ഓർമ്മകൾ നിറഞ്ഞ പുസ്തകപ്രകാശനത്തിന് ഷാർജ പുസ്തകോത്സവം വേദിയായി

ഷാർജ: കേരള ഭരണപരിഷ്കരണ കമീഷൻ ചെയർമാൻ ഡോ. എം. കെ. മുനീർ, മൻസൂർ പള്ളൂരിന്റെ ‘മയ്യഴിയിൽ നിന്ന് മരുഭൂമിയിലേക്ക്’ എന്ന പുസ്തകം പ്രകാശനം ചെയ്തപ്പോൾ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദി വ്യത്യസ്തമായൊരു അനുഭവത്തിന് സാക്ഷിയായി. വ്യവസായ പ്രമുഖൻ വി. ടി. സലീം പുസ്തകം ഏറ്റുവാങ്ങി.

ഗൾഫ് പ്രവാസത്തിന്റെ പഴയകാല ഓർമ്മകൾ പങ്കുവെച്ച മുനീർ, പുസ്തകം പ്രകാശിപ്പിക്കാൻ കഴിഞ്ഞത് അഭിമാനമുഹൂർത്തമാണെന്ന് വ്യക്തമാക്കി. രണ്ടു ദേശങ്ങൾക്കിടയിലെ പ്രവാസിയുടെ ആത്മബന്ധമാണ് രചനയുടെ ഹൃദയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുനീറിന്റെ വാക്കുകൾ സദസ്സിനെ ഗൃഹാതുരമായ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയപ്പോൾ ഗ്രന്ഥകാരന്റെ കണ്ണുകൾ ഈറനണിയുന്നത് കാണാമായിരുന്നെന്ന് അവതാരകയും പ്രശസ്ത മാധ്യമപ്രവർത്തകയുമായ റോഷ്നി രാജൻ പറഞ്ഞു.

താഹ മാടായി, പി. ആർ. പ്രകാശ്, നൗഷാദ്, സിവ ഷഹീൻ എന്നിവർ സംസാരിച്ചു. റോഷ്നി രാജൻ ചടങ്ങ് നിയന്ത്രിച്ചു. ഗ്രന്ഥകാരൻ മൻസൂർ പള്ളൂർ മറുപടിപ്രസംഗം നടത്തി.