പി.എസ്.സി അംഗങ്ങളുടെ നിയമനം: കോൺഗ്രസ് പ്രതിനിധികളിൽ മുസ്‌ലിം, പട്ടിക വിഭാഗങ്ങളെ അവഗണിച്ചത് തിരുത്തണമെന്ന് മെക്ക

കൊച്ചി: കേരള പബ്ലിക് സർവിസ് കമീഷനിലേക്കുള്ള (പി.എസ്.സി) പുതിയ അംഗങ്ങളുടെ നിയമനത്തിൽ മുസ്‌ലിം, പട്ടിക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നിഷേധിച്ചതിൽ പ്രതിഷേധവുമായി മുസ്‌ലിം എംപ്ലോയീസ് കൾചറൽ അസോസിയേഷൻ (മെക്ക). മന്ത്രിസഭ അംഗീകരിച്ച നാല് കോൺഗ്രസ് പ്രതിനിധികളിൽ ഒരാൾ പോലും മുസ്‌ലിം, പട്ടിക വിഭാഗങ്ങളിൽനിന്ന് ഇല്ലാത്തത് അത്യന്തം ഖേദകരവും നിരാശാജനകവുമാണെന്ന് സംഘടന കുറ്റപ്പെടുത്തി. തീരുമാനം പുനഃപരിശോധിച്ച് അർഹരായവർക്ക് പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് മെക്ക സംസ്ഥാന കമ്മിറ്റി നിവേദനം നൽകി.

കേരളത്തിലെ ജനസംഖ്യയിൽ 28 മുതൽ 30 ശതമാനം വരെ വരുന്ന മുസ്‌ലിംകളും സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പട്ടിക വിഭാഗങ്ങളും യു.ഡി.എഫിന്റെ വിജയത്തിനായി ഒറ്റക്കെട്ടായി നിലകൊണ്ടവരാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തണമെന്ന അവരുടെ പ്രതീക്ഷകളെ തകർക്കുന്നതാണ് കഴിഞ്ഞ ആറുമാസമായി പ്രധാന പദവികളിലേക്കുള്ള രാഷ്ട്രീയ നിയമനങ്ങളിൽ കണ്ടുവരുന്ന അവഗണനയെന്ന് നിവേദനത്തിൽ ആരോപിച്ചു.

പ്ലാനിങ് ബോർഡ് നിയമനത്തിൽ ആദ്യം സംഭവിച്ച പിഴവ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ മുമ്പിൽ അവതരിപ്പിച്ച ശേഷം മുസ്‌ലിം അംഗത്തെ ഉൾപ്പെടുത്തി തിരുത്തൽ വരുത്തിയ മുഖ്യമന്ത്രിയുടെ നടപടി സ്വാഗതാർഹമാണ്. അതേ നീതിബോധവും കരുതലും പി.എസ്.സി നിയമനത്തിലും പ്രകടമാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

എല്ലാ സമുദായങ്ങൾക്കും അർഹമായ പ്രാതിനിധ്യവും സാമൂഹികനീതിയും ഉറപ്പാക്കണമെന്ന നിലപാടാണ് മെക്കയുടേത്. മുസ്‌ലിം, പട്ടിക വിഭാഗങ്ങളിൽനിന്ന് ഒരാളെപ്പോലും കോൺഗ്രസ് പ്രതിനിധികളായി ഉൾപ്പെടുത്താതെയുള്ള നിയമനം സാമൂഹികനീതിയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

നവംബർ 18ലെ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിച്ച് പി.എസ്.സിയിലെ കോൺഗ്രസ് പ്രതിനിധികളിൽ മുസ്‌ലിം, പട്ടിക വിഭാഗങ്ങളിൽനിന്നുള്ള അർഹരായവരെ ഉൾപ്പെടുത്തണം. പ്ലാനിങ് ബോർഡ് നിയമനത്തിൽ വരുത്തിയതുപോലുള്ള തിരുത്തൽ അടിയന്തരമായി പി.എസ്.സിയിലും നടപ്പാക്കണം. ഭാവിയിൽ വിവിധ കമീഷനുകൾ, സ്റ്റാറ്റ്യൂട്ടറി കമ്മിറ്റികൾ, ബോർഡുകൾ, കോർപറേഷനുകൾ, അക്കാദമികൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള നിയമനങ്ങളിൽ എല്ലാ വിഭാഗങ്ങൾക്കും ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കാൻ വ്യക്തമായ മാനദണ്ഡം രൂപവത്കരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് മുസ്‌ലിം, പിന്നാക്ക വിഭാഗങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മെക്ക വ്യക്തമാക്കി.

മെക്ക സംസ്ഥാന പ്രസിഡന്റ് എം. ആരിഫ് ഖാൻ, ജനറൽ സെക്രട്ടറി എൻ.കെ. അലി, മെക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനോറിറ്റി സ്റ്റഡീസ് ഡയറക്ടർ പ്രഫ. എ.എം. റഷീദ് എന്നിവരാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.

അഡ്വ. ജി. ഗോപകുമാർ, രമേശ് എം. തമ്പി, റോസമ്മ ഫിലിപ്പ്, അഡ്വ. ആർ. സനൽകുമാർ എന്നിവരെയാണ് പി.എസ്.സി അംഗങ്ങളായി കോൺഗ്രസ് നിർദേശിച്ചത്. മുസ്ലിം ലീഗിൽ നിന്ന് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തിന്‍റെ പേരാണ് പട്ടികയിലുള്ളത്.

കോട്ടയം ഡി.സി.സി വൈസ് പ്രസിഡന്‍റാണ് അഭിഭാഷകനായ ഗോപകുമാർ. കേരള പിഎസ്‌സി എംപ്ലോയീസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റാണ് രമേശ് എം. തമ്പി. പത്തനാപുരം മൗണ്ട് താബോർ ട്രെയിനിങ് കോളജ് മുൻ പ്രിൻസിപ്പലും കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍റെ ഭാര്യയുമാണ് ഡോ. റോസമ്മ ഫിലിപ്പ്. അമ്പലപ്പുഴയിലെ കോൺഗ്രസ് നേതാവായ ആർ. സനൽകുമാർ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കാലത്ത് ജില്ല ഗവ. പീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു.