ഷാൻ വധം: മൂന്നാംസാക്ഷിയും പ്രതികളെ തിരിച്ചറിഞ്ഞു; ശ്രീധരൻ പിള്ളക്ക് സാക്ഷിവിസ്താരത്തിന് സമയംകിട്ടിയില്ല

ആലപ്പുഴ: എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാൻ വധക്കേസിൽ പ്രതികളെയും കൊലപെടുത്താൻ ഉപയോഗിച്ച ആധുധങ്ങളും മൂന്നാംസാക്ഷി തിരിച്ചറിഞ്ഞു. മണ്ണഞ്ചേരി പൊന്നാട് സ്വദേശി അബ്ദുൽ ജബ്ബാറാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
മൂന്നാംസാക്ഷിയുടെ വിസ്താരം വെള്ളിയാഴ്ചയും തുടരും. ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതിയിൽ നടന്ന പ്രോസിക്യൂഷൻ വിസ്താരത്തിനിടെയാണ് വീടിന്റെ മുൻവശത്തെ റോഡിൽ നടന്ന സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെയും ആയുധങ്ങളും തിരിച്ചറിഞ്ഞത്.
വ്യാഴാഴ്ച രാവിലെ 11 മുതൽ നടപടിക്രമം തുടങ്ങിയെങ്കിലും പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പി. ഹാരിസിന്റെയും ഒന്നാംപ്രതിയുടെ അഭിഭാഷകൻ ബി. രാമൻ പിള്ളയുടെയും വിസ്താരം മാത്രമാണ് പൂർത്തിയായത്. രണ്ടാംപ്രതിക്കായി ഹാജരായ അഭിഭാഷകൻ ശ്രീധരൻ പിള്ളയുടെ വിസ്താരത്തിന് സമയംകിട്ടിയില്ല. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ചയും മൂന്നാംസാക്ഷിയുടെ വിസ്താരം തുടരാൻ അനുമതി നൽകിയത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാൻ 2021 ഡിസംബർ 18ന് രാത്രിയാണ് കൊല്ലപ്പെട്ടത്.
