വൈദികന്റെ പ്രസ്താവനക്ക് പിന്തുണ; എയ്ഡ്സ് സ്വകാര്യത, മറ്റൊരാളെ ചതിക്കാനുള്ളതല്ലെന്ന് ദീപിക മുഖപ്രസംഗം

കോഴിക്കോട്: വിവാഹത്തിനു മുമ്പ് മാർത്തോമ സഭയിലെ യുവതീയുവാക്കൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നടത്തണമെന്ന വൈദിക ട്രസ്റ്റി റവ. ഡോ. കെ. തോമസിന്റെ പ്രസ്താവനക്ക് പിന്തുണയുമായി ദീപിക ദിനപത്രം. ‘എയ്ഡ്സ് സ്വകാര്യത, മറ്റൊരാളെ ചതിക്കാനുള്ളതല്ല’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലൂടെയാണ് പത്രം നിലപാട് വ്യക്തമാക്കിയത്.
‘‘വിവാഹിതരാകുന്നവർക്ക് എയ്ഡ്സ് സർട്ടിഫിക്കറ്റ് അഥവാ എച്ച്.ഐ.വി നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാൽ ആർക്കാണ് കുഴപ്പം? മുഖ്യമായും, ലൈംഗികബന്ധത്തിലൂടെ പടരുന്ന എയ്ഡ്സ് എന്ന മാറാവ്യാധി മറച്ചുവച്ച് വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക്. ആർക്കാണ് രക്ഷ? ഇത്തരമൊരു രോഗാവസ്ഥ മറച്ചുവെക്കുന്ന വ്യക്തിയെ വിവാഹം കഴിച്ചു നിത്യരോഗിയാകേണ്ടി വരുന്ന പങ്കാളിക്കും ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കും. വിദേശയാത്രകൾക്കും പലവിധ ജോലികൾക്കും ഇത്തരം മെഡിക്കൽ സർട്ടിഫിക്കറ്റുകൾ വേണം.’’ -മുഖപ്രസംഗത്തിൽ കുറിച്ചു.
കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട് എന്ന സർട്ടിഫിക്കറ്റില്ലാതെ ഒരു ട്രെയിനിൽ കയറാനോ വിനോദയാത്ര പോകാനോ പോലും വിലക്കേർപ്പെടുത്തിയ രാജ്യത്ത്, ഒരു ആയുഷ്കാല യാത്രയുടെ പങ്കാളിക്ക് ഇത്തരമൊരു സർട്ടിഫിക്കറ്റ് കൊടുക്കണമെന്നു പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനെ പത്രം ചോദ്യം ചെയ്യുന്നുണ്ട്.
സ്ത്രീകളെ വീട്ടിലൊതുക്കണമെന്നു പറയുന്നവരെ ന്യായീകരിക്കാൻ, എയ്ഡ്സ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്നു പറയുന്നവരുമായി സാമാന്യവത്കരിച്ച് മുഖപ്രസംഗമെഴുതാൻ വരെ മടിയില്ലാത്ത സ്ഥിതിയായെന്നും വിമർശനസ്വരമുയർത്തി. അത്തരം വോട്ടുരാഷ്ട്രീയത്തെ തിരസ്കരിക്കുന്നതിനൊപ്പം, എച്ച്.ഐ.വി നെഗറ്റീവ് സർട്ടിഫിക്കറ്റ് വിവാഹത്തിന്റെ യോഗ്യതാ സർട്ടിഫിക്കറ്റ് ആക്കി കേരളം കാപട്യം കൈവെടിയണമെന്നുമാണ് പത്രം വ്യക്തമാക്കുന്നത്.
‘എയ്ഡ്സിനു കാരണമായ എച്ച്.ഐ.വി ബാധിതരുടെ സ്വകാര്യത തീർച്ചയായും സംരക്ഷിക്കപ്പെടേണ്ടതാണ്. പക്ഷേ, അത് ഒളിപ്പിച്ചുവച്ച് വിവാഹിതരായി ജീവിതപങ്കാളിയെയും മക്കളെയും രോഗികളാക്കുന്നത് സ്വകാര്യതയല്ല, ചതിയാണ്. സ്വകാര്യത ഒരാളുടേതു മാത്രമാണ്; പക്ഷേ, കുടുംബം എല്ലാ മനുഷ്യാവകാശങ്ങളുമുള്ള മറ്റൊരാളുടേതുകൂടിയാണ്. മറ്റൊരാളെ വിശ്വാസവഞ്ചന നടത്തി ജീവിതം തുലക്കുന്നതിനോളം നീളുന്നതാണ് ഒരാളുടെ സ്വകാര്യതയെങ്കിൽ അതിനോളം കാപട്യം മറ്റൊന്നില്ല.’ -മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
എയ്ഡ്സ് രോഗിയുടെ സ്വകാര്യത സംരക്ഷിച്ചു വിവാഹബന്ധവും കിടപ്പറയുമൊരുക്കാൻ സ്വകാര്യതാവാദികളുടെ കുടുംബങ്ങൾ തയാറാകട്ടെയെന്ന് വിമർശിക്കുന്ന പത്രം, മറ്റുള്ളവരുടെ കാര്യത്തിൽ എയ്ഡ്സ് സർട്ടിഫിക്കറ്റ് വിവാഹത്തിന്റെ നിബന്ധനയാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.
‘കർണാടക സർക്കാർ എല്ലാ കാമ്പസുകളിലും എച്ച്.ഐ.വി ടെസ്റ്റ് നടത്തുകയാണ്. മാർത്തോമ സഭയിൽ നടക്കേണ്ട വിവാഹങ്ങളെല്ലാം ഇത്തരം ടെസ്റ്റുകൾക്ക് വിധേയമായ ശേഷമേ നടത്താവൂവെന്ന് ആഗ്രഹിക്കുന്നു. ഒരു പെണ്‍കുട്ടിയെ മണവാട്ടിയാക്കി ദേവാലയത്തില്‍ കൊണ്ടുവരുമ്പോള്‍ ആ ശരീരം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉറപ്പുകൊടുക്കാന്‍ കഴിയണം. കുടുംബസംഗമത്തിലൂടെ ഇതാണ് ലക്ഷ്യമിടുന്നത്’-എന്നാണ് റവ. തോമസ് പ്രസംഗിച്ചത്. തിരുവനന്തപുരം സെന്റ് തോമസ് സ്കൂളിൽ നടന്ന കുടുംബസംഗമത്തിലായിരുന്നു ഈ പ്രസംഗം.
അതേസമയം, സഭയിലെ യുവതീയുവാക്കളെ അപമാനിക്കുന്ന പരാമർശങ്ങളാണ് വൈദികൻ നടത്തിയതെന്ന് ആരോപിച്ച് സഭയിലെ തന്നെ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. സഭയുടെ അഭിമാനമായി, മാന്യമായി വളർത്തുന്ന യുവജനങ്ങളെ പരസ്യമായി അപമാനിച്ചതിന് വൈദിക ട്രസ്റ്റി മാപ്പുപറയണമെന്ന ആവശ്യവും ഉയർന്നിരുന്നു.
