സന്ദീപ് വാര്യർ എം.എൽ.എയുടെ വാഹനം അപകടത്തിൽപെട്ടു; ആർക്കും പരിക്കില്ല

മലപ്പുറം: തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ ടയർ പൊട്ടി അപകടത്തിൽപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന എം.എൽ.എയും മറ്റു യാത്രികരും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ദേശീയപാത 66-ൽ മലപ്പുറം കോഴിച്ചെനയിൽ വെച്ചായിരുന്നു അപകടം.

തൃക്കരിപ്പൂരിൽനിന്നു സ്വദേശമായ ചെത്തല്ലൂരിലേക്ക് മടങ്ങവേയാണ് എം.എൽ.എയുടെ വാഹനം അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ അപ്രതീക്ഷിതമായി പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു.

എം.എൽ.എയുടെ കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ, തൊട്ടുപുറകിൽ വരികയായിരുന്ന മറ്റു രണ്ട് കാറുകൾ കൂടി കൂട്ടിയിടിച്ചു. ഈ വാഹനങ്ങളിലുണ്ടായിരുന്ന കുടുംബങ്ങളും പരിക്കുകളുമില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടവിവരമറിഞ്ഞ് ഉടൻ പൊലീസ് സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ഗതാഗതം സുഗമമാക്കുകയും ചെയ്തു. പുലർച്ചെയാണ് അപകടം സംഭവിച്ചത്.