'ടെംമ്പിൾ' പരീക്ഷിച്ച് ഗിൽ; ഓക്ലൻഡിൽ ട്വന്റി20 ടീമിനൊപ്പം പരിശീലനം

ഓക്ലൻഡ്: ന്യൂസിലൻഡിനെതിരെയുള്ള ട്വന്റി 20 പരമ്പര പുരോഗമിക്കവെ ശ്രദ്ധ നേടി ഇന്ത്യൻ ടെസ്റ്റ് നായകൻ ശുഭ്മൻ ഗിൽ. താരം ഉപയോഗിച്ച പുതിയൊരു ഫിറ്റ്നസ് ഡിവൈസാണ് കായിക ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇന്ത്യയുടെ ട്വന്റി 20 ടീമംഗങ്ങളെ ഗില്ലും വിക്കറ്റ് കീപ്പറും കെ.എൽ രാഹുലുമടക്കമുള്ള സംഘം സന്ദർശിച്ചപ്പോഴാണ് സംഭവം. നാലാം മത്സരത്തിന് മുന്നോടിയായി ട്വന്റി 20 ടീം നടത്തിയ പരിശീലനത്തിലും ഇരുവരും പങ്കെടുത്തു.
പരിശീലന സെഷനിടയിൽ അത്യാധുനിക എ.ഐ ഫിറ്റ്നസ് ട്രാക്കിങ് ഡിവൈസായ ‘ടെംമ്പിള്‍’ ഗിൽ ഉപയോഗിച്ചിരുന്നു. ഈ ഡിവൈസ് ധരിച്ച് താരം നെറ്റ്സിൽ നെറ്റ്സിൽ ഇഷാൻ കിഷൻ, കെ. എൽ. രാഹുൽ എന്നിവർക്കൊപ്പം ബാറ്റ് ചെയ്തതോടെ ആരാധകർക്കിടയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റി.
സൊമാറ്റോ സ്ഥാപകനായ ദീപീന്ദർ ഗോയലിന്റെ പിന്തുണയുള്ള ഹെൽത്ത് ടെക് സ്റ്റാർട്ടപ് കമ്പനി പുറത്തിറക്കുന്നതാണ് ‘ടെംമ്പിള്‍’. മറ്റ് ഫിറ്റ്നസ് ബാന്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായി തലച്ചോറുമായി ബന്ധപ്പെട്ട സിഗ്നലുകള്‍ നിരീക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ ഉപകരണം. നെറ്റിയോട് ചേര്‍ന്ന് വശങ്ങളിലാണ് ഇത് ധരിക്കുന്നത്. തലച്ചോറിലെ രക്തപ്രവാഹം, നാഡീവ്യൂഹത്തിന്റെ പ്രതികരണങ്ങൾ, മാനസിക സമ്മർദത്തിന്റെ അളവ് എന്നിവ നിരീക്ഷിക്കാന്‍ ഈ ഉപകരണം സഹായിക്കുമെന്നാണ് അവകാശവാദം.
എന്നാൽ, ഈ ഡിവൈസ് ഇതുവരെ വിപണിയിൽ എത്തിയിട്ടില്ല. നവംബർ 1നാണ് ഇതിന്റെ പ്രീഓർഡറിങ് ആരംഭിക്കുന്നതെന്നാണ് വിവരം. നേരത്തെ, ഇന്ത്യൻ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവും ഈ ഉപകരണം ഉപയോഗിച്ചത് ശ്രദ്ധ നേടിയിരുന്നു.
ഗിൽ ഓക്ലൻഡിലെ തന്റെ പരിശീലന സെഷനുടനീളം ‘ടെംമ്പിള്‍’ ഉപയോഗിച്ചിരുന്നുവെന്ന് റേവ് സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, താരം ഇതുവരെ ഈ ഡിവൈസ് ഉപയോഗിക്കുന്നതിന്റെ കാരണം പ്രതികരിച്ചിട്ടില്ല.
അതേസമയം, ഇന്ത്യ ന്യൂസിലൻഡിനെതിരെ രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ തന്നെ ട്വന്റി20 പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഒക്ടോബർ 30നും നവംബര്‍ ഒന്നിനുമാണ് ശേഷിക്കുന്ന രണ്ട് ട്വന്റി20 മത്സരങ്ങൾ. അതിന് ശേഷമാണ് ഏകദിന പരമ്പരയും ടെസ്റ്റ് മത്സരങ്ങളും ആരംഭിക്കുക. നവംബർ നാല് മുതൽ അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പര തുടക്കമാവുമ്പോൾ 19 മുതൽ 27 വരെയാണ് ടെസ്റ്റ് പരമ്പര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
