അടിച്ച് കൂട്ടിയത് 400 റൺസ്; രഞ്ജി ട്രോഫിയിൽ അപൂർവ നേട്ടമെഴുതി മിസോറം താരം ചിന്മയ് സുതാർ

ദിമാപൂർ: രഞ്ജി ട്രോഫിയിൽ അപൂർവ നേട്ടം കുറിച്ച് മിസോറാം താരം ചിന്മയ് സുതാർ. ടൂർണമെന്റ് ചരിത്രത്തിൽ ക്വാഡ്രപ്പിൾ സെഞ്ച്വറി (400 റൺസ്) അടിക്കുന്ന രണ്ടാമത്തെ മാത്രം താരമെന്ന നേട്ടമാണ് സുതാർ തന്റെ പേരിൽ കുറിച്ചത്. ദിമാപ്പൂരിൽ നാഗാലാൻഡിനെതിരെ നടന്ന പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിൽ 517 പന്തിൽ പുറത്താകാതെ 400 റൺസ് അടിച്ചാണ് താരത്തിന്റെ നേട്ടം. 46 ഫോറുകളും 7 സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

രഞ്ജി ട്രോഫിയിൽ ക്വാഡ്രപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ താരം ബി.ബി. നിംബാൽക്കറാണ്. 1948ൽ മഹാരാഷ്ട്രയ്ക്ക് വേണ്ടി കത്തിയവാറിനെതിരെ പുറത്താകാതെ 443 റൺസാണ് താരം നേടിയത്. പിന്നീട് ഇപ്പോൾ 78 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ താരം രഞ്ജി ട്രോഫിയിൽ 400 റൺസ് കടക്കുന്നത്. ഇതോടെ രഞ്ജി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുകളിൽ നിംബാൽക്കർക്ക് തൊട്ടുപിന്നിൽ രണ്ടാമതെത്താനും സുതാറിന് സാധിച്ചു. 2022-23 സീസണിൽ ആസമിനെതിരെ 379 റൺസ് നേടിയ പ്രഥ്വി ഷാ, 1990-91 സീസണിൽ ഹൈദരാബാദിനെതിരെ 366 റൺസ് നേടിയ സഞ്ജയ് മഞ്ജരേക്കർ, 1993-94 സീസണിൽ 344 റൺസ് നേടിയ എം.വി. ശ്രീധർ എന്നിവരാണ് ഈ ലിസ്റ്റിൽ അടുത്ത സ്ഥാനങ്ങളിലുള്ളവർ.

കൂടാതെ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 400 റൺസ് തികയ്ക്കുന്ന പത്താമത്തെ മാത്രം ബാറ്ററെന്ന അപൂർവ നേട്ടവും സുതാർ കുറിച്ചു. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ, ഓസ്‌ട്രേലിയൻ ഇതിഹാസം ഡോൺ ബ്രാഡ്മാൻ എന്നിവർക്കൊപ്പമാണ് മിസോറം താരവും പട്ടികയില്‍ ഇടം കണ്ടെത്തിയത്. ഇംഗ്ലീഷ് കൗണ്ടിയിൽ ഡർഹാമിനെതിരെ വാർവിക്ഷെയറിനായി പുറത്താകാതെ 501 റൺസ് നേടിയ ബ്രയാൻ ലാറയുടെ പേരിലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.

അതേസമയം, സുതാറിന്‍റെ കരുത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മിസോറാം ഒന്നാം ഇന്നിങ്സിൽ ഒമ്പത് വിക്കറ്റിന് 581 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 151 പന്തിൽ 69 റൺസെടുത്ത ജാഹു ആൻഡേഴ്സൺ സുതാറിന് മികച്ച പിന്തുണ നൽകി. മറുവശത്ത് ബാറ്റിങ് ആരംഭിച്ച നാഗാലാ‌ൻഡ് 13 ഓവറുകൾ പിന്നിടുമ്പോൾ ഒരു വിക്കറ്റിന് 50 റൺസ് എന്ന നിലയിലാണ്.