ഇന്ത്യയെ തകർത്ത ബൗളർക്ക് കോഹ്ലിയുടെ ആദരം! മാറ്റ് ഹെൻറിക്ക് ജഴ്സി സമ്മാനിച്ച് സൂപ്പർതാരം -വിഡിയോ

വിരാട് കോഹ്ലിയും മാറ്റ് ഹെൻറിയും
മൗണ്ട് മംഗനൂയി: ഇന്ത്യൻ ബാറ്റിങ് നിരയെ തരിപ്പണമാക്കിയ ന്യൂസിലൻഡ് പേസ് ബൗളർ മാറ്റ് ഹെൻറിക്ക് ടീമിന്റെ ജഴ്സി സമ്മാനിച്ച് സൂപ്പർതാരം വിരാട് കോഹ്ലി. മത്സരത്തിനുശേഷമാണ് കോഹ്ലി ജഴ്സി സമ്മാനിക്കുന്നത്.
നാലാം ഏകദിനത്തിൽ ഇന്ത്യയെ 244 റൺസിനാണ് ആതിഥേയരായ കീവീസ് തകർത്തത്. ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവികളിലൊന്ന്. ന്യൂസിലൻഡിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഹെൻറിയുടെ ബൗളിങ് മികവിനുള്ള അംഗീകാരം കൂടിയായി കോഹ്ലിയുടെ ആദരം. ബ്ലാക്ക് ക്യാപ്സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട ദൃശ്യങ്ങളിൽ ഇരുവരും അൽപനേരം സംസാരിക്കുന്നതും കോഹ്ലി ജഴ്സി കൈമാറുന്നതും കാണാം. കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ഹെൻറി സ്വന്തം ആരാധകർക്കു മുന്നിൽ പുറത്തെടുത്തത്. 9.4 ഓവറുകൾ പന്തെറിഞ്ഞ ഹെൻറി 27 റൺസ് വഴങ്ങി ആറു വിക്കറ്റുകൾ വീഴ്ത്തി. 26.4 ഓവറിൽ വെറും 89 റൺസിനാണ് ഇന്ത്യ ഓൾ ഔട്ടായത്.
ശ്രീലങ്കക്കെതിരെ 245 റൺസിന്റെ തോൽവി വഴങ്ങിയതാണ് ഇന്ത്യയുടെ ഏകദിനത്തിലെ ഏറ്റവും വലിയ തോൽവി. ഒരു റൺ സ്കോർ ബോർഡിൽ ചേർക്കും മുമ്പ് മാറ്റ് ഹെൻറിയുടെ ആദ്യ ഓവറിൽ രോഹിത് ശർമയും വിരാട് കോഹ്ലിയും ക്യാപ്റ്റൻ ശ്രേയസ് അയ്യരും പുറത്തായതോടെ തന്നെ ഇന്ത്യ തോൽവി ഉറപ്പിച്ചിരുന്നു. ഈ തകർച്ചയിൽനിന്ന് കരകയറാൻ പിന്നീട് ഇന്ത്യക്കായില്ല. ഇന്ത്യക്കെതിരായ തന്റെ ബൗളിങ് മികവിനുള്ള മറ്റൊരു പ്രകടനമാണ് ഹെൻറി കാഴ്ചവെച്ചത്. 12 ഏകദിന ഇന്നിങ്സുകളിൽ നാല് തവണ നാലോ അതിലധികമോ വിക്കറ്റുകൾ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മറ്റൊരു ബൗളർക്കും അവകാശപ്പെടാനില്ലാത്ത റെക്കോഡ്. മത്സരത്തിലെ ആറ് വിക്കറ്റ് നേട്ടത്തോടെ ന്യൂസിലൻഡിനായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടങ്ങൾ സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയിൽ ഷെയ്ൻ ബോണ്ടിനൊപ്പവും ഹെൻറി എത്തി.
റിച്ചാർഡ് ഹാഡ്ലിയും ട്രെന്റ് ബോൾട്ടുമാണ് ഈ പട്ടികയിൽ മുന്നിലുള്ളത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 334 റൺസെന്ന കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ ഉയർത്തിയത്. 108 പന്തിൽ 14 ഫോറും നാല് സിക്സും ഉൾപ്പെടെ 125 റൺസ് നേടിയ വിൽ യങ്ങിന്റെ ബാറ്റിങ്ങാണ് ടീം സ്കോർ 300 കടത്തിയത്. ടിം സീഫെർട്ടിനൊപ്പം 85 റൺസിന്റെ കൂട്ടുകെട്ടും ഫിൻ അലനൊപ്പം 90 റൺസിന്റെ കൂട്ടുകെട്ടും താരം പടുത്തുയർത്തി. സീഫെർട്ട് 58 റൺസും അലൻ 41 റൺസും നേടി.
മറുപടി ബാറ്റിങ്ങിൽ ഇഷാൻ കിഷനാണ് ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയത്. 27 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്നാൽ ന്യൂസിലൻഡ് ബൗളിങ് ആക്രമണത്തിന് മുന്നിൽ ഇന്ത്യൻ ബാറ്റിങ് നിരക്ക് പിടിച്ചുനിൽക്കാനായില്ല. തോറ്റെങ്കിലും പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ഞായറാഴ്ച നടക്കുന്ന അവസാന മത്സരം വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര നേടാനാകും, ന്യൂസീലൻഡ് ജയിച്ചാൽ പരമ്പര സമനിലയിലാകും.
