മലപ്പുറത്തെ രോഗികൾക്ക് സാന്ത്വനമായി റിമാൽ സൊസൈറ്റിയുടെ കൈത്താങ്ങ്

റിയാദ് / മലപ്പുറം: മലപ്പുറത്തും പരിസര പ്രദേശങ്ങളിലുമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രോഗികൾക്കായി റിയാദ് പ്രവാസി കൂട്ടായ്മയായ ‘റിമാൽ’ സൊസൈറ്റി നടപ്പിലാക്കുന്ന ഈ വർഷത്തെ ധനസഹായ വിതരണം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

കക്ഷി, മത, രാഷ്ട്രീയ ചിന്തകൾക്കതീതമായി കഴിഞ്ഞ 19 വർഷമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണിത്. മലപ്പുറം മുനിസിപ്പാലിറ്റിയും സമീപ പ്രദേശങ്ങളായ പൂക്കോട്ടൂർ, കോഡൂർ, കൂട്ടിലങ്ങാടി, ആനക്കയം, ഊരകം, പൊന്മള, ഒതുക്കുങ്ങൽ, മക്കരപ്പറമ്പ്, കുറുവ എന്നീ ഒമ്പത് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് റിമാലിന്റെ പ്രവർത്തന പരിധി.

റിമാൽ ടീം നേരിട്ടെത്തി വിവരശേഖരണം നടത്തി കണ്ടെത്തിയ, ഈ മേഖലയിലെ ഏറ്റവും അർഹരായ ഡയാലിസിസ് രോഗികൾ, കാൻസർ ബാധിതർ, പക്ഷാഘാതം വന്ന് കിടപ്പിലായവർ ഉൾപ്പെടെ 450ൽ പരം ആളുകൾക്കാണ് ഈ വർഷം സഹായം എത്തിച്ചത്.

അർഹരായവർക്ക് സാമ്പത്തിക സഹായം നൽകുന്നതിനൊപ്പം അമ്പതിലധികം രോഗികൾക്ക് സ്ഥിരമായി പ്രതിമാസ സഹായവും റിമാൽ നൽകി വരുന്നുണ്ട്.

റിയാദിൽ വെച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്കുള്ള പ്രതിമാസ ധനസഹായം, രോഗികളായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കുള്ള തുടർചികിത്സ സഹായം, വസ്ത്ര ശേഖരണവും വിതരണവും, ആരോഗ്യ ബോധവത്കരണ പരിപാടികൾ, റിയാദ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജാഫർ കിളിയണ്ണിയുടെ നേതൃത്വത്തിൽ നോർക്ക ഹെല്പ് ഡെസ്ക് എന്നിവയും ഈ സാന്ത്വനം പദ്ധതിയുടെ ഭാഗമായി നടന്നു വരുന്നു.

പദ്ധതിയുമായി സഹകരിച്ച എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും നാട്ടിലെ സന്നദ്ധ പ്രവർത്തകർക്കും റിമാൽ സൊസൈറ്റി ഭാരവാഹികൾ നന്ദി അറിയിച്ചു.