ഷുക്കൂർ വധം: ആത്തിക്ക ഉമ്മക്ക് നീതി നൽകാൻ നമുക്ക് ബാധ്യതയുണ്ട്; ഗൂഢാലോചകരെ തുറുങ്കിലടക്കണം -കെ.കെ. രമ

കോഴിക്കോട്: അരിയിൽ അബ്ദുൽ ഷുക്കൂർ വധക്കേസിൽ ഗൂഢാലോചനക്കാരായ നേതാക്കളെ നിയമത്തിന് മുന്നിലെത്തിക്കാതെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അന്ത്യം കുറിക്കാനാവില്ലെന്ന് കെ.കെ. രമ എംഎൽഎ. ടിപി കൊലപാതകക്കേസില്‍ പോലും അമ്പതിലേറെ പ്രോസിക്യൂഷന് സാക്ഷികള്‍ കൂറുമാറിയ അനുഭവം കേരളത്തിന് മുന്നിലുണ്ടെന്നും അവർ ഓർമിപ്പിച്ചു.
ആത്തിക്കയെന്ന ഉമ്മയുടെ നെഞ്ചിലെരിയുന്ന അകാല പുത്രവിയോഗദുഃഖത്തിന്റെ തീരാക്കനലുകളില് നീതിയുടെ ഒരു തുള്ളി നനവ് വീഴ്ത്താന്‍ നമ്മുടെ നീതിവഴികളുടെ അവസാനം വരെ പോകാന്‍ തീര്‍ച്ചയായും നമുക്ക് ബാധ്യതയുണ്ട്. ഷുക്കൂറിന്റെ കൊലപാതകത്തിൽ നീതി ഉറപ്പാക്കാൻ മേൽക്കോടതികളിൽ നിയമപോരാട്ടം നടത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് സി.പി.എമ്മുകാർ കൊലപ്പെടുത്തിയ ടി.പി.ചന്ദ്രശേഖരന്റെ വിധവയായ രമയുടെ പ്രതികരണം.
‘രാഷ്ട്രീയ കൊലപാതകങ്ങളിലെ ഗൂഢാലോചനക്കാരിലേക്ക് നിയമത്തിന്റെ കരങ്ങള്‍ക്ക് എത്താന്‍ കഴിഞ്ഞ കേസുകളുടെ എണ്ണമെടുത്താല്‍, ടി പി കേസൊഴികെ ഒന്നുപോലുമുണ്ടാകില്ലെന്ന് നമുക്കറിയാം. അതിനര്‍ത്ഥം രാഷ്ട്രീയ മണ്ഡലത്തില്‍ അരങ്ങേറിയ ഈ കൊലപാതകങ്ങളാകെ ഒരാലോചനയുമില്ലാത്ത അണികളുടെ വികാരക്ഷോഭത്തില്‍ സംഭവിച്ചതാണെന്നല്ല. മറിച്ച് വളരെ ആസൂത്രിതമായി നേതൃത്വം നടപ്പിലാക്കുന്ന ഈ ചോരക്കുരുതിക്ക് തെളിവ് നല്‍കാനും സാക്ഷി പറയാനുമൊന്നും ജീവനില്‍ കൊതിയുള്ളൊരാളും സന്നദ്ധമാവില്ലെന്ന് മാത്രമാണ്.
