‘കുട്ടികളാരും മാഷിനെതിരെ പരാതി പറഞ്ഞിട്ടില്ല’; ഷിവി മാഷിന് പിന്തുണയുമായി രക്ഷിതാവിന്റെ കുറിപ്പ്

കൽപറ്റ: വിനോദയാത്രക്കിടെ മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി മാഷിനെതിരെ ഉയർന്ന വിവാദത്തിൽ അദ്ദേഹത്തിന് പിന്തുണയുമായി രക്ഷിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്.

യാത്രയിൽ അതേ ബസിലുണ്ടായിരുന്ന വിദ്യാർഥിയുടെ പിതാവാണ് പ്രിൻസിപ്പലിനെ അനുകൂലിച്ച് രംഗത്തെത്തിയത്. കുട്ടികളെ സുരക്ഷിതമായി വിനോദയാത്രക്ക് കൊണ്ടുപോയി തിരിച്ചെത്തിക്കുകയും സ്കൂൾ ഗേറ്റിൽവെച്ച് യഥാർഥ രക്ഷിതാക്കളെ ഏൽപിക്കുകയും ചെയ്തതിന് ഷിവി മാഷിനോട് നന്ദിയുണ്ടെന്ന് അദ്ദേഹം കുറിച്ചു.

യാത്രക്കിടെ പി.ടി.എ പ്രസിഡന്റുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ കുട്ടികൾ നിർദേശം നൽകിയതോടെ ഷിവി മാഷ് ഉടൻ ഇടപെട്ട് നടപടിയെടുത്തെന്നും പ്രശ്നങ്ങൾ പരിഹരിച്ചശേഷമാണ് യാത്ര തുടർന്നതെന്നും മകൻ വീട്ടിലെത്തിയപ്പോൾ പറഞ്ഞതായി രക്ഷിതാവ് വ്യക്തമാക്കി.

കുട്ടികളാരും മാഷിന്റെ പേര് പറഞ്ഞിട്ടില്ലെന്നും പരാതിപ്പെട്ടിട്ടില്ല. ആരോ മാധ്യമപ്രവർത്തകരെയും ചാനലുകളെയും തെറ്റിദ്ധരിപ്പിച്ച് മനഃപൂർവം മാഷിന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴച്ചതാണെന്നാണ് തന്റെ വിലയിരുത്തലെന്നും കുറിപ്പിൽ പറയുന്നു.

വിനോദയാത്രയെ കുട്ടികൾ ജീവിതത്തിലെ മനോഹരമായ ഓർമയായി സൂക്ഷിക്കേണ്ടതിനുപകരം പേടിസ്വപ്നമായി ഓർക്കേണ്ട സാഹചര്യമുണ്ടാക്കിയതിന് മാധ്യമങ്ങളും നേതാക്കളും കുട്ടികളോട് മാപ്പുപറയണം.

നിലവിലെ സാഹചര്യം മറികടക്കാനുള്ള കരുത്തും മനോധൈര്യവും ഷിവി മാഷ് ആർജിക്കട്ടെയെന്നും വരുംതലമുറയിലെ വിദ്യാർഥികൾക്കും മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രിൻസിപ്പലായി അദ്ദേഹം തുടരട്ടെയെന്നും ആശംസിച്ചാണ് രക്ഷിതാവ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഷിവി സാർ പ്രിൻസിപ്പൾ ആയ മീനങ്ങാടി സെക്കണ്ടറി സ്കൂളിലെ രക്ഷിതാവാണ്.

വിനോദയാത്രയിൽ അതേ ബസ്സിലുണ്ടായിരുന്ന കുട്ടിയുടെ പിതാവുമാണ്.

പ്രിയ ഷിവി സാറിന് നന്ദിയുണ്ട്. കുട്ടികളെ ടൂറിന്കൊണ്ടുപോയി അവരെ സുരക്ഷിതരായി തിരിച്ചിറക്കിയതിന്.

തടയാൻ ആളുകളുണ്ടെന്നറിഞ്ഞിട്ടും 3 ബസ്സിലുള്ള കുട്ടികളെയും സ്കൂൾ ഗേറ്റിൽ തന്നെ തിരിച്ചു കൊണ്ടുവന്നു യഥാർത്ഥ രക്ഷിതാക്കളെ ഏൽപ്പിച്ചതിന്.

വീട്ടിലെത്തിയ മകൻ പറഞ്ഞത് ടൂറിനിടയിലുണ്ടായ PTA പ്രസിഡൻ്റ് വിഷയത്തിൽ കുട്ടികൾ നിർദേശിച്ചതോടെ ഷി വി സാർ പെട്ടെന്ന് ഇടപെട്ട് നടപടിയെടുത്തിട്ടുള്ളതാണ്. എല്ലാം പരിഹരിച്ച് യാത്ര തുടർന്നതാണ്. കുട്ടികളാരും മാഷെ പേര് പറഞ്ഞിട്ടില്ല. പരാതി പറഞ്ഞിട്ടില്ല.

