നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈലിനൊഴികെ മൂന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ചു

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ ഒന്നാം പ്രതിയായ സുഹൈൽ സജീവ് ഒഴികെ ബാക്കി മൂന്ന് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. സുഹൈലിനെ നവംബർ 16ന് റിലീസ് ചെയ്യാമെന്നും കോടതി ഉത്തരവിട്ടു. കാറിലുണ്ടായിരുന്ന സഹയാത്രികരായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.

അപകടസമയം അമിതവേഗതയിൽ വാഹനമോടിച്ച ഒന്നാം പ്രതി സുഹൈൽ സജീവിന് ഉടൻ ജാമ്യമില്ലെന്നും 0 ദിവസത്തിന് ശേഷം മാത്രമേ ജാമ്യം അനുവദിക്കൂ എന്നും കോടതി നിർദേശിച്ചു. അതിനുള്ളിലായി അന്വേഷണം പൂർത്തിയാക്കണമെന്ന് പ്രോസിക്യൂഷനോട് കോടതി നിർദേശിക്കുകയും ചെയ്തു. സുഹൈലിനെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. എന്നാൽ കൂടെയുണ്ടായിരുന്നവർക്കെതിരെ പ്രേരണാക്കുറ്റമാണ് ഉണ്ടായിരുന്നത്.

മറ്റുള്ളവർക്കെതിരെയുള്ള കുറ്റം നേരിട്ട് നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഇവർക്ക് ജാമ്യം നൽകിയത്. കഴിഞ്ഞ ഒക്ടോബർ 11-ന് പുലർച്ചെ നെടുമ്പാശ്ശേരി എയർപോർട്ട്-അത്താണി റോഡിലാണ് അപകടം ഉണ്ടായത്. പ്രതികൾ സഞ്ചരിച്ച കാറിടിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് പേരാണ് മരണപ്പെട്ടത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും എറണാകുളം അഡീഷണൽ സെഷൻസ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്