'എംഎൽഎയെ കൊല്ലും'; അൻവർ സാദത്ത് എം.എൽ.എക്കെതിരെ വധഭീഷണി മുഴക്കിയ കവർച്ചാ കേസ് പ്രതിക്കെതിരെ കേസ്

കൊച്ചി: അൻവർ സാദത്ത് എം.എൽ.എക്കെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ കവർച്ചാ കേസിലെ പ്രതിയായ മേയ്ക്കാട് സ്വദേശി ജോബിക്കെതിരെ സൈബർ പൊലീസ് കേസെടുത്തു. ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന യാത്രക്കാരനെ ആക്രമിച്ച് കവർച്ച നടത്തിയ കേസിലെ മൂന്നാം പ്രതിയാണ് ജോബി. ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാൾ എം.എൽ.എക്കെതിരെ സോഷ്യൽ മീഡിയ വഴി വധഭീഷണി ഉയർത്തിയത്.
കവർച്ചാ കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് അർഹമായ ശിക്ഷ തന്നെ ഉറപ്പാക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ പ്രസ്താവനയിലുള്ള വൈരാഗ്യമാണ് എം.എൽ.എയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്താൻ പ്രതിയെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
