വടക്കുകിഴക്കൻ മൺസൂൺ സജീവമാകുന്നു; ഇടിമിന്നൽ ഭീഷണിയിൽ കേരളം

തിരുവനന്തപുരം: വടക്കുകിഴക്കൻ മൺസൂൺ ആരംഭിച്ചതോടെ കേരളത്തിൽ ഇടിമിന്നൽ ഭീഷണി വർധിക്കുന്നു. ഒക്ടോബർ 15 വരെ അഞ്ച് ജില്ലകളിലായി 21,900 ഇടിമിന്നൽ ഫ്ലാഷുകളാണ് രേഖപ്പെടുത്തിയത്. പശ്ചിമഘട്ടത്തോട് ചേർന്നുള്ള ജില്ലകളാണ് ഇടിമിന്നലിന് കൂടുതൽ സാധ്യതയുള്ള മേഖലകളെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) പഠനം വ്യക്തമാക്കുന്നത്.

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ഒക്ടോബർ 1 മുതൽ 15 വരെ എറണാകുളത്ത് 5,952 ഇടിമിന്നൽ ഫ്ലാഷുകൾ രേഖപ്പെടുത്തി. തിരുവനന്തപുരത്ത് 5,618, പത്തനംതിട്ടയിൽ 4,970, കണ്ണൂരിൽ 4,555 എന്നിങ്ങനെയാണ് കണക്ക്. വയനാട്ടിലാണ് ഏറ്റവും കുറവ് ഇടിമിന്നൽ രേഖപ്പെടുത്തിയത്- 812.

കഴിഞ്ഞ ഏതാനും ആഴ്ചകളിൽ സംസ്ഥാനത്ത് ഇടിമിന്നലിനെ തുടർന്നുണ്ടായ മരണങ്ങളും വീടുകൾക്കും മറ്റ് സ്വത്തുക്കൾക്കും സംഭവിച്ച നാശനഷ്ടങ്ങളും ഇടിമിന്നലിന്‍റെ ഭീഷണി വ്യക്തമാക്കുന്നുന്നതാണ്. മലപ്പുറം മങ്കട കുറങ്ങൻചോലയിൽ ഇടിമിന്നലേറ്റ് നാല് യുവാക്കൾ മരിച്ചിരുന്നു. കൊച്ചി പള്ളുരുത്തിക്ക് സമീപം 15ഓളം വീടുകൾക്ക് കേടുപാടുകളും സംഭവിച്ചു. പാലക്കാട് ഇടിമിന്നലിനെ തുടർന്ന് ഷോർട്ട് സർക്യൂട്ടുണ്ടായി വീട് കത്തിനശിച്ച സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഉച്ചക്ക് ശേഷമാണ് കേരളത്തിൽ ഇടിമിന്നൽ സജീവമാകുന്നതെന്നാണ് ദുരന്ത നിവാരണ അതോറിറ്റി കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം പറയുന്നത്. ഉച്ചക്ക് 2.30 മുതൽ വൈകിട്ട് 4.30 വരെയാണ് ഇടിമിന്നൽ സാധ്യത കൂടുതലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

2025ൽ കുസാറ്റ് ഗവേഷകർ നടത്തിയ പഠനത്തിൽ കോട്ടയം പ്രധാന ഇടിമിന്നൽ ഹോട്ട്‌സ്‌പോട്ടായി കണ്ടെത്തിയിരുന്നു. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളും ഇടിമിന്നൽ സാധ്യത കൂടുതലുള്ള പ്രദേശങ്ങളാണ്. ഇടിമിന്നൽ, ശക്തമായ മഴ, കാറ്റ് എന്നിവയുടെ സംയുക്ത അപകടസാധ്യതയാണ് പഠനത്തിൽ പരിശോധിച്ചത്.

തെക്കുപടിഞ്ഞാറൻ മൺസൂണിൽനിന്ന് പോസ്റ്റ്-മൺസൂൺ കാലത്തേക്കുള്ള മാറ്റത്തിനിടെ കാറ്റിന്റെ ഗതിയിലും വായുപ്രവാഹങ്ങളുടെ സംഗമത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ ഇടിമിന്നലോടുകൂടിയ മഴമേഘങ്ങളുടെ രൂപീകരണത്തിന് അനുകൂലമാണെന്ന് കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് ഡയറക്ടർ എസ്. അഭിലാഷ് പറഞ്ഞു.

വടക്കുകിഴക്കൻ മൺസൂൺ കാലത്ത് മധ്യ, തെക്കൻ കേരളം, പ്രത്യേകിച്ച് പശ്ചിമഘട്ടത്തിന് സമീപം, ശക്തമായ ക്യൂമുലോനിംബസ് മേഘങ്ങൾ രൂപപ്പെടാം. ഇവ ശക്തമായ ഇടിമിന്നലിനും കാറ്റിനും കാരണമാകുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളത്തിന്റെ കിഴക്കൻ മേഖലകൾ ഈ കാലയളവിലെ പ്രധാന ഇടിമിന്നൽ ഹോട്ട്‌സ്‌പോട്ടുകളാണെന്നും അദ്ദേഹം പറയുന്നു.

2021ലെ കുസാറ്റ് പഠനത്തിൽ എൽനിനോ വർഷങ്ങളിൽ വടക്കുകിഴക്കൻ ഇന്ത്യയിലും തെക്കൻ ഉപദ്വീപൻ മേഖലയിലും ഇടിമിന്നൽ ഫ്ലാഷുകളുടെ എണ്ണം വർധിക്കുന്നതായി കണ്ടെത്തിയിരുന്നു. നഗരവൽക്കരണം, നിർമിത പ്രദേശങ്ങളുടെ വർധന, മരങ്ങൾ വെട്ടിമാറ്റുന്നത് എന്നിവയും ഇടിമിന്നൽ വർധിക്കാൻ കാരണമാകുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കെട്ടിട നിർമാണ ചട്ടങ്ങളിൽ ഇടിമിന്നൽ പ്രതിരോധ സംവിധാനങ്ങൾ നിർബന്ധമാക്കണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു. ലൈറ്റ്നിങ് അറസ്റ്റർ മാത്രം സ്ഥാപിച്ചാൽ പൂർണ സുരക്ഷ ഉറപ്പാക്കാനാകില്ല. ശരിയായ എർത്തിങ്, കണ്ടക്ടറുകൾ, സർജ് പ്രൊട്ടക്ഷൻ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന സുരക്ഷാ സംവിധാനമാണ് ആവശ്യം. ഇടിമിന്നലിൽ നിന്നുള്ള വൈദ്യുത പ്രവാഹം ഭൂമിയിലൂടെയും സഞ്ചരിക്കാമെന്നതിനാൽ വൈദ്യുത സുരക്ഷക്കും പ്രത്യേക ശ്രദ്ധ നൽകണമെന്നും അദ്ദഹം പറയുന്നു.