‘ഇവിഎം തിരിമറി വാഗ്ദാനവുമായി എത്തിയ ഏജൻസിയെ ലീഗിലായിരുന്നപ്പോൾ കുന്നത്ത് മുഹമ്മദ് നേതൃത്വവുമായി ബന്ധിപ്പിച്ചു’: വെളിപ്പെടുത്തലുമായി കെ.ടി. ജലീൽ

മലപ്പുറം: കഴിഞ്ഞ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്തോ ചില നിഗൂഢതകള്‍ കേരളത്തില്‍ പൊതുവെയും മലപ്പുറം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന ആരോപണവുമായി സിപിഎം നേതാവ് കെ.ടി ജലീല്‍. ഈ നിഗൂഢതയില്‍ മുസ്‌ലിം ലീഗിന് വലിയ പങ്കുണ്ടെന്നും കെ.ടി ജലീല്‍ ആരോപിച്ചു. ഇവിഎം തിരിമറി വാഗ്ദാനവുമായി എത്തിയ ഏജൻസിയെ ലീഗിലായിരുന്നപ്പോൾ കുന്നത്ത് മുഹമ്മദ് നേതൃത്വവുമായി ബന്ധിപ്പിച്ചെന്ന കാര്യവും ജലീല്‍ വെളിപ്പെടുത്തി.
മങ്കടയില്‍ മത്സരിച്ച ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന കുന്നത്ത് മുഹമ്മദ് ലീഗിലായിരുന്നപ്പോള്‍ എന്നോട് പറഞ്ഞത്, 2021ലെ സംസ്ഥാന നിയമസഭാ- തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഇവിഎമ്മില്‍ കൃത്രിമം കാണിക്കാം എന്ന് പറഞ്ഞ് ഒരു ഏജന്‍സി വന്നിരുന്നുവെന്നും അതിന് ഇത്ര ലക്ഷം വേണമെന്നും പറഞ്ഞു. എന്നിട്ട് കുന്നത്ത് മുഹമ്മദാണ് ആ ആളുകളെയും കൂട്ടി മുസ്‌ലിം ലീഗിന്റെ വളരെ പ്രധാനപ്പെട്ട നേതാക്കന്മാരുടെ അടുത്തുകൊണ്ടുപോയി അവരെ പരിചയപ്പെടുത്തുന്നത്. പിന്നെ എന്നെ ആ ഭാഗത്തേക്ക് അടുപ്പിച്ചില്ലെന്നാണ് കുന്നത്ത് മുഹമ്മദ് പറഞ്ഞതെന്നും കച്ചവടം മുഴുവനും ആ ഏജന്‍സിയും ലീഗ് നേതൃത്വവും തമ്മിലായെന്നും കെ.ടി ജലീല്‍ ആരോപിക്കുന്നു.
”ഇങ്ങനെയൊക്കെ സംഭവിക്കാമെങ്കില്‍ എന്ത് കൊണ്ട് അത് കേരളത്തിലും നടന്നുകൂടാ? ആണ് എന്നല്ല ഞാന്‍ പറയുന്നത്, വളരെ സാധ്യത ഈ മലപ്പുറം റിസള്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെ എനിക്ക് പറയാന്‍ പറ്റും. ഇവിടെ ഒരുപാട് ലീഗ് വിരുദ്ധരുണ്ട്. അവരൊന്നും സിപിഎമ്മല്ല. ആ വിയോജിപ്പുള്ള ആളുകളുടെ വോട്ടുകളൊന്നും കാണുന്നില്ല. അവരൊക്കെ ലീഗിന് വോട്ട് ചെയ്തുവെന്നാണ് നമ്മള്‍ അനുമാനിക്കേണ്ടത്. അത് ഒരിക്കലും സംഭവിക്കൂല, മരിച്ചാലും അവര് ലീഗിന് വോട്ട് ചെയ്യൂല. എന്നാല്‍ മുസ്ലിം ഏകീകരണ വോട്ട് എന്നും പറഞ്ഞാണ് ഇത് ന്യായീകരിക്കപ്പെടുന്നത്”- കെ.ടി ജലീല്‍ പറഞ്ഞു.
ന്യൂസ് കേരള മീഡിയ ഹൗസ് എന്ന ഓണ്‍ലൈന് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കെ.ടി ജലീലിന്റെ ആരോപണം.
