കണ്ടറിയാത്തവൻ കൊണ്ടറിയും, കൊണ്ടിട്ടും അറിയാത്തവരോട് എന്ത് പറയാനെന്ന് കെ രാജൻ; പിഎം ശ്രീയിൽ ശിവൻകുട്ടിയെ തള്ളി വീണ്ടും സിപിഐ

കോഴിക്കോട്: പി.എം ശ്രീ ഒപ്പിടൽ ദുർബലനിമിഷത്തിൽ സംഭവിച്ചുപോയതാണെന്ന് ഇടതുമുന്നണി വിലയിരുത്തിയിട്ടും മുൻ വിദ്യാഭ്യാസ മന്ത്രിക്ക് മാത്രം കാര്യം മനസ്സിലാകുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ അഡ്വ. കെ. രാജൻ എം.എൽ.എ.

എ.ഐ.വൈ.എഫ് സംസ്ഥാന സമ്മേളന സംഘാടകസമിതി രൂപവത്കരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എം ശ്രീ നടപ്പാക്കാതിരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഇടപെടലുകൾക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. പദ്ധതിയുമായി ഒരടിപോലും മുന്നോട്ടുപോയിട്ടില്ല. കണ്ടറിയാത്തവൻ കൊണ്ടറിയും. എന്നാൽ, കൊണ്ടിട്ടും അറിയാത്തവരോട് എന്ത് പറയാനാണെന്നും അദ്ദേഹം ചോദിച്ചു.

അധികാരത്തിലെത്തും മുമ്പ് പി.എം ശ്രീയെ ശക്തമായി എതിർത്തിരുന്നവരാണ് കോൺഗ്രസും മുസ്‍ലിം ലീഗും. പദ്ധതി അജണ്ടയിലില്ലെന്ന് പറയുമ്പോഴും പിന്മാറാതെ തുടരാൻ ഏത് സംഘപരിവാറുകാരാണ് ഇടപെടുന്നത്.

സംഘപരിവാറിനോട് വിധേയത്വം കാണിക്കുന്നവരായി യു.ഡി.എഫ് സർക്കാർ മാറി. മന്ത്രിമാർ വകുപ്പുകളിലെ കാര്യങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. മയിൽപീലി പരീക്ഷ അറിഞ്ഞില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. ഇത് അപമാനകരമാണ്.

പി.എം ശ്രീയിൽ തങ്ങൾ തിരുത്തിയതുകൊണ്ടാണ് എൽ.ഡി.എഫ് അന്തസ്സ് ഉയർത്തിപ്പിടിച്ചതെന്ന സി.പി.ഐ വാദം ശരിയല്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇതിന് മുറപടിയായി, ശിവൻകുട്ടിക്ക് സി.പി.ഐയെ അറിയില്ലെങ്കിൽ അറിയാൻ ശ്രമിക്കണമെന്നും അദ്ദേഹത്തിന് രാഷ്ട്രീയബോധം നഷ്ടപ്പെട്ടോ എന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ തിരിച്ചടിച്ചിരുന്നു.

ഏത് പ്രശ്നം വന്നാലും വീണ്ടും പി.എം ശ്രീ ഉയർത്തി പിടിക്കുന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് ശരിയല്ലെന്ന് ശിവൻകുട്ടി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനകൾ മുന്നണി ഐക്യത്തിന് യോജിക്കുന്നതല്ല. പി.എം ശ്രീ ഒപ്പിട്ടത് ദുർബല നിമിഷത്തിലാണ് സംഭവിച്ചതെന്ന് പറയാനാവില്ല.

കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ദുർബല നിമിഷമില്ല. ഇതെന്ത് മുന്നണി ബന്ധമാണ്?. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിൽ നാല് സി.പി.ഐ മന്ത്രിമാരാണുണ്ടായിരുന്നത്.

സർക്കാറിന്റെ നേട്ടവും കോട്ടവും അവർക്കും അവകാശപ്പെട്ടതാണ്. കോട്ടത്തിന്റെ എല്ലാം ഉത്തരവാദി സി.പി.എം മന്ത്രിമാരെന്ന് പറയുന്നത് ശരിയല്ല. പി.എം ശ്രീയിൽ സി.പി.ഐക്ക് എതിർപ്പുണ്ടായിരുന്നു. എന്നാൽ, പി.എം ശ്രീ വേണ്ടെന്നുവെച്ചത് എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി യോഗമാണെന്ന് ശിവൻകുട്ടി കൂട്ടിച്ചേർത്തു.

ശിവൻകുട്ടി സി.പി.ഐയുടെ രാഷ്ട്രീയം പഠിക്കണമെന്നായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം. അനവസരത്തിൽ ആർക്കുവേണ്ടി, എന്തിനുവേണ്ടിയാണ് ശിവൻകുട്ടി പ്രസ്താവന നടത്തുന്നത്?. കോൺഗ്രസിനുള്ളിൽ പ്രശ്നം നിലനിൽക്കുമ്പോഴാണ് ശിവൻകുട്ടിയുടെ ഈ പ്രസ്താവനയെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തിയിരുന്നു.