സോഷ്യൽ ഓഡിറ്റ് ഡയറക്ടർ; തസ്തികയും പുതിയ നിയമന നീക്കവും വിവാദമാകുന്നു

കണ്ണൂർ: പ്രായപരിധി കഴിഞ്ഞ് അയോഗ്യനായിട്ടും സോഷ്യൽ ഓഡിറ്റ് ഡയറക്ടർ തസ്തികയിൽ തുടരുന്നതും പുതിയ നിയമനവും വീണ്ടും വിവാദമാകുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നിയമിതനായ ഡയറക്ടർക്ക് പ്രായപരിധി കഴിഞ്ഞതിനാൽ കാലാവധി നീട്ടിനൽകാൻ എൽ.ഡി.എഫ് സർക്കാർ തന്നെ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നെങ്കിലും കേന്ദ്ര ഗ്രാമവികസന വകുപ്പ് തള്ളുകയായിരുന്നു.

പുതിയ നിയമനം നടക്കുന്നതു വരെ തുടരാൻ മുൻ സർക്കാർ ഉത്തരവ് നൽകുകയും ഡയറക്ടർ നിയമനത്തിനായി നോട്ടിഫിക്കേഷൻ പരസ്യപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഇതിലേക്കുള്ള നടപടികൾ സ്വീകരിക്കേണ്ട സംസ്ഥാന തൊഴിലുറപ്പ് മിഷൻ നിയമന കാര്യത്തിൽ ഗുരുതരമായ അലംഭാവമാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് അപേക്ഷകൾ ക്ഷണിച്ചെങ്കിലും അർഹരായവർ അപേക്ഷകരായി എത്തിയില്ല എന്ന കാരണത്താൽ തുടർനടപടികളിലേക്ക് കടക്കാതെ വൈകിപ്പിച്ചു.

സംസ്ഥാന തൊഴിലുറപ്പ് മിഷൻ കണ്ടു െവച്ചിരുന്നവർ സർവിസിൽനിന്ന് വിരമിച്ച് യോഗ്യതാ പരിധിയിൽ ഉൾപ്പെടാനാണ് ഈ കാലതാമസം വരുത്തിയതെന്നായിരുന്നു ആക്ഷേപം. അഭിമതർ യോഗ്യതാ മാനദണ്ഡ പരിധി പൂർത്തിയായതോടെ മിഷൻ വീണ്ടും അപേക്ഷ ക്ഷണിച്ചു. സംസ്ഥാന മിഷന്റെ കണ്ണിൽ യോഗ്യരാണെന്ന് കണ്ടെത്തിയ രണ്ടു പേരുടെ ലിസ്റ്റ് പുതിയ സർക്കാറിന് കൈമാറുകയും ചെയ്തു.

ഇവരെ മാത്രം ക്ഷണിച്ച് ഇന്റർവ്യൂ നടത്തിയായിരുന്നു പട്ടിക തയാറാക്കിയത്. ഒരു തസ്തികയുടെ അഭിമുഖത്തിന് മൂന്നു പേരെങ്കിലും ഉണ്ടായിരിക്കണമെന്ന മാനദണ്ഡം കാറ്റിൽ പറത്തിയതിനാൽ തദ്ദേശ മന്ത്രിയുടെ ഓഫിസിൽനിന്നും നിയമന ഫയൽ ഒപ്പിടാതെ മടക്കി. എന്നാൽ, ഒരുമാസം മുമ്പ് തദ്ദേശ വകുപ്പിൽ പുതിയ ഉന്നത ഉദ്യോഗസ്ഥൻ ചാർജെടുത്തതോടെ ചട്ടവിരുദ്ധ നിയമനം തന്ത്രപരമായി നടപ്പാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന മിഷൻ. അപേക്ഷകൾ പുനഃപരിശോധിച്ച് വിവിധ ജില്ലകളിലുള്ള യോഗ്യരായവരെയെല്ലാം ഉൾപ്പെടുത്തി അഭിമുഖം നടത്തി അർഹതയുള്ളവരെ നിയമിക്കണമെന്നാണ് ആവശ്യം.