മറന്നുവെച്ച 12.54 കോടി മൂല്യമുള്ള സാധനങ്ങൾ ഉടമകൾക്ക് കൈമാറി റെയിൽവേ; യാത്രക്കിടെ വസ്തുകൾ നഷ്ടപ്പെട്ടാൽ 139-ൽ പരാതി നൽകാം

കൊല്ലം: കഴിഞ്ഞ രണ്ടു വർഷത്തിനിടെ ട്രെയിൻ യാത്രയിൽ മറന്നുവെച്ചതും നഷ്ടപ്പെട്ടതുമായ 12.54 കോടി രൂപ മൂല്യമുള്ള സാധനങ്ങൾ ഉടമകൾക്ക് തിരിക്കെ നൽകി റെയിൽവേ സംരക്ഷണസേന (ആർ.പി.എഫ്). തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 2025-ലും 2026-ലും ലഭ്യമായ കണക്കുകളും പ്രകാരം 2,109 ഇനങ്ങളാണ് തിരികെ നൽകിയത്. ട്രെയിനിൽ യാത്രക്കാർ മറന്നുവെക്കുന്ന ലഗേജും വിലപിടിപ്പുള്ള സാധനങ്ങളും പരാതി ലഭിക്കുന്ന മുറക്ക് വീണ്ടെടുത്ത് ഉടമകൾക്ക് കൈമാറുകയാണ് ആർ.പി.എഫ് ചെയ്യുന്നതെന്ന് തിരുവനന്തപുരം സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമീഷണർ മുഹമ്മദ് ഹനീഫ് പറഞ്ഞു.
സാധനങ്ങൾ മറന്നുവെച്ചതായി പരാതി ലഭിച്ചാൽ, ട്രെയിൻ ഏതു സ്ഥലത്താണെന്ന് കണ്ടെത്തി അവിടത്തെ ആർ.പി.എഫിന് വിവരം കൈമാറും. തുടർന്ന്, യാത്രക്കാർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട കോച്ചിലും സീറ്റിലും പരിശോധന നടത്തിയാണ് സാധനങ്ങൾ കണ്ടെത്തുന്നത്.
സ്വർണാഭരണങ്ങൾ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, പണം, മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. യാത്രക്കിടെ ലഗേജ് നഷ്ടപ്പെട്ടാലുടൻ റെയിൽവേ അധികൃതരെയോ ആർ.പി.എഫിനെയോ സമീപിക്കണമെന്നും പരാതി നൽകുമ്പോൾ ട്രെയിൻ നമ്പർ, കോച്ച്, സീറ്റ് എന്നിവ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി കൈമാറണമെന്നും അധികൃതർ നിർദേശിക്കുന്നു.
ട്രെയിനിൽ മറന്നുവെച്ച സാധനങ്ങളുടെ കൂട്ടത്തിൽ, ഒരു സിനിമയുടെ ചിത്രീകരണദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്കും ഉണ്ടായിരുന്നു. ഇതിന് ഏകദേശം മൂന്നുകോടി രൂപയാണ് മൂല്യം കണക്കാക്കുന്നത്.
ട്രെയിൻയാത്രക്കിടെ ലഗേജോ വിലപിടിപ്പുള്ള സാധനങ്ങളോ നഷ്ടപ്പെട്ടാൽ റെയിൽവേ ഹെൽപ്പ്ലൈൻ നമ്പറായ 139 ലോ റെയിൽ മദാദ് ആപ്പ്, പോർട്ടൽ എന്നിവ വഴിയോ പരാതി നൽകാം. ട്രെയിൻ നമ്പർ, കോച്ച്, ബെർത്ത് നമ്പർ, ബാഗിന്റെ നിറം, വലിപ്പം തുടങ്ങിയ വിവരങ്ങൾ നൽകണം. പണമോ സ്വർണമോ അടങ്ങിയ ബാഗുകൾ കണ്ടെത്തിയാൽ സ്വതന്ത്രസാക്ഷികളുടെ സാന്നിധ്യത്തിൽ പട്ടിക തയാറാക്കും. നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച് സി.ഇ.ഐ.ആർ പോർട്ടൽ വഴിയും റിപ്പോർട്ട് ചെയ്യാം. തിരിച്ചറിയൽ രേഖകളും ടിക്കറ്റ് വിവരങ്ങളും ഹാജരാക്കി സാധനങ്ങൾ കൈപ്പറ്റാം. നേരിട്ടെത്താൻ കഴിയാത്തവർക്ക് അധികാരപത്രം നൽകി ബന്ധുക്കൾ മുഖേനയും വീണ്ടെടുക്കാം. സാധനങ്ങൾ കൈപ്പറ്റുന്നതിന് പിഴയീടാക്കില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
