യൂസുഫ് പത്താന്റെ ഭൂമി കൈയേറ്റം ബി.ജെ.പി 'കഴുകി വെളുപ്പിച്ചെന്ന്' കോണ്‍ഗ്രസ്; 20 കോടിയുടെ ഇടപാടിൽ വിവാദം

അഹമ്മദാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എം.പിയുമായ യൂസുഫ് പത്താന് ഗുജറാത്തിൽ കോടികൾ വിലമതിക്കുന്ന ഭൂമി പ്രത്യേക ഇളവുകളോടെ അനുവദിച്ചതിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ്. നേരത്തെ സർക്കാർ നിരസിക്കുകയും കൈയേറ്റ വിവാദത്തിൽ കോടതിയിലെത്തുകയും ചെയ്ത ഭൂമി സൗജന്യമായും കുറഞ്ഞ വിലയിലും നൽകാനുള്ള തീരുമാനം രാഷ്ട്രീയ താൽപര്യത്തിന്റെ ഭാഗമാണെന്ന് ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ അമിത് ചാവ്ഡ ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് വിട്ട് രാഷ്ട്രീയ നിലപാട് മാറ്റിയതോടെ പഠാന്റെ അനധികൃത നടപടികളെല്ലാം ബി.ജെ.പിയുടെ ‘വാഷിങ് മെഷീനിൽ’ കഴുകി വെളുപ്പിച്ചെടുത്തിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

വഡോദരയിലെ തന്തൽജയിൽ പഠാന്റെ വീടിനോട് ചേർന്നുള്ള 978 ചതുരശ്ര മീറ്റർ ഭൂമിയാണ് വിവാദത്തിനാധാരം. വഡോദര മുനിസിപ്പൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലത്തിന് ഏകദേശം 20 കോടി രൂപ വിലമതിക്കും. ഇതിൽ 500 ചതുരശ്ര മീറ്റർ സൗജന്യമായും ശേഷിക്കുന്ന 478 ചതുരശ്ര മീറ്റർ വിപണി മൂല്യത്തിന്റെ 55 ശതമാനം നിരക്കിലും പഠാന് അനുവദിക്കാനാണ് തീരുമാനം. ഒക്ടോബർ 23ന് കോർപറേഷന്റെ സ്റ്റാൻഡിങ് കമ്മിറ്റി ഇതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചിരുന്നു.

പത്താന് മാത്രമായി പ്രത്യേക ആനുകൂല്യം നൽകുന്ന സർക്കാർ തീരുമാനം നിയമത്തിനുമുന്നിലെ തുല്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് ചാവ്ഡ കുറ്റപ്പെടുത്തി. അർജുന അവാർഡ് നേടിയ മറ്റു ക്രിക്കറ്റ് താരങ്ങൾക്ക് പോലും ഈ ഇളവ് ലഭിക്കില്ലെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരാൾക്കുവേണ്ടി മാത്രം ഇത്തരമൊരു തീരുമാനം എടുക്കുന്നതിന്റെ അടിസ്ഥാനമെന്താണെന്നും അദ്ദേഹം ചോദിച്ചു.

2012 മാർച്ചിലാണ് വീടിനോട് ചേർന്നുള്ള ഭൂമി താമസാവശ്യത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പത്താന് വഡോദര മുനിസിപ്പൽ കോർപറേഷനെ സമീപിച്ചത്. അന്ന് ചതുരശ്ര മീറ്ററിന് 52,270 രൂപയാണ് ഔദ്യോഗിക വില നിശ്ചയിച്ചിരുന്നത്. രാജ്യത്തിന് ക്രിക്കറ്റിലൂടെ അഭിമാനനേട്ടങ്ങൾ സമ്മാനിച്ച താരമെന്ന പരിഗണനയിൽ അതേവർഷം ജൂണിൽ കോർപറേഷന്റെ ബി.ജെ.പി നേതൃത്വത്തിലുള്ള സ്റ്റാൻഡിങ് കമ്മിറ്റി ഭൂമി അനുവദിക്കാൻ ശിപാർശ ചെയ്തു. എന്നാൽ, 2014 ജൂണിൽ സംസ്ഥാന നഗരവികസന വകുപ്പ് അപേക്ഷ തള്ളുകയായിരുന്നു.

പിന്നീട് ഭൂമി അനധികൃതമായി കൈവശംവെച്ചെന്നാരോപിച്ച് കോർപറേഷൻ പഠാന് നോട്ടീസ് നൽകി. ഇതിനെതിരെ പത്താന് ഗുജറാത്ത് ഹൈകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. സിംഗിൾ ബെഞ്ച് ഹരജി തള്ളിയതിന് പിന്നാലെ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീൽ അദ്ദേഹം പിൻവലിക്കുകയും ചെയ്തു.

ഇതിനിടെ, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ‘ടി.പി 22, എഫ്.പി 90’ എന്ന തർക്കഭൂമി പഠാൻ സ്വന്തം സ്വത്തായി രേഖപ്പെടുത്തിയെന്നും കോൺഗ്രസ് ആരോപിച്ചു. സർക്കാർ നേരത്തെ അനുവദിക്കാൻ വിസമ്മതിച്ച ഭൂമി സ്വന്തം പേരിൽ രേഖപ്പെടുത്തിയത് എങ്ങനെയാണെന്ന് ചാവ്ഡ ചോദിച്ചു.

പൊതുആവശ്യങ്ങൾക്കായി മാറ്റിവെച്ച ഭൂമിയാണ് ഇത്തരത്തിൽ കൈമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്കൂൾ, ആശുപത്രി, പാർക്ക് തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട സ്ഥലമാണിത്. കൈയേറ്റം ഒഴിപ്പിക്കാൻ ഹൈകോടതി നിർദേശിച്ച ഭൂമി പിന്നീട് പ്രത്യേക ഇളവോടെ കൈമാറാൻ തീരുമാനിച്ചത് ദുരൂഹമാണെന്നും ചാവ്ഡ ആരോപിച്ചു.

സാധാരണക്കാർക്ക് സർക്കാർ ഭൂമി ലഭിക്കാൻ വർഷങ്ങളോളം ഓഫിസുകൾ കയറിയിറങ്ങേണ്ടിവരുമ്പോഴാണ് സ്വാധീനമുള്ളവർക്ക് കോടികളുടെ ആനുകൂല്യം നൽകുന്നതെന്ന് കോൺഗ്രസ് നേതാവ് വിമർശിച്ചു. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് 100 ചതുരശ്ര വാര ഭൂമി പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. സാമൂഹിക, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഭൂമി ആവശ്യപ്പെടുന്നവരിൽനിന്നുപോലും വിപണി വിലയേക്കാൾ ഉയർന്ന തുക ഈടാക്കാൻ സർക്കാർ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാർ ഭൂമിയിൽ സാധാരണക്കാർ ചെറിയ നിർമാണപ്രവർത്തനം നടത്തിയാൽ പോലും ഭൂമി കൈയേറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കുന്ന അധികൃതർ പഠാന്റെ കാര്യത്തിൽ വ്യത്യസ്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും ചാവ്ഡ പറഞ്ഞു.

2024ൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പശ്ചിമ ബംഗാളിലെ ബഹറാംപൂരിൽനിന്ന് ലോക്സഭയിലെത്തിയ പത്താന് പിന്നീട് പാർട്ടി വിട്ട് നാഷനലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്നിരുന്നു. രാഷ്ട്രീയ സമവാക്യങ്ങളിലെ ഈ മാറ്റത്തിനുശേഷമാണ് നേരത്തെ തള്ളിയ ഭൂമി അപേക്ഷക്ക് വീണ്ടും അനുകൂല തീരുമാനമുണ്ടായതെന്നാണ് കോൺഗ്രസിന്റെ ആരോപണം.

അതേസമയം, ക്രിക്കറ്റിലൂടെ രാജ്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പഠാന് ഭൂമി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചതെന്നാണ് കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയുടെ വിശദീകരണം. സംസ്ഥാന സർക്കാറിന്റെ അനുമതിയുടെ അടിസ്ഥാനത്തിലാണ് പ്രമേയം പാസാക്കിയതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.