ജാതി സെൻസസിൽ ഒബിസിയെ ഒഴിവാക്കിയത് ചരിത്രപരമായ വഞ്ചന: റസാഖ് പാലേരി

തിരുവനന്തപുരം: രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തോളം വരുന്ന ഒ.ബി.സി വിഭാഗത്തെ ജാതി സെൻസസ് ചോദ്യാവലിയിൽ നിന്ന് ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടി ആസൂത്രിതവും ഭരണഘടനാ അട്ടിമറിയുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
ഒ.ബി.സി/എസ്.ഇ.ബി.സി എന്നത് ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ട, സാമൂഹിക-വിദ്യാഭ്യാസ മേഖലകളിൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗമാണ്. ഇവരെ സെൻസസിൽ നിന്ന് ബോധപൂർവം അപ്രത്യക്ഷമാക്കുന്നത് രാജ്യത്തെ ഭൂരിപക്ഷ ജനതയോട് ചെയ്യുന്ന ചരിത്രപരമായ വഞ്ചനയാണ്.
മണ്ഡൽ കമീഷൻ റിപ്പോർട്ട് വഴി ലഭിച്ച 27% സംവരണം അടക്കമുള്ള ഭരണഘടനാ അവകാശങ്ങൾ ഇല്ലാതാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ സംഘ്പരിവാർ ഭരണകൂടം ലക്ഷ്യം വെക്കുന്നത്. നിലവിൽ കേന്ദ്ര സർവീസുകളിലെ ഗ്രൂപ്പ് എ തസ്തികകളിൽ ഉൾപ്പെടെ ഒ.ബി.സി പ്രാതിനിധ്യം ഇപ്പോഴും 15 മുതൽ 17 ശതമാനത്തിൽ ഒതുങ്ങുമ്പോഴാണ് ഈ സമീപനം.
ജനസംഖ്യയുടെ യഥാർഥ കണക്കുകൾ പുറത്തുവന്നാൽ ആനുപാതികമായ വിഭവ വിതരണവും കൂടുതൽ സംവരണവും നൽകേണ്ടി വരും എന്ന ഭയമാണ് സർക്കാരിനെ നയിക്കുന്നത്. യാതൊരു പഠനവുമില്ലാതെ മുന്നാക്ക വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഒറ്റരാത്രി കൊണ്ട് നടപ്പിലാക്കിയ സർക്കാറിനാണ് ഒ.ബി.സി കണക്കെടുക്കാൻ സാങ്കേതിക തടസ്സങ്ങൾ ഉള്ളത് എന്നത് അവരുടെ സവർണ താൽപര്യങ്ങളെ തുറന്നുകാട്ടുന്നു.
നയരൂപീകരണത്തിന്റെ അടിസ്ഥാന രേഖയാകേണ്ട സെൻസസ് അട്ടിമറിക്കപ്പെടുമ്പോൾ, അതിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതി നിലപാട് അങ്ങേയറ്റം നിരാശാജനകമാണ്.
ജാതിരേഖ വെട്ടിമാറ്റിയത് വെറുമൊരു ‘നയപരമായ തീരുമാനമായി’ ചുരുക്കിക്കണ്ട്, സർക്കാറിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന സെൻസസ് കമീഷണറെ സമീപിക്കാൻ നിർദേശിച്ച സുപ്രീംകോടതി നടപടി വിഷയത്തിന്റെ ഗൗരവത്തെ പരിഗണിക്കാതെയാണ്.
സാമൂഹിക-സാമ്പത്തിക വിവരങ്ങൾ ശേഖരിച്ച് ജനങ്ങൾക്ക് സാമൂഹ്യനീതി ഉറപ്പാക്കേണ്ട ഭരണകൂടം തന്നെ അസമത്വം വർധിപ്പിക്കാൻ നടത്തുന്ന ഈ ഗൂഢാലോചനക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭം ഉയർന്നുവരണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.
