ഖത്തര്‍ കെ.എം.സി.സി കവര്‍ച്ച: ബോംബെ ഷാജി അടക്കം നാലു പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊയിലാണ്ടി (കോഴിക്കോട്): ഖത്തര്‍ കെ.എം.സി.സി കവര്‍ച്ച കേസില്‍ പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി. നാലു പ്രതികള്‍ക്കെതിരെയാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍. ഷാജഹാന്‍ എന്ന ബോംബെ ഷാജി, കുന്നുമ്മല്‍ ഹസ്സന്‍ എന്ന അസയിനാര്‍, കുന്നുമ്മല്‍ അബ്ദുല്‍ റസാഖ്, അലയാറില്‍ അബ്ദുല്‍ നിസാര്‍ എന്നിവര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍.

ഇവര്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞാണ് പൊലീസ് നടപടി. ഇവരെ പിടികൂടിയെങ്കില്‍ മാത്രമേ കവര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരൂ.

അതിനിടെ, നിലവിൽ കീഴടങ്ങിയ മറെറാരു പ്രതിയും ബി.ജെ.പി നേതാവുമായ ബാലകൃഷ്ണനെ കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് ഹാജരാക്കി. ഇയാളുമായി വിമാനത്താവളത്തിലും പ്രതികള്‍ സഞ്ചരിച്ച സ്ഥലങ്ങളിലും തെളിവെടുപ്പു നടത്തി. അന്വേഷണത്തിന്റെ ഭാഗമായി വിമാനത്താവളത്തിലും ഗൂഢാലോചന നടന്ന സ്ഥലങ്ങളിലും പ്രതി ഒളിവില്‍ താമസിച്ച കേന്ദ്രങ്ങളിലും തെളിവെടുപ്പ് നടത്തിയ ശേഷമാണ് നാല് പ്രധാന പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് പുറമേ ഖത്തര്‍ കെ.എം.സി.സിയുമായി ബന്ധമുള്ള ഉന്നതര്‍ക്കും കേസില്‍ പങ്കുണ്ടെന്ന് ആരോപണമുണ്ട്. ബാലകൃഷ്ണന്റെ വെളിപ്പെടുത്തലുകളും ബോംബെ ഷാജിയുടേതുള്‍പ്പടെ പുറത്തുവന്ന ഫോണ്‍ സംഭാഷണങ്ങളും കവര്‍ച്ചയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന സൂചന നല്‍കുന്നതാണ്. ഇക്കാര്യങ്ങളും പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്.

2025 സെപ്റ്റംബര്‍ 18ന് ഖത്തർ അല്‍ തുമാമയിലെ കെ.എം.സി.സി ഓഫിസിലാണ് കവർച്ച നടന്നത്. കെ.എം.സി.സി ഓഫിസില്‍ റൂംബോയിയെ കെട്ടിയിട്ടാണ് എട്ട് കോടി രൂപ കവര്‍ന്നത്. സംഭവത്തില്‍ പ്രദേശിക ബി.ജെ.പി നേതാവ് ബാലകൃഷ്ണന്‍ കീഴടങ്ങിയിരുന്നു. ആകെ ആറ് പ്രതികളാണ് കേസിലുള്ളത്. റൂം ബോയിയുടെ കൈയും കാലും കെട്ടിയിട്ട് ഓഫിസ് റൂമിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്താണ് സംഘം 31 ലക്ഷം കവര്‍ന്നത്. പി.കെ. അബ്ദുല്‍ റഹീം എന്നയാള്‍ നല്‍കിയ പരാതിയില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 15നാണ് കേസെടുത്തത്.