കടലിലെ മത്സ്യസമ്പത്തിൽ മാറ്റം; കേരള തീരത്തെ മീൻലഭ്യതയെ ബാധിക്കുന്ന ഘടകങ്ങൾ കണ്ടെത്തി

തൊടുപുഴ: കേരള തീരത്ത് മത്സ്യലഭ്യതയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതായി പഠനം. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിലുള്ള സെൻട്രൽ മറൈൻ ഫിഷറീസ് റിസർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിലയിരുത്തൽ പ്രകാരം കാലാവസ്ഥ വ്യതിയാനം, സമുദ്രശാസ്ത്രപരമായ മാറ്റങ്ങൾ എന്നിവ കൂടാതെ ചെറുമത്സ്യങ്ങളെയും പൂർണ വളർച്ചയെത്താത്ത മത്സ്യങ്ങളെയും വിവേചനരഹിതമായി പിടിക്കുന്നതും മത്സ്യബന്ധനയാനങ്ങളുടെ അമിതശേഷിയും അമിത മത്സബന്ധന സമ്മർദവും അടക്കമുള്ള കാര്യങ്ങളാണ് ഏറ്റക്കുറച്ചിലുകൾക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
മുൻവർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ മൊത്തം സമുദ്രമത്സ്യലഭ്യതയിൽ പ്രതിവർഷം തുടർച്ചയായ കുറവ് രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, ഏറ്റക്കുറച്ചിലുകൾ പ്രകടമാകുന്നുവെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
2015-ൽ 4.82 ലക്ഷം ടണ്ണായിരുന്ന സമുദ്ര മത്സ്യ ഉൽപാദനം 2018-ൽ 6.42 ലക്ഷം ടണ്ണായി ഉയർന്നിരുന്നു. 2020 ൽ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് (ഏകദേശം 3.5 ലക്ഷം ടൺ) താഴ്ന്നു. തുടർന്നും ഉൽപാദനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായെങ്കിലും 2024-ൽ ഇത് 6.10 ലക്ഷം ടണ്ണിലെത്തി.
അതേസമയം, ഐ.സി.എ.ആർ-സി.എം.എഫ്.ആർ.ഐ ലഭ്യമാക്കിയ കഴിഞ്ഞ പത്തുവർഷത്തെ കണക്കുകൾ പ്രകാരം ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലെ മൊത്തം മത്സ്യലഭ്യതയിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തിയിട്ടില്ല.
എന്നാൽ, പരമ്പരാഗത യന്ത്രവൽകൃത മത്സ്യബന്ധനയാനങ്ങളുടെ വിഭാഗത്തിൽ 2024, 2025 വർഷങ്ങളിൽ, മത്സ്യലഭ്യതയിൽ യഥാക്രമം 13 ശതമാനം 21 ശതമാനം കുറവുണ്ടായി. സമുദ്രമത്സ്യലഭ്യതയിൽ കാണുന്ന ഇത്തരം വ്യതിയാനങ്ങളെ ശാസ്ത്രീയ രീതിയിൽ വിശകലനത്തിന് വിധേയമാക്കി വരികയാണ്.
എൽനിനോ ഉൾപ്പെടെയുള്ള കാലാവസ്ഥാ പ്രതിഭാസങ്ങൾ സമുദ്രത്തിലെ ഭൗതിക-ജൈവ സാഹചര്യങ്ങളെയും മത്സ്യസമ്പത്തിനെയും എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് സി.എം.എഫ്.ആർ.ഐ അടക്കം ശാസ്ത്രീയ പഠനം നടത്തുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനങ്ങൾ മത്സ്യങ്ങളുടെ വിതരണം, ദേശാടനം, പ്രജനനം, ലഭ്യത എന്നിവയെ നേരിട്ട് സ്വാധീനിക്കുന്നതാണ്. സി.എം.എഫ്.ആർ.ഐ നടത്തുന്ന പഠനത്തിന്റെ കണ്ടെത്തലുകൾ മത്സ്യബന്ധന മേഖലയിലെ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിന് പ്രയോജനകരമാകുമെന്നാണ് വിലയിരുത്തുന്നത്.
ചില സമയങ്ങളിൽ മത്സ്യലഭ്യത ഗണ്യമായി കുറയുന്നത് മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെയും ഉപജീവനത്തെയും സാരമായി ബാധിക്കുന്നുണ്ട്. ലഭ്യത കുറയുമ്പോഴും ഇന്ധനം, യാനങ്ങളുടെ പരിപാലനം, മറ്റ് പ്രവർത്തനച്ചെലവുകൾ എന്നിവ മാറ്റമില്ലാതെ തുടരുന്നത് തൊഴിലാളികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.
