ലഡാക്ക് വിഷയത്തിൽ വീണ്ടും നയതന്ത്ര പോര്; ഇന്ത്യയുടെ തീരുമാനത്തെ തള്ളി ചൈന, കടുത്ത മറുപടിയുമായി ന്യൂഡൽഹി

ന്യൂഡൽഹി: ലഡാക്കിലെ 28 സ്ഥലങ്ങളുടെ പേരുകൾ ഔദ്യോഗികമായി ഏകീകരിക്കുകയും സർവേ ഓഫ് ഇന്ത്യ മാപ്പിൽ ഉൾപ്പെടുത്തുകയും ചെയ്ത ഇന്ത്യയുടെ തീരുമാനത്തിനെതിരെ ചൈന രംഗത്തെത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും നയതന്ത്ര പോര് മുറുകി. ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തെ അംഗീകരിക്കുന്നില്ലെന്ന നിലപാട് ചൈന ആവർത്തിച്ചപ്പോൾ, ചൈനീസ് നിഷേധങ്ങൾക്കൊന്നും ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ലെന്ന് ഇന്ത്യ ശക്തമായ ഭാഷയിൽ തിരിച്ചടിച്ചു.
ഒക്ടോബർ രണ്ടിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയംഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. അക്സൈ ചീൻ പ്രദേശങ്ങൾ ഉൾപ്പെടെ ലഡാക്കിലെ 28 സ്ഥലങ്ങളുടെ ഭൗമ സവിശേഷതകൾ ഔദ്യോഗിക മാപ്പിൽ കൃത്യമായി തിരിച്ചറിയാനും പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്താനുമാണ് ഈ നടപടിയെന്ന് സർക്കാർ വ്യക്തമാക്കി. ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തിന്റെയും പ്രാദേശിക ജനപ്രതിനിധികളുടെയും പങ്കാളിത്തത്തോടെയും കൂടിയാലോചനകളോടെയുമാണ് ഇത് നടപ്പിലാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജൈസ്വാൾ വ്യക്തമാക്കി.
എന്നാൽ, ഇന്ത്യയുടെ ഈ നീക്കം നിയമവിരുദ്ധമാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വാദം. ചൈന-ഇന്ത്യ അതിർത്തിയുടെ പടിഞ്ഞാറൻ മേഖല തങ്ങളുടേതാണെന്ന വസ്തുതയെ ഇത് മാറ്റില്ലെന്നും ചൈനീസ് വക്താവ് മാവോ നിങ് പറഞ്ഞു. ഇന്ത്യ ഏകപക്ഷീയമായി രൂപവത്കരിച്ച ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തെ ചൈന ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും പുതിയ പേരുകൾ നൽകിയതിനെ ശക്തമായി എതിർക്കുന്നുവെന്നും അവർ വ്യക്തമാക്കി.
അതേസമയം, ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ സ്വന്തം അവകാശവാദം ഉറപ്പിക്കാൻ കഴിഞ്ഞ 10 വർഷത്തിനിടെ കുറഞ്ഞത് അരഡസൻ തവണയെങ്കിലും ചൈന സ്ഥലങ്ങളുടെ പേരുകൾ മാറ്റിയിട്ടുണ്ടെന്ന വസ്തുതയും ഈ ഘട്ടത്തിൽ ശ്രദ്ധേയമാണ്.
കിഴക്കൻ ലഡാക്കിലെ സൈനിക സംഘർഷങ്ങൾക്ക് ശേഷം ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് പുതിയ കാർട്ടോഗ്രാഫിക് തർക്കം ഉടലെടുത്തിരിക്കുന്നത്. 2019ൽ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ലഡാക്ക് കേന്ദ്രഭരണ പ്രദേശം രൂപവത്കരിച്ചതിന് തൊട്ടടുത്ത ദിവസവും ചൈന സമാനമായ രീതിയിൽ രംഗത്തുവന്നിരുന്നു.
ആഭ്യന്തര നിയമങ്ങളിൽ മാറ്റം വരുത്തി ഇന്ത്യ ചൈനയുടെ പരമാധികാരം ഹനിക്കുകയാണെന്നായിരുന്നു അന്ന് ചൈന ആരോപിച്ചത്. ഇത്തരം നടപടികൾ സ്വീകാര്യമല്ലെന്ന് പറഞ്ഞ ചൈന, അതിർത്തി വിഷയത്തിൽ ഇന്ത്യ സംയമനം പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെ എട്ടുമാസങ്ങൾക്ക് ശേഷമാണ് കിഴക്കൻ ലഡാക്കിൽ സൈനിക സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
ഇന്ത്യ-ചൈന അതിർത്തിയുടെ പടിഞ്ഞാറൻ മേഖലയിലെ ചൈനീസ് പ്രദേശങ്ങളെ ഇന്ത്യ തങ്ങളുടെ ഭരണപരിധിയിൽ ഉൾപ്പെടുത്തുന്നതിനെ എക്കാലത്തും എതിർത്തുപോന്നിട്ടുള്ള രാജ്യമാണ് ചൈന. രാഷ്ട്രീയമായി അതീവ സെൻസിറ്റീവായ സിൻജിയാങ്, തിബറ്റ് സ്വയംഭരണ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതുകൊണ്ട് അക്സൈ ചീൻ ചൈനയെ സംബന്ധിച്ചിടത്തോളം തന്ത്രപരമായി അതിപ്രധാനമാണ്.
എന്നിരുന്നാലും, 2024ൽ കസാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിനുശേഷം അതിർത്തിയിലെ സാഹചര്യം താരതമ്യേന ശാന്തമായി തുടരുകയാണ്. അതിർത്തി പ്രശ്നത്തിൽ ഇന്ത്യയും ചൈനയും ഇതിനകം മൂന്ന് ഘട്ടങ്ങളിലായി പ്രത്യേക പ്രതിനിധി തല ചർച്ചകൾ നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ആഗസ്റ്റിൽ നടന്ന അവസാന വട്ട ചർച്ചയിൽ അതിർത്തി നിർണയവും മാനേജ്മെന്റും വേഗത്തിലാക്കാനുള്ള തീരുമാനങ്ങൾ ഉൾപ്പെടെ എട്ട് സുപ്രധാന ധാരണകളിൽ എത്തിച്ചേർന്നിരുന്നു.
