'സത്യസന്ധമായ അന്വേഷണം നടക്കട്ടെ, എനിക്കും എന്റെ കുടുംബത്തിനും കുറച്ച് സ്വകാര്യത നൽകൂ'; മൗനം വെടിഞ്ഞ് നെടുമ്പാശ്ശേരി വാഹനാപകടത്തിലെ പ്രതി സുഹൈലിന്റെ മാതാവ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ വാഹനാപകടത്തിലെ പ്രതി സുഹൈലിന്റെ മാതാവ് നൂറ സജീവ് പ്രതികരണവുമായി രംഗത്ത്. നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകളാണെന്നും മക്കളെ നഷ്ടപ്പെടുന്ന വേദന ചിന്തിക്കാനാവില്ലെന്നുമാണ് സംരംഭകകൂടിയായ നൂറ സജീവ് പറഞ്ഞത്. അപകടത്തിന് ശേഷമുള്ള നൂറയുടെ ആദ്യ പ്രതികരണമാണിത്. മരിച്ച കുട്ടികളുടെ കുടുംബത്തിന് കഴിയുന്നത്ര പിന്തുണ നൽകുമെന്നാണ് സുഹൈലിന്റെ മാതാവ് പറയുന്നത്. കേസിൽ സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും നിരവധി അസത്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നുമാണ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ നൂറ സജീവ് പ്രതികരിച്ചത്.
‘വളർത്തി വലുതാക്കിയ മക്കളെ നഷ്ടപ്പെടുന്നത് ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറമാണ്. കുഞ്ഞ് നഷ്ടപ്പെടുമ്പോൾ അച്ഛനമ്മമാർക്ക് ഉണ്ടാകുന്ന വേദന എനിക്ക് മനസ്സിലാകും. എന്റെ വാക്കുകൾ അവരുടെ ദുഃഖത്തിന് പകരമാവില്ല. എല്ലാവർക്കും ഞങ്ങളോട് ദേഷ്യമാണെന്ന് അറിയാം. ആ സാഹചര്യത്തിൽ എനിക്കും എന്റെ കുടുംബത്തിനും കുറച്ച് സ്വകാര്യത നൽകണം,’ എന്ന് നൂറ സജീവ് കൂട്ടിച്ചേർത്തു.
അതേ സമയം സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ഒരുങ്ങി അന്വേഷണസംഘം. സുഹൈൽ ഉൾപ്പെടെയുള്ള നാല് പ്രതികളുടെയും ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയ പശ്ചാത്തലത്തിലാണ് പൊലീസിന്റെ ഈ നീക്കം. സുഹൈലിന്റെ സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
നേരത്തെ ചോദ്യം ചെയ്യലിനും മൊഴിയെടുപ്പിനുമായി സുഹൈലിനെ രണ്ട് ദിവസം മാത്രമാണ് കസ്റ്റഡിയിൽ ലഭിച്ചതെന്നും, ഇത് അന്വേഷണത്തിന് അപര്യാപ്തമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. അപകടത്തിൽപ്പെട്ട മിനി കൂപ്പർ കാറിന്റെ ഇ.ഡി.ആർ (EDR) വിവരങ്ങൾ ഉൾപ്പെടെ ലഭിക്കുന്ന സാഹചര്യത്തിൽ പ്രതിയെ കസ്റ്റഡിയിൽ ലഭിക്കേണ്ടത് അന്വേഷണത്തിന് നിർണ്ണായകമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. തുടർച്ചയായി നാലുദിവസം കോടതി അവധിയായതിനാൽ പ്രതികൾക്ക് ജാമ്യത്തിനായി മേൽകോടതികളെ സമീപിക്കാനും നിലവിൽ തടസ്സമുണ്ട്.
കേസിൽ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. കേസിൽ മൊഴി നൽകിയ പ്രിയാദ് എങ്ങനെ സംഭവസ്ഥലത്ത് എത്തി എന്നതിലും, പ്രാഥമിക മൊഴി നൽകിയതിലും പ്രതിഭാഗം സംശയം പ്രകടിപ്പിച്ചു. പ്രിയാദ് സംഭവം നേരിട്ട് കണ്ടതിന് തെളിവുണ്ടോയെന്നും കോടതിയിൽ ചോദ്യമുയർന്നു. നരഹത്യ ചുമത്താനുള്ള കുറ്റം പ്രതികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും, വാഹനം അമിതവേഗതയിലായിരുന്നു എന്നതിന് തെളിവുകളില്ലെന്നും പ്രതിഭാഗം അവകാശപ്പെട്ടു.
കഴിഞ്ഞ ഒരാഴ്ചയായി വലിയ ചർച്ചയായ മറ്റൊരു വാർത്തയെ ഒതുക്കിതീർക്കാൻ വേണ്ടിയാണ് ഈ അപകടം വലിയ വാർത്തയാക്കിയതെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു. മരിച്ചവർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ മൂന്നുപേർ ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമായതെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ, മൂന്നുപേർ സഞ്ചരിച്ചതുകൊണ്ടാണോ വാഹനം ഇടിച്ചതെന്ന് പ്രതിഭാഗത്തിന്റെ വാദത്തിന് മറുപടിയായി മജിസ്ട്രേറ്റ് കോടതി തിരിച്ചുചോദിച്ചു. മരിച്ചവർ നിയമലംഘനം നടത്തിയെന്ന് പ്രതിഭാഗം ചൂണ്ടിക്കാണിച്ചപ്പോൾ, ‘അവർ മരിച്ചുപോയില്ലേ, ഇനി അവർക്കെതിരെ നടപടിയെടുക്കാൻ പറ്റുമോ?’ എന്നും കോടതി വ്യക്തമായി ആരാഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് നെടുമ്പാശ്ശേരി എയർപോർട്ട് വി.ഐ.പി റോഡിൽ നാടിനെ നടുക്കിയ ദുരന്തം നടന്നത്. മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചുതെറിപ്പിച്ചതിനെ തുടർന്ന് ദക്ഷിണ കന്നഡ സുളള്യ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവർ സംഭവസ്ഥലത്തുതന്നെ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.
