടെ എത്തിക്സ് ആൻഡ് മെഡിക്കൽ രജിസ്ട്രേഷൻ ബോർഡിന് 60 ദിവസത്തിനകം അപ്പീൽ നൽകാം.