ഉറക്കമുണരുക നട്ടുച്ചക്ക്; എഴുത്തുപോലെ മേതിലിന്റെ വേറിട്ട ജീവിതം

കോഴിക്കോട്: പുരസ്കാരങ്ങളുടെ പ്രഭാവലയത്തിൽനിന്ന് വഴിമാറിനടന്ന എഴുത്തുകാരനായിരുന്നു മേതിൽ രാധാകൃഷ്ണൻ. 2014ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരം ലഭിച്ചുവെങ്കിലും അദ്ദേഹം നിരസിച്ചു. എഴുത്ത് മത്സരമായി കാണാനാവാത്തതു കൊണ്ടാണ് പുരസ്കാരങ്ങൾ ആഗ്രഹിക്കാത്തത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇപ്പോൾ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതിലെ സന്തോഷം അദ്ദേഹം മറച്ചുവെക്കുന്നില്ല.
എഴുത്തുപോലെ മേതിലിന്റെ ശീലങ്ങളും വ്യത്യസ്തമാണ്. രാവിലെ ഉണരുന്ന ശീലമേയില്ല. രാത്രി ഉറങ്ങാൻ കിടന്ന് ഉച്ചക്ക് 12 മണിയോടെ എഴുന്നേൽക്കും. എഴുന്നേറ്റ് ഫ്രഷായി വന്നാൽ ഭക്ഷണം. ചോറും കറിയുമാണ് ഇഷ്ടം. മത്സ്യവും മാംസവും വേണ്ട. ചോറിന്റെകൂടെ ഒരു കറി മാത്രം മതിയെന്നാണ് നിർബന്ധം. പപ്പടം എത്രവേണമെങ്കിലും ആവാം. എന്നാലും ചോറിലും പുട്ടിലുമൊക്കെ ഇടക്ക് പച്ചക്കറികൾ അറിയാത്ത രീതിയിൽ മിക്സ് ആക്കി കൊടുക്കും. ഭക്ഷണം കഴിക്കാൻ കുട്ടികളെ പോലെ മടിയാണ്. ഫ്രഞ്ച് ഫ്രൈസും പെപ്സിയുമൊക്കെ വലിയ ഇഷ്ടം. ചായ സ്വന്തമായി ഉണ്ടാക്കി കുടിക്കും. പാൽപൊടിയുടെ ചായയാണ് താൽപര്യം.
ഭക്ഷണം കഴിഞ്ഞാൽ ചെറിയ വിശ്രമം. കുറച്ചുനേരം കമ്പ്യൂട്ടർ ഉപയോഗിക്കും. കാഴ്ചക്ക് പ്രശ്നമുള്ളതിനാൽ അധികനേരം ഇപ്പോൾ കമ്പ്യൂട്ടർ ഉപയോഗിക്കില്ല. തന്റെ ഇരുനില വീടിന്റെ മുകൾ നിലയിലാണ് മേതിലിന് എഴുത്തുകാരി ഇന്ദുമേനോൻ മുറിയൊരുക്കിയിട്ടുള്ളത്. വിശാലമായ രണ്ട് ബാൽക്കണികളുണ്ട് മുകൾനിലക്ക്. അവിടെയിരിക്കാൻ മേതിലിന് ഇഷ്ടമാണ്. സന്ധ്യക്ക് വീട്ടുകാർ എത്തുമ്പോൾ താഴേക്കിറങ്ങിവരും. പിന്നെ കുറെനേരം സംസാരം. ചിലപ്പോൾ വൈകീട്ട് സാധനങ്ങൾ വാങ്ങാൻ അവർക്കൊപ്പം നഗരത്തിലേക്ക് ഇറങ്ങും.
കുടുംബത്തിന്റെ കൂടെ കഴിയാനാണ് താൻ തിരുവനന്തപുരത്ത് നിന്ന് ഇവിടേക്ക് വന്നതെന്ന് മേതിൽ പറയുന്നു. മകൾ ജൂണിന്റെ മരണശേഷമാണ് മേതിൽ കോഴിക്കോട്ടെത്തിയത്. മകൻ ജൂലിയന് ജോലി മധുരയിലാണ്. ഈ ആരോഗ്യസ്ഥിതിയിൽ മേതിലിന് അവിടെ പോയി നിൽക്കാൻ സാധിക്കില്ല. അതാണ് ഒരുപാട് നിർബന്ധിച്ചപ്പോൾ രാമനാട്ടുകാരയിലെ ശ്രീഹരിയിലെത്തിയത്.
ചില ബന്ധങ്ങൾ അങ്ങനെയാണെന്ന് ഇന്ദുമേനോൻ പൂരിപ്പിച്ചു. മുമ്പ് ഇടക്ക് ഇവിടെ താമസിച്ച് തൃശൂരിലേക്ക് പോകുമായിരുന്നു. ഒന്നര വർഷമായി മുഴുവൻ സമയവും ശ്രീഹരിയിലാണ്. 2025 ഫെബ്രുവരിയിലാണ് അർബുദം ബാധിച്ച് ജൂൺ വിടപറഞ്ഞത്. മകളുടെ ഹെയർ ബാൻഡ് കൈയിലിട്ട് നടക്കുന്ന ശീലമുണ്ട് അദ്ദേഹത്തിന്. അവളാണ് തന്റെ ശക്തിയെന്നും മേതിൽ പറയും.
