'മുൻ സർക്കാരിന്റേത് ജനദ്രോഹ നടപടി, ജനങ്ങൾക്ക് അധിക ബാധ്യത വരുത്തിവെക്കില്ല'; പിണറായി വിജയന്റെ ആരോപണം വസ്തുതാവിരുദ്ധം: വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വൈദ്യുതി ഇടപാടിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ദുരൂഹതയുണ്ടെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി.
കെ.എസ്.ഇ.ബിയിലെ വൈദ്യുതി വാങ്ങൽ കരാറുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനും സർക്കാരും തമ്മിൽ രൂക്ഷമായ ആരോപണപ്രത്യാരോപണങ്ങളാണ് കുറച്ചുദിവസങ്ങളായി നടക്കുന്നത്. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വിശദമായ കണക്കുകളും രേഖകളും ഉദ്ധരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
ഹിമാചൽ പ്രദേശ് 14.50 രൂപക്ക് ഓഫർ ചെയ്ത കരാർ പിന്നീട് 12.50 രൂപയായി കുറച്ചുവെന്ന പിണറായി വിജയന്റെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 12.50 രൂപ നിരക്ക് ഹിമാചൽ അധികൃതർ ഔദ്യോഗികമായി ശരിവെച്ചിട്ടില്ലെന്നാണ് മുൻ കെ.എസ്.ഇ.ബി ചെയർമാന്റെ കുറിപ്പിൽ വ്യക്തമാക്കുന്നത്. പി.ടി.സി എന്ന ഇടനിലക്കാർ വഴിയാണ് ഹിമാചൽ പ്രപ്പോസൽ വന്നതെന്നും അവരുടെ മാർജിൻ ഉൾപ്പെടെയാണ് നിരക്ക് നിശ്ചയിച്ചതെന്നും പ്രതിപക്ഷ നേതാവ് സൗകര്യപൂർവം മറച്ചുവെക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കേരളത്തിൽ രൂക്ഷമായ വൈദ്യുതി ക്ഷാമമുണ്ടെന്ന് കെ.എസ്.ഇ.ബി ചെയർമാൻ 2026 ഒക്ടോബർ 29ന് നൽകിയ ഫയലിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. വേനൽക്കാലത്ത് ദീർഘനേരത്തെ പവർകട്ട് ഒഴിവാക്കാൻ അടിയന്തര തീരുമാനമെടുക്കണമെന്ന് ഫയലിൽ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ വൈദ്യുതി ആവശ്യമുള്ള നോൺ സോളാർ, പീക്ക് സമയങ്ങളിൽ (വൈകിട്ട് 6:30 മുതൽ രാത്രി 10:30 വരെ) ജി.എൻ.എ വഴി ഹിമാചൽ കരാറിനേക്കാൾ കൂടുതൽ വൈദ്യുതി കുറഞ്ഞ നിരക്കിൽ ലഭ്യമാകും. ജി.എൻ.എ വഴി പകൽ ലഭിക്കുന്ന അധിക വൈദ്യുതി ഉപയോഗിച്ച് ഡാമുകളിലെ ജലസംഭരണം വേനൽക്കാലത്തേക്ക് ക്രമീകരിക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്തും ജി.എൻ.എ വഴി വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും അതിൻ്റെ കണക്കുകൾ നൽകാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫയൽ വൈദ്യുതി മന്ത്രി തന്നെയാണ് മുഖ്യമന്ത്രിയുടെ പരിഗണനക്ക് അയച്ചതെന്നും സംസ്ഥാന താൽപ്പര്യവും സാമ്പത്തിക ബാധ്യതയും പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും ഉദ്യോഗസ്ഥർ നൽകുന്ന ഏത് പേപ്പറിനും താഴെ കണ്ണടച്ച് ഒപ്പിടുന്നത് സർക്കാരിന്റെ ശൈലിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
