'രാജി പൂർണ സംതൃപ്തിയോടെ; പകരം പദവികൾ ആഗ്രഹിക്കുന്നില്ല': തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി

തിരുവനന്തപുരം: വഖഫ് ബോർഡ് അംഗത്വം ഒഴിയുന്നതിൽ പൂർണ തൃപ്തിയും സന്തോഷവുമുണ്ടെന്നും പകരം മറ്റൊരു പദവിയും പ്രതീക്ഷിക്കുന്നില്ലെന്നും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി. സർക്കാറുമായി കൂടിയാലോചിച്ച് രാജി സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“സർക്കാറുമായി ആലോചിച്ചാണ് രാജി തീരുമാനിച്ചത്. രാജി സമർപ്പിക്കേണ്ടതും സർക്കാരിനാണ്. വളരെ സംതൃപ്തിയോടെയും സന്തോഷത്തോടെയുമാണ് പദവി ഒഴിയുന്നത്. പകരം മറ്റു പദവികളൊന്നും ആഗ്രഹിക്കുന്നില്ല, മുമ്പും അങ്ങനെ ആഗ്രഹിച്ചിട്ടില്ല. സർക്കാർ എന്തെങ്കിലും ചുമതല ഏൽപ്പിച്ചാൽ അത് കൃത്യമായി നിർവഹിക്കും” -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തികച്ചും സൗഹാർദപരമായ അന്തരീക്ഷത്തിലാണ് രാജിയെന്നും സമാധാനവും സന്തോഷവുമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു തീരുമാനമെടുക്കുമ്പോൾ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ഇതിനെയും അതിന്റെ ഭാഗമായി കണ്ടാൽ മതിയെന്നും തൊടിയൂർ വ്യക്തമാക്കി. ഇന്ന് ചേരുന്ന വഖഫ് ബോർഡ് യോഗത്തിൽ പങ്കെടുത്ത ശേഷം അദ്ദേഹം ബോർഡ് ചെയർമാന് രാജിസമ്മതപത്രം കൈമാറും.