മഴ ശക്തമാകുന്നു, കള്ളക്കടൽ ഭീഷണി; തെക്കൻ-മധ്യ കേരളത്തിൽ ഓറഞ്ച് അലർട്ട്, ഉയർന്ന തിരമാലക്ക് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 26 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്ക‍ൻ അറബിക്കടലിലും ലക്ഷദ്വീപിനും മുകളിലായി ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴക്ക് സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപ്പിച്ചിട്ടുണ്ട്. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 26 വരെ മീൻപിടിത്തം പാടില്ല. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.