കേരളത്തിന്റെ പൊതു ജനാധിപത്യ മനഃസാക്ഷി കണ്ണിമ ചിമ്മാതെ കാവലിരുന്ന ടി പി കൊലപാതകക്കേസില്‍ പോലും അമ്പതിലേറെ പ്രോസിക്യൂഷന് സാക്ഷികള്‍ കൂറുമാറിയ അനുഭവം കേരളത്തിന് മുന്നിലുണ്ട്. ഷുക്കൂര്‍ കേസ് വിചാരണയിലും നാം കണ്ടത് അതിന്റെ തനിയാവര്‍ത്തനം തന്നെയാണ്. ‘ആയുധ’ങ്ങളെ അഴിക്കുള്ളിലാക്കിയാല്‍ അറുകൊലകള്‍ക്ക് അറുതിയാകുമെന്ന മൗഢ്യം ദുരനുഭവ ധാരാളിത്തം കൊണ്ട് വൈകിയെങ്കിലും ഉപേക്ഷിച്ചവരുടെ നാടാണ് കേരളം. ഗൂഢാലോചകരായ ചോരക്കൊതിയന് നേതാക്കളെ തുറുങ്കിലടക്കാതെ, കുടുംബങ്ങളെ തീരാക്കണ്ണീരിലനാഥമാക്കുന്ന, സമൂഹത്തെ എന്നെന്നേക്കുമായി ഭയത്തിന്റെ തടവുകാരാക്കുന്ന, രാഷ്ട്രീയത്തെ ഗോത്രപ്പകകളില് അരാഷ്ട്രീയമാക്കുന്ന, രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് തീര്‍ച്ചയായും അന്ത്യം കുറിക്കാനാവില്ല’ -രമ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
കേരളത്തിന്റെ ജനമനഃസാക്ഷിയെ നടുക്കിയ അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ കൊലപാതക കേസില്‍ വിധി വന്നിരിക്കുന്നു.
അതിനിഷ്ഠൂരമായ ആ കൊലപാതകത്തില്‍ സിപിഎമ്മിന്റെ സംഘടനാ സംവിധാനങ്ങള്‍ക്കുള്ള അനിഷേധ്യമായ പങ്കിന് അര്‍ത്ഥശങ്കയില്ലാത്തവിധം അടിവരയട്ടുകൊണ്ടാണ് ബഹുമാനപ്പെട്ട കോടതി അരഡസനിലേറെ സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം തുറുങ്കുവാസം വിധിച്ചിരിക്കുന്നത്.
സിപിഎമ്മിന്റെയും ഡി.വൈ.എഫ്.ഐ-യുടേയും സജീവ പ്രവര്‍ത്തകരും നേതാക്കളും, നേതാക്കളുടെ മക്കളുമടക്കം 13 പേര് ഈ കൊലപാതകത്തിലെ കുറ്റവാളികളായി ജയിലിലേക്ക് പോകുമ്പോള്‍ സി.പി.എം നേതൃത്വത്തിന്റെ, വിശേഷിച്ച് കണ്ണൂര്‍ സി.പി.എം നേതൃത്വത്തിന്റെ അക്രമോത്സുകമായ അസഹിഷ്ണുതയുടേയും ചോരക്കൊതിയുടേയും രാഷ്ട്രീയമാണ് ഒരിക്കല്‍ക്കൂടി പൊതുമധ്യേ നഗ്നമാക്കപ്പെട്ടിരിക്കുന്നത്.
വളഞ്ഞുപിടിച്ച്, മണിക്കൂറുകള്‍ തടങ്കലില്‍ വെച്ച്, വിചാരണ നടത്തി, ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ പരസ്യമായി നടപ്പിലാക്കിയ ഭയാനകമായ പാര്ട്ടീക്കോടതി വധശിക്ഷയായിരുന്നു ഷുക്കൂറിന്റേതെന്ന് നാടിനാകെ ബോധ്യമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ ഉന്നതനേതാക്കളില്‍ ചിലര്‍ സാക്ഷിമൊഴികളുടെ അഭാവത്തില്‍ ഈ ക്രൂരമായ വധത്തിന്റെ ഗൂഢാലോചനാക്കുറ്റത്തില്‍ നിന്ന് വിമുക്തരാക്കപ്പെട്ടതില് എന്തെങ്കിലും പുതുമയുണ്ടെന്ന് കണ്ണൂരിന്റെ രാഷ്ട്രീയ കൊലപാതകചരിത്രമറിയുന്നവര്ക്കാര്ക്കും അഭിപ്രായമുണ്ടാവാനിടയില്ല.