മാഷെ പേര് മനപൂർവ്വം വലിച്ചിഴച്ചതാണ്, ആരോ പത്രക്കാരെയും ചാനലുകരെയും തെറ്റിദ്ധരിപ്പിച്ചതാണ്.

എന്നിട്ടും തിരിച്ചു വന്നിറങ്ങുമ്പോൾ മാഷ് കുട്ടികളോട് ചോദിച്ചോളൂ എന്ന് പറഞ്ഞിട്ടും

ഒരു മീഡിയക്കാരനും അത് ചെവിക്കൊണ്ടില്ല. എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത പോലെ നടത്തിയതായി തോന്നി.

ഷിവി സാറെ ഒന്നരവർഷങ്ങളായി എൻ്റെ മകൻ്റെ പ്രിൻസിപ്പാൾ എന്ന നിലയിൽ അറിയാം. ജില്ലയിലെ ഹയർ സെക്കണ്ടറി കോർഡിനേറ്ററായും വിക്ടേർസ് ചാനൽ പരിശീലകനായുമെല്ലാം പ്രവർത്തിച്ച് വിജയിച്ച മികച്ച അധ്യാപനാണ്.

മികച്ച മോട്ടിവേഷൻ സ്പീക്കറാണ് ക്ലാസ് യോഗങ്ങളിൽ തെളിയിച്ചിട്ടുണ്ട്. സ്ക്കൂളിനെ ജില്ലയിലെ മികച്ച വിദ്യാലയമായി ഉയർത്തുന്നതിൽ വഹിച്ചപങ്ക് ചെറുതല്ല.

A + കിട്ടിയവർക്കും പോലും ആഗ്രഹിച്ച സീറ്റ് കിട്ടാത്ത ഗവൺമെൻ്റ് സ്കൂൾ. 2025 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള PM ഫൗണ്ടേഷൻ്റെ അവാർഡ് നേടിയ

ഇത്തവണത്തെ കായിക മേളയിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയതും മീനങ്ങാടിയാണ്.

പഠിപ്പിന് പ്രഥമ പരിഗണന നൽകിയിരുന്നതിനാൽ മാഷ് അല്പം സ്ട്രിക്ട് ആണെന്ന് പറയാം. പഠിപ്പ് മുടക്കാൻ വരുന്ന ഒരു വിദ്യാർത്ഥി സംഘടനക്കും അദേഹം തൻ്റെ കുട്ടികളെ വിട്ടുകൊടുത്തിട്ടില്ല. PTA ക്കല്ലാതെ മറ്റ് രാഷ്ട്രീയക്കാർക്കും സ്കൂളിൽ പരിഗണനയില്ല. ഇതിനെയെല്ലാം തടഞ്ഞു നിർത്തുന്ന നെഞ്ചുക്ക് മാഷിനുണ്ട്.

യാത്രയാണ് സ്വാതന്ത്യം എന്ന് പ്രഖ്യാപിക്കപ്പെട്ട ഇക്കാലത്ത് എന്നും ഓർക്കേണ്ട യാത്രയെ ഒരു പേടി സ്വപ്നമായി ഓർക്കേണ്ട ഗതിയൊരുക്കിയതിന് മീഡിയയും നേതാക്കളും കുട്ടികളോട് മാപ്പ് പറയണം.

കുറ്റവാളിയാക്കുന്നതിനു മുമ്പെ ജനകീയ വിചാരണകൾ കഠിനാദ്ധ്വാനികളായ ജീവനക്കാരെ ജനമദ്ധ്യത്തിൽ തുണിയുരിയുമ്പോൾ അർപ്പണ മനോഭാവത്തോടെ ജോലി ചെയ്യുന്നവരുടെ മനസ്സും കുടുംബവും തകർക്കുന്നതാവരുതേ എന്ന് രാഷ്ട്രീയ നേതൃത്വത്തോട് അഭ്യർത്ഥിക്കുന്നു. നാട്ടിലെ സ്കൂളിൽ ഒരു പ്രശ്നം വരുമ്പോൾ നിയമം കയ്യിലെടുത്താണോ ഇടപെടേണ്ടെതെന്ന് നേതൃത്വം പരിശോധിക്കണം. പ്രവർത്തകർക്ക് കടിഞ്ഞാണിടണം.

ഈ സാഹചര്യം മറികടക്കാനുള്ള കരുത്തും മനോധൈര്യവും ഷിവി മാഷ് ആർജിക്കട്ടെ എന്ന് ആശിക്കുന്നു.

ഇനിയും മകൻ്റെയും തുടർന്ന് വരുന്ന മക്കളുടെയും മീനങ്ങാടി ഹയർ സെക്കണ്ടറിയിലെ പ്രിൻസിപ്പാൾ ആയി മാഷ്തുടരട്ടെ എന്നും ആഗ്രഹിക്കുന്നു.

പിന്തുണയോടെ

-ബാലൻ വേങ്ങര.