'ട്രാഫിക് പിഴയടക്കാൻ' ഫോണിൽ ലിങ്ക് എത്താറുണ്ടോ? തട്ടിപ്പുകാരുടെ കെണിയിൽ വീഴരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഗതാഗതവകുപ്പിന്റെ പേരിൽ വാഹന ഉടമകളുടെ ഫോണുകളിലേക്ക് വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങൾ വ്യാപകമായി എത്തുന്നതായി മുന്നറിയിപ്പ്. ഗതാഗത നിയമലംഘനം നടത്തിയ വാഹനത്തിന്റെ ദൃശ്യങ്ങൾ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും പിഴയുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ പൂർത്തിയാക്കണമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്. ഇതോടൊപ്പം നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പിഴ അടക്കാനും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഇത്തരം സന്ദേശങ്ങൾ സൈബർ തട്ടിപ്പിന്റെ ഭാഗമായിരിക്കാമെന്നതിനാൽ വാഹന ഉടമകൾ ജാഗ്രത പാലിക്കണമെന്നും സർക്കർ വൃത്തങ്ങൾ പറയുന്നു.

‘Surveillance footage shows your vehicle in motion’ എന്ന സന്ദേശത്തോടെയാണ് തട്ടിപ്പുകാർ വാഹന ഉടമകളെ സമീപിക്കുന്നത്. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറും ഒരു റഫറൻസ് നമ്പറും സന്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. ഉടൻ പ്രതികരിക്കണമെന്ന നിർദേശവും നൽകുന്നുണ്ട്. ഔദ്യോഗിക അറിയിപ്പാണെന്ന് വിശ്വസിപ്പിച്ച് സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യിക്കുകയാണ് ലക്ഷ്യം. സന്ദേശത്തിൽ നൽകിയിരിക്കുന്ന വെബ്സൈറ്റ് വിലാസം ഔദ്യോഗിക ഇ-ചലാൻ പോർട്ടലിന്റേതല്ല. വ്യാജ വെബ്സൈറ്റുകളിലൂടെ വാഹന ഉടമകളുടെ വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും ചോർത്താനും പണം തട്ടിയെടുക്കാനും സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.

വാഹനത്തിന് പിഴയുണ്ടോയെന്ന് അറിയാൻ സന്ദേശത്തിൽ ലഭിക്കുന്ന ലിങ്കുകൾ ഉപയോഗിക്കരുതെന്നും പകരം കേന്ദ്രസർക്കാറിന്റെ ഔദ്യോഗിക ഇ-ചലാൻ വെബ്സൈറ്റായ parivahan.gov.in വഴി വാഹന നമ്പർ നൽകി പരിശോധിക്കാമെന്നും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ഒ.ടി.പി, ബാങ്ക് വിവരങ്ങൾ, യു.പി.ഐ പിൻ എന്നിവ കൈമാറുകയോ ചെയ്യരുത്. പണം നഷ്ടപ്പെട്ടാൽ ഉടൻ 1930 എന്ന സൈബർ ക്രൈം ഹെൽപ്‌ലൈൻ നമ്പറിൽ വിവരം അറിയിക്കണമെന്നും ഉദ്യോഗസ്ഥർ ജാഗ്രതാ നിർദേശം നൽകി.

അതേസമയം, ട്രാഫിക് ചലാൻ അടക്കാനുണ്ടെന്ന് കാണിച്ച് വാട്സാപ്പിലൂടെ വരുന്ന വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ ജാഗ്രതാ നിർദേശം. സാമ്പത്തിക തട്ടിപ്പുകാർ തയാറാക്കുന്ന കെണികളിൽ പെടാതിരിക്കാൻ ഔദ്യോഗിക മാർഗ്ഗങ്ങൾ മാത്രം ഉപയോഗിച്ച് പിഴ പരിശോധിക്കാനും അടക്കാനും വാഹന ഉടമകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ വ്യക്തമാക്കുന്നു. രാജ്യത്ത് ട്രാഫിക് ചലാനുകൾ തയാറാക്കുന്നതും പിഴ ഈടാക്കുന്നതും പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ്. രാജ്യത്ത് എവിടെ വെച്ച് നിങ്ങളുടെ വാഹനത്തിന് ചലാൻ ലഭിച്ചിട്ടുണ്ടെങ്കിലും ഈ വെബ്‌സൈറ്റിൽ വാഹന നമ്പറോ ചലാൻ നമ്പറോ നൽകിയാൽ വിശദാംശങ്ങൾ അറിയാനും സുരക്ഷിതമായി പണം അടക്കാനും സാധിക്കും. ഓൺലൈൻ വഴി സ്വയം പണമടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സമീപത്തുള്ള അക്ഷയ കേന്ദ്രങ്ങളോ മറ്റു ഡിജിറ്റൽ സേവന കേന്ദ്രങ്ങളോ വഴി പിഴ അടക്കാവുന്നതാണ്.