ആഭ്യന്തര കാർഗോ നീക്കത്തിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് റെക്കോർഡ് നേട്ടം; ചരക്ക് നീക്കത്തിൽ പ്രധാനമായും മൊബൈൽ ഫോണുകൾ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ഒക്ടോബറിൽ ആഭ്യന്തര ചരക്ക് നിക്കത്തിൽ റെക്കോർഡ് നേട്ടം. ഒക്ടോബറിൽ 444 മെട്രിക് ടൺ ആഭ്യന്തര ചരക്കാണ് കൈകാര്യം ചെയ്തത്. 2026 ജൂണിൽ രേഖപ്പെടുത്തിയ 406 മെട്രിക് ടൺ ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിമാസ നേട്ടം. ഇതിനെ അപേക്ഷിച്ച് 9.4 ശതമാനം വർധനവാണ് ഒക്ടോബറിൽ കൈവരിച്ചത്. മുൻ റെക്കോർഡിനേക്കാൾ 38 മെട്രിക് ടൺ അധികം ചരക്ക് ഈ മാസം കൈകാര്യം ചെയ്തു. കേരളത്തിൽ നിന്നുള്ള വിമാന ചരക്ക് സേവനങ്ങൾക്കുള്ള വർധിച്ചുവരുന്ന ആവശ്യകതയും വിമാനത്താവളത്തിന്റെ ആഭ്യന്തര ചരക്ക് ശൃംഖലയിൽ ബിസിനസ് സ്ഥാപനങ്ങൾ, കൊറിയർ ഓപറേറ്റർമാർ, ലോജിസ്റ്റിക്സ് പങ്കാളികൾ എന്നിവരുടെ വർധിച്ച പങ്കാളിത്തവുമാണ് ഈ നേട്ടത്തിന് പിന്നിൽ. രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളുമായി കേരളത്തെ ബന്ധിപ്പിക്കുന്നതിൽ വിമാനത്താവളം നിർണായക പങ്കുവഹിക്കുന്നു.
ചരക്ക് നീക്കത്തിലെ വർധനവിന് പ്രധാന സംഭാവന നൽകിയത് മൊബൈൽ ഫോണുകളാണ്. ഡൽഹിയിൽ നിന്നുള്ള മൊബൈൽ ഫോൺ വരവിൽ ഗണ്യമായ വർധന രേഖപ്പെടുത്തി. മുംബൈയിൽ നിന്നുള്ള ഒപ്റ്റിക്കൽ ലെൻസുകളുടെ വരവിലും ഗണ്യമായ വർധനയുണ്ടായി. കൊറിയർ, കൺസോളിഡേറ്റഡ് കാർഗോ പ്രവർത്തനങ്ങളിലും പുരോഗതിയുണ്ടായി.നേരത്തെ കൊച്ചി വഴി കൈകാര്യം ചെയ്തിരുന്ന ഔട്ട്ബൗണ്ട് കൺസോളിഡേറ്റഡ് കാർഗോ സേവനങ്ങൾ ഏതാനും ഏജൻസികൾ തിരുവനന്തപുരത്തുനിന്ന് നേരിട്ട് ആരംഭിച്ചിട്ടുണ്ട്. ഇൻബൗണ്ട് കൺസോളിഡേറ്റഡ് കാർഗോയുടെ അളവിലും വർധന രേഖപ്പെടുത്തി. പോസ്റ്റ് ഓഫീസ് മെയിൽ വിഭാഗത്തിലും ഇൻബൗണ്ട്, ഔട്ട്ബൗണ്ട് ചരക്കുനീക്കങ്ങളിൽ വളർച്ചയുണ്ടായിട്ടുണ്ട്.
ബംഗളൂരു, മുംബൈ, ഡൽഹി, ചെന്നൈ, ഹൈദരാബാദ് എന്നിവയാണ് തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള ആഭ്യന്തര ചരക്കുനീക്കത്തിലെ പ്രധാന അഞ്ച് നഗരങ്ങൾ. രാജ്യത്തെ പ്രധാന വാണിജ്യ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങളുമായുള്ള വിമാനത്താവളത്തിന്റെ വർധിച്ചുവരുന്ന ചരക്ക് കണക്റ്റിവിറ്റിയാണ് ഇത് വ്യക്തമാക്കുന്നത്.
മൊബൈൽ ഫോണുകൾ, ഒപ്റ്റിക്കൽ ലെൻസുകൾ, കൊറിയർ ചരക്കുകൾ തുടങ്ങി വിവിധ ഉൽപന്നങ്ങളുടെ നീക്കത്തിലുണ്ടായ വർധനയും ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ നേരിട്ടുള്ള ചരക്ക് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതും കാർഗോ മേഖലയിലെ വളർച്ചാ സാധ്യതകളാണ് വ്യക്തമാക്കുന്നതെന്ന് വിമാനത്താവള വക്താവ് പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എക്സിം പ്രവർത്തനങ്ങൾ ആരംഭിച്ചത് മേഖലയിലെ ലോജിസ്റ്റിക്സ് രംഗത്ത് പുതിയ അവസരങ്ങൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുറമുഖവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും തമ്മിലുള്ള വർധിച്ചുവരുന്ന സഹകരണം വിവിധ ഗതാഗത മാർഗങ്ങൾ സംയോജിപ്പിച്ചുള്ള ചരക്കുനീക്കം കൂടുതൽ ശക്തിപ്പെടുത്തും. ആഭ്യന്തര വിമാന ചരക്കുനീക്കത്തിന് അധിക ആവശ്യകത സൃഷ്ടിക്കുന്നതിനും തിരുവനന്തപുരത്തെ വളർന്നുവരുന്ന സംയോജിത ലോജിസ്റ്റിക്സ് ഹബ്ബായി ഉയർത്തുന്നതിനും ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ.
