പരേഡ് മൈതാനിയിൽനിന്ന് കാൽപന്ത് കളിക്ക് ഒരു അന്തർദേശീയതാരം കൂടി

 ശ്രീ​ല​ക്ഷ്മി​യും പ​രി​ശീ​ല​ക​ൻ റൂ​ഫ​സ് ഡി​സൂ​സ​യും

ഫോ​ർ​ട്ട്കൊ​ച്ചി: നി​ര​വ​ധി അ​ന്ത​ർ​ദേ​ശീ​യ ഫു​ട്ബാ​ൾ താ​ര​ങ്ങ​ളു​ടെ ക​രി​യ​റി​ന് ജ​ന്മം ന​ൽ​കി​യി​ട്ടു​ള്ള ഫോ​ർ​ട്ടു​കൊ​ച്ചി പ​രേ​ഡ് മൈ​താ​ന​ത്ത് നി​ന്നും ഒ​രു വ​നി​ത അ​ന്ത​ർ​ദേ​ശീ​യ​താ​രം കൂ​ടി. മെ​ക്സി​ക്കോ​യി​ൽ ന​ട​ക്കു​ന്ന 18 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ ഹോം​ല​സ് വേ​ൾ​ഡ് ക​പ്പി​ലേ​ക്കാ​ണ് കൊ​ച്ചി മു​ണ്ടം​വേ​ലി മം​ഗ​ല​ത്ത് വീ​ട്ടി​ൽ സു​ധീ​ഷ്-​ജ​യ​ന്തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ എം.​എ​സ്. ശ്രീ​ല​ക്ഷ്മി​യെ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ടീ​മി​ലെ ഏ​ക മ​ല​യാ​ളി താ​ര​മാ​ണ് ശ്രീ​ല​ക്ഷ്മി. മൂ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് ശ്രീ​ല​ക്ഷ്മി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ റൂ​ഫ​സ് ഡി​സൂ​സ​യു​ടെ കീ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ന് എ​ത്തു​ന്ന​ത്. സ​ഹോ​ദ​ര​ൻ സു​ജേ​ഷി​നെ റൂ​ഫ​സ് ഫു​ട്ബോ​ൾ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത് ക​ണ്ടാ​ണ് ശ്രീ​ല​ക്ഷ്മി​ക്കും ക​ളി​യോ​ട് മോ​ഹം തോ​ന്നി​യ​ത്.

പി​ന്നീ​ട് ഉ​പ​ജി​ല്ല സ്ക്കൂ​ൾ ഗെ​യിം​സ് മു​ത​ൽ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു​തു​ട​ങ്ങി. നി​ല​വി​ൽ എ​റ​ണാ​കു​ളം സെൻറ് തേ​രാ​സ​സ് കോ​ള​ജി​ൽ ബി​എ​സ്.​സി മാ​ത്ത്സ് മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്.

ബു​ധ​നാ​ഴ്ച്ച മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ൽ ആ​രം​ഭി​ക്കു​ന്ന ഇ​ന്ത്യ​ൻ ടീം ​കോ​ച്ചിം​ഗ് ക്യാ​മ്പി​ലേ​ക്ക് ശ്രീ​ല​ക്ഷ്മി പു​റ​പ്പെ​ടും.