ഫേസ്ബുക്ക് കുറിപ്പിലൂടെ രാജി പ്രഖ്യാപിച്ച് പാലക്കാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എസ്ബി രാജു; വി. പൊന്നുകുട്ടൻ പുതിയ പ്രസിഡന്റാകും

പാലക്കാട്: ഫേസ്ബുക്ക് കുറിപ്പിലൂടെ പാലക്കാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ച് സി.പിഎം നേതാവും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ എസ്.ബി. രാജു.

‘ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന ഉത്തരവാദിത്തത്തിൽനിന്ന് ഇന്ന് ഒഴിവാകുകയാണ്. അതിനാൽ പ്രസിഡന്റ് എന്ന ചുമതലയിൽ ഏറ്റിരുന്ന എല്ലാ പരിപാടികളും ഒഴിവാക്കിയതായി അറിയിക്കുന്നു’ -എന്നാണ് അദ്ദേഹം കുറിച്ചത്.

അധികാരവും പദവിയും ജനസേവനത്തിനുള്ള ഉത്തരവാദിത്തമാണെന്ന വിശ്വാസത്തോടെയാണ് ഈ കാലയളവിൽ പ്രവർത്തിക്കാൻ ശ്രമിച്ചത്. കാലയളവ് ചെറുതായിരുന്നെങ്കിലും സാധാരണ മനുഷ്യരുടെ ജീവിതത്തെ സ്പർശിക്കുന്ന ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, ദുർബല ജനവിഭാഗങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങളിൽ ഇടപെടാനും ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കാനും പരമാവധി ശ്രമിച്ചിട്ടുണ്ട്.

ഈ പ്രവർത്തനങ്ങൾക്ക് പിന്തുണയും സഹകരണവും നൽകിയ എന്റെ പാർട്ടിക്കും മുന്നണിക്കും ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കും ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ-സാമൂഹിക- മാധ്യമ രംഗത്തെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി.’ -രാജു കൂട്ടിച്ചേർത്തു.

പ്രസിഡന്റ് പദവിയിൽനിന്ന് മാത്രമാണ് പടിയിറങ്ങുന്നതെന്നും ജനങ്ങൾക്കിടയിലും അവരുടെ പ്രശ്നങ്ങൾക്കൊപ്പവും പൊതുപ്രവർത്തനത്തിന്റെ വഴിയിലും തുടർന്നും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഉത്തരവാദിത്തത്തിലേക്ക് വരുന്ന സഖാവിന് എല്ലാ സഹായവും നൽകി ഒപ്പം ഉണ്ടാകുമെന്നും ഫേസ്ബുക്കിൽ കുറിച്ചു.

രാജുവിന് പകരം സി.പി.എം ജില്ല സെക്രട്ടേറിയേറ്റ് അംഗവും പല്ലശന ഡിവിഷൻ അംഗവുമായ വി. പൊന്നുകുട്ടൻ പുതിയ പ്രസിഡന്റാകുമെന്നാണ് വിവരം. ഒരു വർഷത്തിനിടെ ഇത് മൂന്നാമത്തെ ആളാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റാകുന്നത്.

ആദ്യം ടി.എം. ശശിയായിരുന്നു ജില്ല പഞ്ചായത്ത് പ്രസിഡന്റ്. ശശി ആലത്തൂർ എം.എൽ.എ ആയതിനെത്തുടർന്നാണ് എസ്.ബി. രാജു പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. പല്ലശനയിൽ നിന്ന് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് വി. പൊന്നുകുട്ടൻ ജില്ല പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.