പരേഡ് മൈതാനിയിൽനിന്ന് കാൽപന്ത് കളിക്ക് ഒരു അന്തർദേശീയതാരം കൂടി

ശ്രീലക്ഷ്മിയും പരിശീലകൻ റൂഫസ് ഡിസൂസയും
ഫോർട്ട്കൊച്ചി: നിരവധി അന്തർദേശീയ ഫുട്ബാൾ താരങ്ങളുടെ കരിയറിന് ജന്മം നൽകിയിട്ടുള്ള ഫോർട്ടുകൊച്ചി പരേഡ് മൈതാനത്ത് നിന്നും ഒരു വനിത അന്തർദേശീയതാരം കൂടി. മെക്സിക്കോയിൽ നടക്കുന്ന 18 വയസ്സിനു മുകളിലുള്ളവരുടെ ഹോംലസ് വേൾഡ് കപ്പിലേക്കാണ് കൊച്ചി മുണ്ടംവേലി മംഗലത്ത് വീട്ടിൽ സുധീഷ്-ജയന്തി ദമ്പതികളുടെ മകൾ എം.എസ്. ശ്രീലക്ഷ്മിയെ തെരഞ്ഞെടുത്തിരിക്കുന്നത്. ടീമിലെ ഏക മലയാളി താരമാണ് ശ്രീലക്ഷ്മി. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശ്രീലക്ഷ്മി പരേഡ് ഗ്രൗണ്ടിൽ റൂഫസ് ഡിസൂസയുടെ കീഴിൽ പരിശീലനത്തിന് എത്തുന്നത്. സഹോദരൻ സുജേഷിനെ റൂഫസ് ഫുട്ബോൾ പരിശീലിപ്പിക്കുന്നത് കണ്ടാണ് ശ്രീലക്ഷ്മിക്കും കളിയോട് മോഹം തോന്നിയത്.
പിന്നീട് ഉപജില്ല സ്ക്കൂൾ ഗെയിംസ് മുതൽ മത്സരങ്ങളിൽ പങ്കെടുത്തുതുടങ്ങി. നിലവിൽ എറണാകുളം സെൻറ് തേരാസസ് കോളജിൽ ബിഎസ്.സി മാത്ത്സ് മൂന്നാംവർഷ വിദ്യാർഥിയാണ്.
ബുധനാഴ്ച്ച മഹാരാഷ്ട്രയിലെ നാഗ്പുരിൽ ആരംഭിക്കുന്ന ഇന്ത്യൻ ടീം കോച്ചിംഗ് ക്യാമ്പിലേക്ക് ശ്രീലക്ഷ്മി പുറപ്പെടും.
