‘ഷാഫി പറമ്പിൽ ‘എ’ ഗ്രൂപ്പുകാരാനെന്ന് പറയുന്നത് ലോകത്തിലെ എട്ടാമത്തെ അത്ഭുതം’; രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: സൈബർ ആക്രമണങ്ങൾക്കെതിരെ തുറന്നടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. ഷാഫി പറമ്പിൽ എംപി ‘എ’ ഗ്രൂപ്പിന്റെ ഭാഗമാണെന്ന് പറയുന്നത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിട്ടേ കാണാൻ കഴിയൂ എന്നും, താൻ പറഞ്ഞതിൽ ഏതെങ്കിലും ഒന്ന് അടിസ്ഥാനരഹിതമാണെന്ന് തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ അടൂരിലെ ഒരു വീടാണെന്നും ‘ആശാന്’ വേണ്ടി ‘ശിഷ്യൻ’ ഇറങ്ങിയിരിക്കുകയാണെന്നും ഉണ്ണിത്താൻ ആരോപിച്ചു.
തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾ വ്യാജ ഐഡികളിൽ നിന്നുള്ള സംഘടിത നീക്കമാണ്. താൻ ഷാഫി പറമ്പിലിനെ വ്യക്തിപരമായി അപമാനിച്ചിട്ടില്ലെന്നും, അദ്ദേഹം ഇപ്പോൾ ‘എ’ ഗ്രൂപ്പിൽ അല്ല എന്ന് മാത്രമാണ് പറഞ്ഞതെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. കെ.സി. ജോസഫും ബെന്നി ബഹനാനുമാണ് കറകളഞ്ഞ ‘എ’’ ഗ്രൂപ്പുകാർ. ‘എ’ ഗ്രൂപ്പിന് സർട്ടിഫിക്കറ്റ് നൽകുന്നത് താനല്ലെങ്കിലും, ഷാഫി പറമ്പിൽ ‘എ’ ഗ്രൂപ്പുകാരനാണെന്ന വാദം ഒരിക്കലും അംഗീകരിക്കില്ല.
ഉമ്മൻചാണ്ടിയെ സോളാർ, സരിത കേസുകളിൽ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ, ഉമ്മൻചാണ്ടിയെയും ഭാര്യ മറിയാമ്മയെയും മകൾ മറിയത്തെയും പ്രതിരോധിക്കാൻ മുന്നിൽ നിന്നത് താനാണെന്നും. അന്ന് സിദ്ധിഖ് മാത്രമാണ് ഒപ്പമുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി മരിച്ച് രണ്ട് വർഷം കഴിഞ്ഞാണ് പലരും ‘ഉമ്മൻചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സ്’ പറഞ്ഞ് രംഗത്തുവന്നത്. അന്ന് പ്രതിച്ഛായാ ഭയം കാരണം പലരും ഒളിച്ചോടി. സോളാർ കേസ് കെട്ടടങ്ങിയപ്പോൾ കുടുംബത്തെ സംരക്ഷിച്ചതിന് തന്റെ വീട്ടിൽ വന്ന് ഓണക്കോടി നൽകിയ നേതാവ് പോലും ഇപ്പോൾ ആക്രമണം ആസ്വദിക്കുകയാണെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.
ഉമ്മൻചാണ്ടി അവസാന നാളുകളിൽ സംസാരശേഷി നഷ്ടപ്പെട്ട് ബാംഗ്ലൂരിൽ കിടക്കുമ്പോൾ, കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രസിഡന്റായി കഴക്കൂട്ടത്തുള്ള അഖിലിന്റെ പേര് എഴുതി കുറിപ്പടി നൽകിയിരുന്നു. ആ കടലാസ് വലിച്ചുകീറി ചവറ്റുകൊട്ടയിൽ എറിഞ്ഞിട്ടാണ് അടൂർക്കാരനെ വെച്ചതെന്നും ഉണ്ണിത്താൻ ആരോപിച്ചു.
സൈബർ ആക്രമണം തുടർന്നാൽ തന്റെ കൈവശമുള്ള ഡയറിയിലെ വിവരങ്ങൾ പുറത്തുവിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരിച്ചടിച്ചാൽ രണ്ട് കാര്യങ്ങൾ പുറത്തുവിടുമെന്നും സൂചന നൽകി: ഒന്ന്—എറണാകുളത്തെ പനമ്പള്ളി നഗറിലെ ഫ്ലാറ്റുമായി ബന്ധപ്പെട്ട് മരിച്ചുപോയ ഒരു പ്രമുഖ നേതാവ് ഒരാളുടെ കാല് പിടിച്ച് കേണപേക്ഷിച്ച സംഭവം; രണ്ട്—‘2020’ എന്നത് ക്രിക്കറ്റല്ല, ഒരു വാഹനത്തിന്റെ നമ്പറാണെന്ന സൂചന. 68 വയസ്സുള്ള, പാർട്ടിയിൽ ഏറ്റവും സീനിയറായ തന്നോട് ആരും ഐക്യദാർഢ്യം പ്രഖ്യാപിച്ചില്ലെങ്കിലും താൻ പിന്നോട്ട് പോകില്ലെന്നും, മുന്നിലെ മുള്ളുകൾ ചവിട്ടിമെതിച്ച് മുന്നോട്ട് പോകുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. കോൺഗ്രസിലെ ഗ്രൂപ്പ് പോര് കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനകളാണ് ഈ പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്.
