‘വെളുത്ത് പാറാൻ ഫെയർനസ് ക്രീം’;മലപ്പുറത്ത് 17 കാരിയ്ക്ക് ഗുരുതര വൃക്ക രോഗം, മെർക്കുറി അളവ് കൂടുതലെന്ന് കണ്ടെത്തൽ

 

മലപ്പുറം: സംസ്ഥാനത്തെ വിപണികളിൽ കൂടുതൽ സജീവമായി മെർക്കുറി വിഷബാധ അടങ്ങിയ ഫെയർനസ് ക്രീമുകളുടെ ഓൺലൈൻ വിൽപ്പന. ഇത്തരം ക്രീം ഒരു വർഷമായി ഉപയോഗിച്ച മലപ്പുറത്തെ പതനേഴുകാരിക്ക് മെംബ്രനസ് നെഫ്രോപ്പതി എന്ന ഗുരുതര വൃക്ക രോഗം കണ്ടെത്തി. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ വ്യാപകമായി പ്രമോട്ട് ചെയ്യുന്ന ക്രീം തന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധിപേർ ഉപയോഗിക്കുന്നതായി പെൺകുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.

ക്രീം വാങ്ങി ഒരു വർഷത്തോളമാണ് പെൺകുട്ടി ഉപയോഗിച്ചത്. മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാൻ ക്രീം ഉപയോഗിച്ച് തുടങ്ങിയ പെൺകുട്ടി, കടുത്ത ശാരീരിക അവശതകളും തലവേദനയും ശരീരത്തിൽ നീരും അനുഭവപ്പെട്ടതിനെതുടർന്ന് ചികിത്സ തേടുകയായിരുന്നു.

പെൺകുട്ടിയുടെ ആരോഗ്യനില പരിശോധിച്ചതിൽ മെർക്കുറി അളവ് കൂടുതലാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കേന്ദ്ര ലാബിൽ ക്രീം പരിശോധനക്ക് അയച്ചു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾ ലംഘിച്ച്, വലിയ അളവിൽ മെർക്കുറി ക്രീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി.ക്രീം ഉപയോഗിക്കുക വഴി ശരീരത്തിൽ പ്രവേശിക്കുന്ന മെർക്കുറി വൃക്കകളുടെ അരിപ്പകളെ നശിപ്പിക്കുകയും മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ വൃക്കകളുടെ പ്രവർത്തനം തന്നെ നിലക്കാൻ സാധ്യതയെന്നും ഡോക്ടർമാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *