മന്ത്രി സണ്ണി ജോസഫ് സംസാരിക്കവെ കറന്റ് പോയി; കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

കണ്ണൂർ: വൈദ്യുതിയുടെ ഒളിച്ചുകളിയിൽ വീണ്ടും പെട്ട് വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ശനിയാഴ്ച രാവിലെ കണ്ണൂർ കേരള സഹകരണ റിസ്ക് ഫണ്ട് ധനസഹായ വിതരണ പരിപാടിക്കിടെയാണ് കറന്റ് പോയത്. മന്ത്രി സണ്ണി ജോസഫ് വേദിയിൽ എത്തിയതിനു പിന്നാലെ നിലച്ച വൈദ്യുതിക്കായി അൽപനേരം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.
ഒടുവിൽ മൈക്കില്ലാതെ തനിക്കും വേദിയിലുമുള്ളവർക്കും സ്വാഗതമോതുന്നതിന് മന്ത്രി സാക്ഷിയായി. പിന്നീട് ജനറേറ്റർ എത്തിച്ചാണ് പരിപാടി തുടർന്നത്. സംഭവത്തില്‍ ടി.ഒ. മോഹനൻ എം.എൽ.എ നൽകിയ പരാതിയെ തുടർന്ന് കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെഷനിലെ സബ് എൻജിനീയറായ പി.വി. സതീഷ് ബാബുവിനെ മണിക്കൂറുകൾക്കുള്ളിൽ സസ്പെന്റ് ചെയ്തു.
വൈദ്യുതി തടസ്സം കാരണം പ്രസംഗം പാതിവഴിയിൽ നിർത്തേണ്ടിവന്നെങ്കിലും ആ സാഹചര്യത്തെ രസകരമായാണ് അദ്ദേഹം നേരിട്ടത്. ‘എന്റെ പ്രസംഗം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇവിടത്തെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് അറിയാമെന്ന് സണ്ണി ജോസഫ് ഇരുട്ടിൽ നിന്നുകൊണ്ട് പറഞ്ഞത് ചിരി പടർത്തി. നേരത്തേ കൊച്ചിയിൽ കെ.എസ്.ഇ.ബി ഓഫിസേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി സംസാരിക്കവെ സമാന സംഭവം നടന്നിരുന്നു.
ഇടതുസംഘടനാ നേതാക്കൾ ബോധപൂർവം പരിപാടി അലങ്കോലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ടി.ഒ. മോഹനൻ കെഎസ്ഇബി ചെയർമാന് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് കെഎസ്ഇബി ചെയർമാൻ സബ് എൻജിനീയറോട് വിശദീകരണം ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണികൾക്ക് വേണ്ടി ലൈൻ ഓഫാക്കിയതാണെന്നും മന്ത്രിയുടെ പരിപാടി ഉള്ളതായി അറിയില്ലായിരുന്നു എന്നുമാണ് സബ് എൻജിനീയർ വ്യക്തമാക്കിയത്. എന്നാൽ ഇത് ശരിയായ വിശദീകരണമല്ലെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥനെ കെഎസ്ഇബി സസ്പെൻഡ് ചെയ്യുകയായിരുന്നു.
