‘പരീക്ഷ നടത്താമെന്നേയുള്ളൂ, ഫലം പുറത്തുവിടാനാകില്ല’; മയിൽപ്പീലി പരീക്ഷയിലെ കോടതി ഇടപെടലിൽ വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: മയിൽപ്പീലി പരീക്ഷയുമായി ബന്ധപ്പെട്ട കോടതി നിർദ്ദേശം സർക്കാരിന് പ്രതികൂലമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഒരു രാഷ്ട്രീയ സംഘടനയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണമാണ് മയിൽപ്പീലിയെന്നും നാളത്തെ പരീക്ഷ നടത്താൻ മാത്രമാണ് കോടതി അനുമതി നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാൻ പോലും അനുമതിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ പൊതുനയം ഉയർത്തിപ്പിടിക്കുന്നവർക്ക് മാത്രമേ ഇത്തരം പരിപാടികൾക്കുള്ള അനുമതി നൽകാവൂ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ നയം കൊണ്ടുവരുമെന്നും വർഗീയ അജണ്ടകൾക്കെതിരാണ് യുഡിഎഫ് സർക്കാരെന്നും എൻ. ഷംസുദ്ദീൻ വ്യക്തമാക്കി.
മയിൽപ്പീലിയുടെ സ്വഭാവം എന്താണെന്ന് മനസ്സിലാക്കാതെ ജോയിന്റ് ഡയറക്ടർ അനുമതി നൽകിയതിൽ പിഴവ് സംഭവിച്ചുവെന്നാണ് മന്ത്രിയുടെ വാദം. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സർക്കാർ ഇടപെടുകയും അതിനെതിരെ നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പരീക്ഷ നടത്താനുള്ള കോടതി വിധിക്കെതിരെ അപ്പീൽ പോകാനുള്ള സമയമില്ല. നിലവിൽ പരീക്ഷ നടത്താനുള്ള അനുമതി മാത്രമേയുള്ളൂവെന്നും അതിന്റെ ഫലം പ്രസിദ്ധീകരിക്കാൻ പോലും കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.
പരീക്ഷയുടെ ഗൗരവവും സ്വഭാവവും എന്താണെന്ന് മനസ്സിലാക്കാതെ അനുമതി നൽകിയതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചു എന്നും മന്ത്രി എടുത്തുപറഞ്ഞു. ഇനി ഇത്തരം പരീക്ഷകൾ നടത്തുന്നതിന് സർക്കാർ മാനദണ്ഡങ്ങൾ കൊണ്ടുവരുമെന്നും രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള മാനദണ്ഡമായിരിക്കും രൂപീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കൂൾ വിദ്യാർഥികൾക്കുള്ള മയിൽപ്പീലി യങ് സ്കോളർ ജില്ലതല പരീക്ഷ നവംബർ 22 നാണ് നടക്കുന്നത്. അതേസമയം, ഫലപ്രഖ്യാപനവും സംസ്ഥാനതല പരീക്ഷയും ഇനിയൊരു ഉത്തരവുവരെ പാടില്ലെന്ന ഉപാധിയോടെയാണ് ജസ്റ്റിസ് പി. ഗോപിനാഥ് ഇടക്കാല ഉത്തരവിലൂടെ പരീക്ഷക്ക് അനുമതി നൽകിയത്.
അധ്യാപക പരിഷത്തും കുട്ടികളുടെ മാസികയായ മയിൽപ്പീലിയും സംയുക്തമായി അഞ്ചുമുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പൊതുവിജ്ഞാന പരീക്ഷ ഓൺലൈനായാണ് നടത്തുന്നത്. ദേശീയ അധ്യാപക പരിഷത്ത് (എൻടിയു.) ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ നൽകിയ ഹരജിയിലാണ് ഉത്തരവ്.
രണ്ടുലക്ഷം രൂപ സ്കോളർഷിപ്പ് നൽകുന്ന പരീക്ഷക്ക് ഒക്ടോബർ 12ന് പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയിരുന്നു. തുടർന്ന് സ്കൂൾ, ഉപജില്ലതലങ്ങളിൽ പരീക്ഷ നടന്നു.
എന്നാൽ, ഉപജില്ല കഴിഞ്ഞതിനു പിന്നാലെ പരാതികളുടെ അടിസ്ഥാനത്തിൽ അനുമതി പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി. മുൻകൂട്ടി നോട്ടീസ് നൽകുകയോ വിശദീകരണം കേൾക്കുകയോ ചെയ്യാതെയാണ് നടപടിയെന്നായിരുന്നു ഹരജിക്കാരുടെ വാദം. മറ്റു സംഘടനകൾ സമാന പരീക്ഷകൾ നടത്തുന്നുണ്ടെന്നും ജില്ലതല രജിസ്ട്രേഷൻ പൂർത്തിയായെന്നും അറിയിച്ചു.
രാഷ്ട്രീയ-മത സംഘടനകൾക്ക് അനുമതി നൽകിയത് നിയമ വിരുദ്ധമായതിനാലാണ് അനുമതി പിൻവലിച്ചതെന്നും പരാതിയിൽ അന്വേഷണം നടത്തിയാണ് തീരുമാനമെടുത്തതെന്നും സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ അഡ്വക്കറ്റ് ജനറൽ മുഹമ്മദ് ഷാ പറഞ്ഞു. എന്നാൽ, നോട്ടീസ് നൽകാതെ അനുമതി റദ്ദാക്കിയത് സ്വാഭാവിക നീതിലംഘനമാണെന്ന് വിലയിരുത്തിയാണ് കോടതി അനുമതി നൽകിയത്.