രാഷ്ട്രീയ കൊലപാതകങ്ങളിലെ ഗൂഢാലോചനക്കാരിലേക്ക് നിയമത്തിന്റെ കരങ്ങള്‍ക്ക് എത്താന്‍ കഴിഞ്ഞ കേസുകളുടെ എണ്ണമെടുത്താല്‍, ടി പി കേസൊഴികെ ഒന്നുപോലുമുണ്ടാകില്ലെന്ന് നമുക്കറിയാം. അതിനര്‍ത്ഥം രാഷ്ട്രീയ മണ്ഡലത്തില്‍ അരങ്ങേറിയ ഈ കൊലപാതകങ്ങളാകെ ഒരാലോചനയുമില്ലാത്ത അണികളുടെ വികാരക്ഷോഭത്തില്‍ സംഭവിച്ചതാണെന്നല്ല. മറിച്ച് വളരെ ആസൂത്രിതമായി നേതൃത്വം നടപ്പിലാക്കുന്ന ഈ ചോരക്കുരുതിക്ക് തെളിവ് നല്‍കാനും സാക്ഷി പറയാനുമൊന്നും ജീവനില്‍ കൊതിയുള്ളൊരാളും സന്നദ്ധമാവില്ലെന്ന് മാത്രമാണ്. കേരളത്തിന്റെ പൊതു ജനാധിപത്യ മനഃസാക്ഷി കണ്ണിമ ചിമ്മാതെ കാവലിരുന്ന ടി പി കൊലപാതകക്കേസില്‍ പോലും അമ്പതിലേറെ പ്രോസിക്യൂഷന് സാക്ഷികള്‍ കൂറുമാറിയ അനുഭവം കേരളത്തിന് മുന്നിലുണ്ട്.
ഷുക്കൂര്‍ കേസ് വിചാരണയിലും നാം കണ്ടത് അതിന്റെ തനിയാവര്‍ത്തനം തന്നെയാണ്. “ആയുധ”ങ്ങളെ അഴിക്കുള്ളിലാക്കിയാല്‍ അറുകൊലകള്‍ക്ക് അറുതിയാകുമെന്ന മൗഢ്യം ദുരനുഭവ ധാരാളിത്തം കൊണ്ട് വൈകിയെങ്കിലും ഉപേക്ഷിച്ചവരുടെ നാടാണ് കേരളം.
ഗൂഢാലോചകരായ ചോരക്കൊതിയന് നേതാക്കളെ തുറുങ്കിലടക്കാതെ, കുടുംബങ്ങളെ തീരാക്കണ്ണീരിലനാഥമാക്കുന്ന, സമൂഹത്തെ എന്നെന്നേക്കുമായി ഭയത്തിന്റെ തടവുകാരാക്കുന്ന, രാഷ്ട്രീയത്തെ ഗോത്രപ്പകകളില് അരാഷ്ട്രീയമാക്കുന്ന, രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് തീര്‍ച്ചയായും അന്ത്യം കുറിക്കാനാവില്ല.
അതുകൊണ്ടു തന്നെ അരിയില്‍ ആത്തിക്കയെന്ന ഉമ്മയുടെ നെഞ്ചിലെരിയുന്ന അകാല പുത്രവിയോഗദുഃഖത്തിന്റെ തീരാക്കനലുകളില് നീതിയുടെ ഒരു തുള്ളി നനവ് വീഴ്ത്താന്‍ നമ്മുടെ നീതിവഴികളുടെ അവസാനം വരെ പോകാന്‍ തീര്‍ച്ചയായും നമുക്ക് ബാധ്യതയുണ്ട്. കേരളം ഭരിക്കുന്ന സര്‍ക്കാര്‍ കേരളീയ ജനാധിപത്യ മനഃസാക്ഷിയുടെ ശബ്ദമായി ഷുക്കൂറിന്റെ ചോരയ്ക്ക് നീതി തേടി മേല്‍ക്കോടതികളില്‍ നിയമപോരാട്ടത്തിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുകയാണ്.
രക്തദാഹിനേതൃത്വങ്ങള് അസഹിഷ്ണുതയുടെ അറവാളുകള്‍ ഉപേക്ഷിക്കും വരെ, വിട്ടുവീഴ്ചയില്ലാതെ ഈ പോരാട്ടത്തില്‍ ഉറച്ചുനില്ക്കാന് സമാധാനവും നീതിയുമാഗ്രഹിക്കുന്ന മുഴുവന്‍ മനുഷ്യരും, ഒപ്പമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.
